Asianet News MalayalamAsianet News Malayalam

കേരളത്തില്‍ നിന്നും ഗള്‍ഫിലേക്ക് വരുന്നവരെ കുടുക്കുന്ന 'മയക്കുമരുന്ന് കെണി'

Drug trap for Pravasi malayalis
Author
Doha, First Published Apr 19, 2016, 5:04 AM IST

വഖ്രയില്‍ ഗ്രോസറി നടത്തുന്ന അബ്ദുല്‍ സലാം എന്ന ആളുടെ കയ്യിലാണ് അതെ കടയിലെ  ജീവനക്കാരനു കൈമാറാനായി വസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവും ഹഷീഷും ഉള്‍പെടെയുള്ള മയക്കുമരുന്നുകള്‍ കൊടുത്തയച്ചത്. കടയിലെ ജീവനക്കാരന്റെ സുഹൃത്താണ് കരിപ്പൂര്‍ വിമാനത്താവളത്തിലേക്കുള്ള വഴി മദ്ധ്യേ രാമനാട്ടുകരയില്‍ വെച്ചു പൊതി കൈമാറിയത്.തന്റെ കീഴില്‍ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശി അനീസിന് കൊടുക്കാനുള്ള പലഹാരങ്ങളും വസ്ത്രങ്ങളുമായത് കൊണ്ട് ഇദ്ദേഹം പൊതി സ്വീകരിക്കുകയായിരുന്നു. 

എന്നാല്‍ കൂടെയുള്ളവരുടെ നിര്‍ബന്ധത്തിനു വഴങ്ങി  വിമാനത്താവളത്തില്‍ എത്തുന്നതിനു തൊട്ടു മുമ്പ് പൊതി അഴിച്ചു നോക്കിയപ്പോഴാണ് ജീന്‍സിന്റെ പോക്കറ്റില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് പൊതി കണ്ടെത്തിയത്.

വിമാനത്താവളത്തില്‍ എത്തുന്നതിനു മുമ്പ് പൊതി അഴിച്ചു നോക്കിയിരുന്നില്ലെങ്കില്‍ സംഭവിക്കുമായിരുന്ന ദുരന്തത്തെയോര്‍ത്ത് നടുങ്ങുകയാണ് ഇപ്പോഴും ഇദ്ദേഹം.  പൊതിയിലുണ്ടായിരുന്ന ഹല്‍വയില്‍ ഹഷീഷ് ഒളിപ്പിച്ചിരുന്നതായും പിന്നീട് വിവരം ലഭിച്ചിട്ടുണ്ട്. 

അനീസിനെ കാണാന്‍ നിരവധി പേര്‍ പതിവായി കടയില്‍ വരാറുണ്ടെന്നും അബ്ദുല്‍ സലാമും മറ്റ് ജീവനക്കാരും എഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇയാളെ വിസ റദ്ദു ചെയ്തു നാട്ടിലെക്കയക്കുമെന്നു സ്ഥാപന ഉടമകള്‍ അറിയിച്ചിട്ടുണ്ട്. മയക്കുമരുന്ന് കേസില്‍ ദോഹ ഉള്‍പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ പിടിയിലാകുന്നവര്‍ക്ക് വര്‍ഷങ്ങള്‍ നീണ്ട ജയില്‍ ശിക്ഷയാണ് ലഭിക്കുക. 

അടുത്ത ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ കൈമാറാന്‍ അപരിചിതര്‍ തന്നയക്കുന്ന  പൊതികളും ഉപഹാരങ്ങളും സ്വീകരിക്കതിരിക്കുക മാത്രമാണ് ഇത്തരം അപകടങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള ഏക മാര്‍ഗം.

Follow Us:
Download App:
  • android
  • ios