ദില്ലി:കണ്ണൂര്‍ മെഡിക്കൽ കോളേജിലെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷണം വരുന്നു. സിബിഐ അന്വേഷണത്തിന് ഉത്തരവിടുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അതിന് മുമ്പ് കുട്ടികൾ നൽകിയ ഫീസിന്‍റെ വിവരങ്ങൾ അടങ്ങിയ രേഖകൾ സമര്‍പ്പിക്കാൻ പ്രവേശന മേൽനോട്ട സമിതിയോട് കോടതി ആവശ്യപ്പെട്ടു.

മെഡിക്കൽ പ്രവേശനത്തിനായി കണ്ണൂര്‍ മെഡിക്കൽ കോളേജ് വൻ തുക തലവരിപ്പണം വാങ്ങിയിട്ടുണ്ട്. ഇത് സാമ്പത്തിക ക്രമക്കേട് തന്നെയാണെന്നും സിബിഐ അന്വേഷണം വേണ്ടിവരുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. അന്വേഷണത്തിന് ഉറപ്പായും ഉത്തരവിടുമെന്ന് പറഞ്ഞ കോടതി അതിന് മുമ്പ് കുട്ടികൾ നൽകിയ ഫീസിന്‍റെ വിവരങ്ങൾ അടങ്ങിയ രേഖകൾ സമര്‍പ്പിക്കാൻ പ്രവേശന മേൽനോട്ട സമിതിയോട് ആവശ്യപ്പെട്ടു. 

കുട്ടികൾ ബാങ്ക് വഴി നൽകിയ ഫീസിന്‍റെ ഇരട്ടി തിരിച്ചുനൽകിയെന്ന് കണ്ണൂര്‍ മെഡിക്കൽ കോളേജ് അറിയിച്ചു. എന്നാൽ കുട്ടികളിൽ നിന്ന് വാങ്ങിയ മുഴുവൻ തുകയുടെ ഇരട്ടിയാണ് നൽകേണ്ടതെന്ന് കോടതി ആവര്‍ത്തിച്ചു. രേഖകൾ പരിശോധിച്ച് അന്വേഷണത്തിന് ഉത്തരവിടുമെന്ന് അറിയിച്ച കോടതി കേസ് അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റിവെച്ചു. ഇതൊടൊപ്പം ഡി.എം.വയനാട്, തൊടുപുഴ അൽ അസര്‍, പാലക്കാട് പി.കെ.ദാസ്, വര്‍ക്കല എസ്.ആര്‍ മെഡിക്കൽ കോളേജുകളിലെ പ്രവേശനക്കാര്യത്തിൽ തീരുമാനമെടുക്കുന്നതും സുപ്രീംകോടതി അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റിവെച്ചു. ഈ കോളേജുകൾക്ക് മെഡിക്കൽ പ്രവേശനത്തിനുള്ള സ്റ്റേ തുടരും.