ദില്ലി: അസാധുവാക്കിയ 500 രൂപ നോട്ട് അവശ്യസേവനങ്ങള്‍ക്ക് ഡിസംബര്‍ 10 വരെ മാത്രമേ ഉപയോഗിക്കാവൂ എന്ന് ധനകാര്യ മന്ത്രാലയം. സര്‍ക്കാര്‍, മെഡിക്കല്‍ സേവനങ്ങള്‍ക്കും തീവണ്ടി ടിക്കറ്റുകള്‍ക്കും പഴയ 500 രൂപ നോട്ട് ഉപയോഗിക്കാമെന്ന ഇളവാണ് പിന്‍വലിക്കുന്നത്. 1000 രൂപ നേരത്തെ തന്നെ പൂര്‍ണമായും പിന്‍വലിച്ചെങ്കിലും 500 രൂപ ഡിസംബര്‍ 15 വരെ അവശ്യസേവനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നു. ഈ അനുമതിയാണ് ഇപ്പോള്‍ പിന്‍വലിക്കുന്നത്.

നവംബര്‍ എട്ടിനാണ് 500, 1000 രൂപയുടെ നോട്ടുകള്‍ രാജ്യത്ത് പിന്‍വലിക്കുന്നത്. തുടര്‍ന്ന് 2000 രൂപയുടെയും പിന്നീട് അഞ്ഞൂറ് രൂപയുടെയും പുതിയ നോട്ടുകള്‍ ഇറക്കിയിരുന്നു. ഇപ്പോള്‍ 100, 50, 20 രൂപയുടെ പുതിയ നോട്ടുകളും ഇറക്കുന്നുണ്ട്.