ദില്ലി: സ്വവര്‍ഗരതി കേസിൽ നിന്ന് അറ്റോര്‍ണി ജനറൽ കെ.കെ.വേണുഗോപാൽ പിന്മാറി. കേസിലെ കേന്ദ്ര നിലപാടിനോട് യോജിപ്പില്ലാത്തതാണ് പിന്മാറ്റത്തിന് കാരണമെന്നാണ് സൂചന. കേന്ദ്ര സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറൽ തുഷാര്‍ മേത്ത ഹാജരാകും.

സ്വവര്‍ഗ്ഗരതി ക്രമിനൽ കുറ്റമാക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ 377 –ാം വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളിൽ കേന്ദ്രം അനുകൂല നിലപാടെടുക്കും എന്ന സൂചനയാണ് നേരത്തെ അറ്റോര്‍ണി ജനറൽ കെ.കെ.വേണുഗോപാൽ കോടതിയിൽ സ്വീകരിച്ചത്. എന്നാൽ അതല്ല കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാടെന്ന സൂചനയാണ് അറ്റോര്‍ണി ജനറൽ കെ.കെ.വേണുഗോപാലിന്‍റെ പിന്മാറ്റം നൽകുന്നത്.

377 -ാം വകുപ്പിന്‍റെ കാര്യത്തിൽ തന്‍റെ അഭിപ്രായമല്ല കേന്ദ്രത്തിന്‍റേതെന്ന് അറ്റോര്‍ണി ജനറൽ അറിയിക്കുകയും ചെയ്തു. ഇതോടെ 377 –ാം വകുപ്പ് റദ്ദാക്കണമെന്ന വാദത്തെ കേന്ദ്ര ശക്തമായി എതിര്‍ക്കും എന്നത് വ്യക്തമായി. അറ്റോര്‍ണി ജനറൽ പിന്മാറിയ സാഹചര്യത്തിൽ സോളിസിറ്റര്‍ ജനറൽ തുഷാര്‍മേത്തയാകും ഇനി കേന്ദ്രത്തിന് വേണ്ടി ഹാജരാവുക. 377 –ാം വകുപ്പ് എടുത്തുകളയേണ്ടതാണെന്ന ശുപാര്‍ശ നിയമകമ്മീഷൻ തന്നെ നേരത്തെ മുന്നോട്ടുവെച്ചിരുന്നു.

കേസിൽ വാദം കേൾക്കുന്നതിനിടെ അതിനെ അനുകൂലിച്ചുള്ള പരാമര്‍ശങ്ങളാണ് ജഡ്ജിമാരും നടത്തിയത്. ഏത് പങ്കാളിയെ തെരഞ്ഞെടുക്കണം എന്നത് ഒരാളുടെ മൗലിക അവകാശമാണെന്നായിരുന്നു കോടതിയുടെ പരാമര്‍ശം. കേസിൽ വാദം കേൾക്കൽ തുടരുകയാണ്.