ദില്ലി: ലോക്ക്ഡൗണിന് ശേഷം രാജ്യത്തെ വിമാനത്താവളങ്ങളിൽ 30 ശതമാനം വിമാനങ്ങൾ സർവീസ് നടത്തുമെന്ന് സൂചന. സാമൂഹിക അകലം വിമാനത്തിന് അകത്തും പുറത്തും പാലിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

മാർച്ച് 23 മുതലാണ് രാജ്യത്ത് വിമാന സർവീസുകൾ റദ്ദാക്കിയത്. ലോക്ക് ഡൗൺ അവസാനിക്കുന്നതായുള്ള കേന്ദ്ര പ്രഖ്യാപനം വരുന്ന മുറയ്ക്ക് നിയന്ത്രിതമായ ആഭ്യന്തര- അന്താരാഷ്ട്ര വിമാന സർവീസുകൾ മാത്രമേ നടത്താവൂ എന്നാണ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉത്തരവ്.

ലോക്ക്ഡൗണിന് മുൻപ് ഇന്ത്യക്ക് അകത്തും പുറത്തുമായി 7,800 വിമാന സർവീസുകളാണ് പ്രതിദിനം നടത്തിയിരുന്നത്. ഇതിൽ പാതിയും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ വിമാനത്താവളങ്ങളിലേക്കായിരുന്നു.

കഴിഞ്ഞ വർഷം 349 ദശലക്ഷം യാത്രക്കാരാണ് ഇന്ത്യയിലെ വിമാനത്താവളങ്ങളിലൂടെ യാത്ര നടത്തിയത്. കൊവിഡിനെ തുടർന്ന് ഏഷ്യയിലെ എയർപോർട്ടുകളിലെ യാത്രക്കാരുടെ എണ്ണത്തിൽ 40 ശതമാനത്തിന്റെ ഇടിവുണ്ടാകുമെന്നാണ് എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ റിപ്പോർട്ടുണ്ട്.