തിരുവനന്തപുരം: അങ്കണവാടി ടീച്ചര്‍മാര്‍ക്കെതിരായ വിവാദ പരാമര്‍ശത്തിൽ നടന്‍ ശ്രീനിവാസനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു.  പരാമര്‍ശങ്ങള്‍ സാംസ്‍കാരിക കേരളത്തിന് യോജിക്കാത്തതെന്ന് കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍ പറഞ്ഞു. കൂടാതെ ശ്രീനിവാസന്‍ പരാമര്‍ശം പിന്‍വലിക്കണമെന്നും ഷാഹിദാ കമാല്‍ ആവശ്യപ്പെട്ടു. ഉത്തരവാദിത്തോട് കൂടി ശ്രീനിവാസന്‍ അഭിപ്രായങ്ങള്‍ പറയണമെന്നും വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു. ശ്രീനിവാസന് എതിരെ അങ്കണവാടി ടീച്ചര്‍മാര്‍ നല്‍കിയ പരാതിയിലാണ് കേസ്. 

ജപ്പാനില്‍ സൈക്കോളജിയും സൈക്യാട്രിയും കഴിഞ്ഞ അധ്യാപകരാണ് പ്ലേ സ്കൂളിലും കിന്‍റര്‍ ഗാര്‍ഡനിലും പഠിപ്പിക്കുന്നത്. എന്നാല്‍ ഇവിടെ വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവരാണ് കുട്ടികളെ പഠിപ്പിക്കുന്നത്, അപ്പോള്‍ അവരുടെ നിലവാരം മാത്രമേ കുട്ടികള്‍ക്ക് ഉണ്ടാവു എന്നായിരുന്നു ശ്രീനിവാസന്‍റെ പ്രസ്‍താവന. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അങ്കണവാടി ടീച്ചര്‍മാര്‍ക്കെതിരെ ശ്രീനിവാസന്‍ മോശം പരാമര്‍ശം നടത്തിയത്.