Asianet News MalayalamAsianet News Malayalam

വിത്ത് വിൽക്കാനല്ല, തലമുറകൾക്ക് കൈമാറുന്നള്ള നന്മ: ചെറുവയൽ രാമൻ

. വിത്തുകള്‍ പ്രകൃതിയുടെ വരദാനമാണെന്നും പരമ്പരാഗത വിത്ത് ഇനങ്ങള്‍ ഉള്‍പ്പടെ അറുപതോളം നെല്‍വിത്തിനങ്ങള്‍ സംരക്ഷിച്ച് വരുന്ന ആദിവാസി കര്‍ഷകനായ ചെറുവയല്‍ രാമന്‍ കൂട്ടിച്ചേര്‍ത്തു. 

Cheruvayal Raman says seeds not for sale but to pass it on to generations
Author
First Published May 10, 2024, 5:02 PM IST


കൊച്ചി:  വിത്തുകള്‍ വില്‍ക്കാനുള്ളതല്ലെന്നും അവ അടുത്ത തലമുറയ്ക്ക് കൈമാറാനുള്ള നന്മയാണെന്നും പദ്മശ്രീ ജോതാവ് ചെറുവയല്‍ രാമന്‍. 16-ാമത് അഗ്രികൾച്ചറൽ സയൻസ് കോൺഗ്രസിൽ നടന്ന കർഷക സംഗമത്തിൽ അനുഭവം പങ്കുവെക്കുകയായിരുന്നു അദ്ദേഹം. വിത്തുകള്‍ പ്രകൃതിയുടെ വരദാനമാണെന്നും പരമ്പരാഗത വിത്ത് ഇനങ്ങള്‍ ഉള്‍പ്പടെ അറുപതോളം നെല്‍വിത്തിനങ്ങള്‍ സംരക്ഷിക്കുന്ന ആദിവാസി കര്‍ഷകനായ ചെറുവയല്‍ രാമന്‍ കൂട്ടിച്ചേര്‍ത്തു. താന്‍ സംരക്ഷിക്കുന്ന നെല്‍വിത്തുകള്‍ പുതിയ തലമുറയ്ക്ക് സൌജന്യമായാണ് നല്‍കുന്നതെന്നും എന്നാല്‍ പുതുതലമുറയ്ക്ക് പ്രകൃതിക്കിണങ്ങുന്ന കൃഷിരീതികളും ജൈവവൈവിധ്യങ്ങളും സംരക്ഷിക്കാൻ താത്പര്യമുണ്ടാകുമോ എന്ന കാര്യത്തില്‍ തനിക്ക് ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പദ്മ പുരസ്കാര ജേതാക്കളായ ഉത്തർപ്രദേശിൽ നിന്നുള്ള സേത്പാൽ സിംഗ്, ചന്ദ്രശേഖർ സിംഗ്, ഒഡീഷയിൽ നിന്നുള്ള കുമാരി സബർമതി, ബട്ട കൃഷ്ണ സാഹു എന്നിവരും അഗ്രികൾച്ചറൽ സയൻസ് കോൺഗ്രസിൽ തങ്ങളുടെ കാര്‍ഷികാനുഭവങ്ങളും നിർദേശങ്ങളും പങ്കുവെച്ചു.  കാർഷിക മേഖലയിൽ സ്ത്രീ സൗഹദമായ യന്ത്രങ്ങളും ഉപകരണങ്ങളും വികസിപ്പിക്കണമെന്ന് കുമാരി സബർമതി ആവശ്യപ്പെട്ടു. ഒപ്പം വിളകൾക്ക് പോഷകമൂല്യം കൂട്ടുന്നതിനുള്ള ശ്രമങ്ങൾ വേണമെന്നും കർഷകരെയും പരിസ്ഥിതിയെയും പരിഗണിച്ചുള്ള ഗവേഷണ പഠനങ്ങൾക്ക് കാർഷിക ശാസ്ത്രജഞർ മുൻകയ്യെടുക്കണമെന്നും നിര്‍ദ്ദേശിച്ച അവര്‍ ഗവേഷണങ്ങൾക്ക് മാനുഷിക മുഖം ആവശ്യമാണെന്നും കർഷകരുടെ നഷ്ടങ്ങളും പ്രതിസന്ധികളും പരിഹരിക്കേണ്ടത് ഉത്തരവാദിത്തമായി കരുതണമെന്നും ശാസ്ത്രജ്ഞരോട് ആവശ്യപ്പെട്ടു. സമ്മേളനത്തില്‍ പദ്മ ജേതാക്കളായ കര്‍ഷകരെ ആദരിച്ചു. 

കേരളത്തിനു പുറമെ, ഉത്തർപ്രദേശ്, ഗുജറാത്ത്, ചത്തീസ്ഗഢ്, മഹാരാഷ്ട്ര, ഒഡീഷ, മധ്യപ്രദേശ്, ത്രിപുര, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ, മേഘാലയ,മിസോറാം, നാഗാലാന്‍റ്, ഗോവ, കർണാടക, തമിഴ്നാട്, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ള ഇരുന്നൂറോളം കർഷകർ ശാസ്ത്രജ്ഞരുമായി സംവദിച്ചു. സമ്മേളനത്തിലുടനീളം ഉൽപന്നങ്ങൾക്ക് മതിയായ വിലയും വിപണിയും ഉറപ്പുവരുത്തണമെന്ന് കർഷകർ ആവശ്യപ്പെട്ടു. വന്‍കിട കര്‍ഷകരെ മാത്രമല്ല.  ചെറുകിട ഇടത്തരം കർഷകരുടെ പ്രശ്നങ്ങൾകൂടി പരിഗണിച്ചുള്ള കാർഷിക വികസന നയമാണ് വേണ്ടതെന്നും കർഷകർക്ക് വായ്പകൾ പെട്ടെന്ന് ലഭ്യമാക്കാൻ സൗകര്യമൊരുക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.  

'നമ്മുടെയെല്ലാം കുട്ടിക്കാലം എന്ത് മാത്രം കള്ളങ്ങള്‍ നിറഞ്ഞതാണ്'; വീഡിയോ പങ്കുവച്ച് ഐഎഫ്എസ് ഓഫീസർ

നെല്ലിനങ്ങളുടെ പ്രാദേശിക വകഭേദങ്ങൾ വികസിപ്പിക്കുക. കൃഷിക്കാവശ്യമായ ചെറുകിട യന്ത്രങ്ങൾ കർഷകർക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികൾ ലഘൂകരിക്കുക. കർഷക ഉൽപാദന സംഘങ്ങൾക്ക് പലിശ രഹിത വായപ് നൽകുക. കർഷകരുടെ ഉൽപന്നങ്ങൾ പൊതുവിതരണ സംവിധാനത്തിലൂടെ ജനങ്ങളിലെത്തിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും കര്‍ഷകര്‍ മുന്നോട്ട് വച്ചു. കേരളത്തിനു പുറമെ, ഉത്തർപ്രദേശ്, ഗുജറാത്ത്, ചത്തീസ്ഗഢ്, മഹാരാഷ്ട്ര, ഒഡീഷ, മധ്യപ്രദേശ്, ത്രിപുര, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ, മേഘാലയ,മിസോറാം, നാഗാലാന്‍റ്, ഗോവ, കർണാടക, തമിഴ്നാട്, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ള കർഷകർ സംഗമത്തിൽ പങ്കെടുത്തു. റാണി ലക്ഷ്മിഭായി കേന്ദ്രകാർഷിക സർവകലാശാല വൈസ്ചാൻലസലർ ഡോ എ കെ സിങ്, തമിഴ്നാട് കാർഷിക സർവകലാശാല വൈസ്ചാൻസലർ ഡോ വി ഗീതലക്ഷ്മി എന്നിവർ സംവാദം നിയന്ത്രിച്ചു. നാഷണൽ അക്കാദമിക ഓഫ് അഗ്രികൾച്ചറൽ സയൻസസ് (നാസ്) സംഘടിപ്പിക്കുന്ന കോൺഗ്രസ് സിഎംഎഫ്ആർഐയാണ് ആതിഥ്യം വഹിച്ചത്. 


 

Latest Videos
Follow Us:
Download App:
  • android
  • ios