ലാഹോര്‍: പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട മുന്‍ ക്രിക്കറ്റര്‍ ഇമ്രാന്‍ ഖാന് അഭിനന്ദന സന്ദേശവുമായി ക്രിക്കറ്റ് ലോകം. പാക്കിസ്ഥാന്‍ ടീമിന്‍റെ ഭാഗമായിരുന്നവരും ഇന്ത്യന്‍ താരങ്ങളുമെല്ലാം ആശംസകളുമായി രംഗത്തെത്തി. ഭരണകക്ഷിയായ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്‍റെ പാര്‍ട്ടിയെക്കാള്‍ സീറ്റ് നേടാന്‍ ഇമ്രാന്‍ ഖാന്‍റെ പാര്‍ട്ടിയായ പിടിഐയ്ക്ക് സാധിച്ചിരുന്നു.

എന്നാല്‍, കേവല ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍  സഖ്യ സര്‍ക്കാര്‍ രൂപീകരിച്ചാണ് ഇമ്രാന്‍ അധികാരത്തിലേറുന്നത്. ഞങ്ങളുടെ രാജ്യത്തിന്‍റെ പുതിയ പ്രധാനമന്ത്രിക്ക് അഭിനന്ദനങ്ങള്‍ എന്നാണ് പാക്കിസ്ഥാന്‍റെ വിഖ്യാത ബൗളര്‍ വസീം അക്രം ട്വീറ്റ് ചെയ്തത്. ഇമ്രാന്‍റെ നേതൃത്വത്തില്‍ പാക്കിസ്ഥാന് വീണ്ടും ജനാധിപത്യ രാജ്യമാകാന്‍ സാധിക്കുമെന്നും വസീം കുറിച്ചു.

മറ്റൊരു ഇതിഹാസ ബൗളറായ വഖാര്‍ യൂനിസും മുന്‍ നായകന്‍റെ പുതിയ പദവിയില്‍ ആശംസകള്‍ നേര്‍ന്നു. ഇത്രയും മികച്ച ഒരു നേതാവിനെ ലഭിക്കുന്നത് അഭിമാനകരമെന്നാണ് വഖാര്‍ ട്വീറ്റ് ചെയ്തത്. പാക്കിസ്ഥാന്‍ താരമായിരുന്ന റമീം രാജയും അഭിനന്ദനം അര്‍പ്പിച്ചു. ഇന്ത്യയില്‍ നിന്നും മുന്‍ ക്രിക്കറ്റ് താരങ്ങള്‍ ഇമ്രാന്‍ ഖാന് ആശംസകള്‍ എത്തി. എന്‍റെ ക്രിക്കറ്റ് ഹീറോയ്ക്ക് അഭിനന്ദനങ്ങളും ആശംസകളുമെന്നാണ് സഞ്ജയ് മഞ്ജരേക്കര്‍  പറഞ്ഞത്. ഒരു ക്രിക്കറ്റര്‍ പ്രധാനമന്ത്രിയാകുന്നത് ഏറെ നല്ലതാണെന്ന് കപില്‍ ദേവും പറഞ്ഞു.