പടുവിലായി മോഹനന്‍ വധക്കേസില്‍ ചോദ്യം ചെയ്യുന്നതിനിടെയാണ് എന്‍.ഡി.എഫ് പ്രവര്‍ത്തകന്‍ ഫസലിനെ  വധിച്ച ക്കേസിലെ പങ്ക് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കുപ്പി സുബീഷ് എന്ന സുബീഷ് വെളിപ്പെടുത്തിയത്.  ഫസല്‍ വധക്കേസില്‍ സി.പി.എമ്മിന് പങ്കില്ലെന്ന വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെ സുബീഷിനെ പൊലീസ് മര്‍ദിച്ച് കുറ്റം സമ്മതിപ്പിച്ചതാണെന്നാരോപിച്ച് ബി.ജെ.പി രംഗത്തെത്തി. ദേശീയ മനുഷ്യാവകാശ കമ്മിഷനും സി.ബി.ഐക്കും പരാതിയും നല്‍കി.  

ഇതിന് പിന്നാലെയാണ് അന്വേഷണ ഉദ്യോഗസ്ഥരായ ഡി.വൈ.എസ്‌.പി സദാനന്ദനും പ്രിന്‍സ് ഏബ്രഹാമിനുമെതിരെ സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകളില്‍ വധഭീഷണി പ്രചരിക്കുന്നത്.  സുബീഷ് അവശത പ്രകടിപ്പിച്ച് കോടതിക്ക് പുറത്ത് വരുന്ന വീഡിയോയും ചേര്‍ത്താണ് പ്രചാരണം. രൂക്ഷമായ ഭാഷയിലാണ് പോസ്റ്റുകള്‍. യുവമോര്‍ച്ചയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി ലസിതാ പാലക്കല്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് കേസ്.  അമ്പാടിമുക്ക് കണ്ണൂര്‍ എന്ന പേരുള്ളടതടക്കം 20 ഫേസ്ബുക്ക് ഐ.ഡികള്‍ നിരീക്ഷിച്ചാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.  

അതേസമയം കുറ്റസമ്മത മൊഴിയുടെ പശ്ചാത്തലത്തില്‍ സി.പി.എമ്മിനും ബി.ജെ.പിക്കും പോപ്പുലര്‍ ഫ്രണ്ടിനുമിടയില്‍ രാഷ്‌ട്രീയ നീക്കങ്ങളും ശക്തമായി.  കുറ്റസമ്മത മൊഴി സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ നിര്‍ബന്ധ പ്രകാരമായിരുന്നുവെന്ന് പറയാനാവശ്യപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ സുബീഷിനെ ജയിലിലെത്തി കണ്ടതായാണ് സി.പി.എം ആരോപിക്കുന്നത്.  നേതാക്കള്‍ കാണാനെത്തിയതായി സുബീഷ് പറഞ്ഞത് പൊലീസും സ്ഥിരീകരിക്കുന്നുണ്ട്. കുറ്റസമ്മത മൊഴിയുടെ പശ്ചാത്തലത്തില്‍ കേസില്‍ വര്‍ഷങ്ങളായി അകപ്പെട്ടു കഴിയുന്ന കാരായിമാരെ ഇറക്കാന്‍ സി.പി.എമ്മും, സി.ബി.ഐ അന്വേഷിക്കുന്ന കേസ് തങ്ങള്‍ക്കെതിരെ തിരിയാതിരിക്കാന്‍ ആര്‍.എസ്.എസും, ഫസല്‍ കൊല്ലപ്പെട്ട അന്നുമുതല്‍ സി.പി.എമ്മിനെതിരെ ഉന്നയിച്ച കാര്യങ്ങള്‍ ശരിയാണെന്ന് സ്ഥാപിക്കാന്‍ പോപ്പുലര്‍ ഫ്രണ്ടും കിണഞ്ഞു ശ്രമിക്കുമ്പോള്‍ ഫസല്‍ വധക്കേസിന്റെ രാഷ്‌ട്രീയം വീണ്ടും ചൂടു പിടിക്കുകയാണ്.