അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ശേഷം രാജ്യം പൊതു തെരഞ്ഞെടുപ്പിലേക്ക് കടക്കാന്‍ ഒരുങ്ങുമ്പോള്‍ നടക്കുന്ന ഈ കര്‍ഷക പ്രക്ഷോഭം സര്‍ക്കാരിന് കണ്ടില്ലെന്ന് നടിക്കാനാവില്ല. 2014ല്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ഓരോന്നും എണ്ണിയെണ്ണി ചോദിച്ചാണ് കര്‍ഷകര്‍ എത്തുന്നത്

ദില്ലി: അന്നം തരുന്നവരാണ്... അവരെ നാം മറക്കരുത്... പറഞ്ഞ് പഴകിയ ഈ വാചകങ്ങള്‍ ഇന്നും തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലും വാഗ്ദാനങ്ങളിലും ഒതുങ്ങുമ്പോള്‍ രാജ്യം ഇന്ന് മറ്റൊരു സമരപോരാട്ടത്തിന് കൂടെ സാക്ഷ്യം വഹിക്കുകയാണ്. ഒരു ലക്ഷം കര്‍ഷകര്‍ ഒരേ മനസോടെ ഒരേ ലക്ഷ്യത്തോടെ അണിനിരക്കുമ്പോള്‍ അധികാര കസേരകള്‍ കുലുങ്ങും.

മണ്ണില്‍ പണിയെടുത്ത് ജീവിക്കാനുള്ള ഒരു കര്‍ഷകന്‍റെ അവകാശം പോലും ചോദ്യം ചെയ്യപ്പെടുന്ന ദുര്‍നയങ്ങള്‍ അധികാരം കയ്യാളുന്നവര്‍ തിരുത്തണമെന്ന ആവശ്യമാണ് അവര്‍ ഉന്നയിക്കുന്നത്. അത് ഇനിയും കണ്ടില്ലെന്ന് നടിക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് ഈ പ്രതിഷേധത്തില്‍ ഉയരുന്ന തീ തന്നെ തെളിവ്.

കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, കാര്‍ഷിക വിളകള്‍ക്ക് മിനിമം വില സ്ഥിരത ഉറപ്പാക്കുക, നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള മാര്‍ച്ച് ഇന്നലെ രാംലീല മൈതാനിയില്‍ സമ്മേളിച്ച ശേഷം ഇന്ന് പാര്‍ലമെന്‍റിലേക്ക് മുദ്രാവാക്യ മുഖരിതമായി എത്തുകയാണ്.

ഉത്തര്‍പ്രദേശ്‌, തമിഴ്നാട്‌, കര്‍ണാടക, ഗുജറാത്ത്, മധ്യപ്രദേശ്‌, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, ആന്ധ്ര പ്രദേശ്, രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് മാര്‍ച്ചില്‍ അണി നിരക്കുന്നത്. കഴിഞ്ഞ 18 മാസമായി വിവിധ സംസ്ഥാനങ്ങളിൽ കിസാൻ മുക്തി മാര്‍ച്ച് എന്ന പേരില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഇതിന്‍റെ തുടര്‍ച്ചയാണ് ഈ പാര്‍ലമെന്‍റ് മാര്‍ച്ചും. 

ഈ തീ അണയില്ല

ഏത് വിഷയത്തിലെയും പ്രതിഷേധങ്ങള്‍ പോലെ ഒന്ന് ആഞ്ഞ് കത്തിയ ശേഷം അണയുന്ന തീ അല്ല കര്‍ഷകരുടെ ഈ പ്രക്ഷോഭമെന്ന് അധികാരികള്‍ ഇനിയെങ്കിലും തിരിച്ചറിയണം. മധ്യപ്രദേശിലെ മന്ദ്സൗറിൽ 2017ല്‍ കര്‍ഷക പ്രക്ഷോഭത്തിന് നേര്‍ക്കുള്ള പൊലീസ് വെടിവെയ്പ്പില്‍ പൊലിഞ്ഞ ആറ് കര്‍ഷക ജീവനുകള്‍ ഉയര്‍ത്തിപ്പിടിച്ച് തുടങ്ങിയ പ്രതിഷേധമാണ് ഇന്ന് പാര്‍ലമെന്‍റിനെ ചൂണ്ടുവിരലില്‍ നിര്‍ത്തുന്നത്.

ഗ്രാമങ്ങളില്‍ നിന്ന് നഗരങ്ങളിലേക്ക്... അവിടെ നിന്ന് മഹാ നഗരങ്ങളിലേക്ക് അലയടിച്ച ഈ പ്രതിഷേധം, ഒന്നെങ്കില്‍ നയം മാറ്റുക അല്ലെങ്കില്‍ സര്‍ക്കാരിനെ മാറ്റുമെന്ന മുദ്രാവാക്യം വീണ്ടും ഉയര്‍ത്തുകയാണ്. രാജ്യം ഒരു കാര്‍ഷിക കലാപത്തിന്‍റെ വക്കിലേക്ക് പോകുമ്പോള്‍ ഇനിയും ഈ പ്രക്ഷോഭങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ സര്‍ക്കാരിന് കഴിയില്ല. 

കര്‍ഷകരെ ഓര്‍ക്കാന്‍ സമയമില്ല

അയോധ്യയും പശു സംരക്ഷണവും പ്രതിമ നിര്‍മാണവും എന്നിങ്ങനെ വിഷയങ്ങള്‍ പലതും ഇങ്ങനെ മാറി മറിഞ്ഞു വരുമ്പോള്‍ നാടിന്‍റെ വിശപ്പ് കെടുത്തുന്ന കര്‍ഷകര്‍ക്ക് മാത്രം എന്നും ദുരിതങ്ങള്‍.

വിളകള്‍ക്ക് നല്ല വില ലഭിക്കുന്നുന്നില്ല, കടങ്ങള്‍ക്ക് മേലെ കടങ്ങളുമായി നട്ടം തിരിയുന്ന കര്‍ഷകരോട് ഒരു നയം സ്വീകരിക്കുമ്പോള്‍ എണ്ണമില്ലാത്ത കോടികള്‍ വായ്പയെടുത്തവരോട് മറ്റൊരു നയം.

ഇതെല്ലാം കണ്ടും കേട്ടും മടുത്താണ് ജീവന്‍ കയ്യില്‍ പിടിച്ച് കര്‍ഷകര്‍ പൊതുനിരത്തില്‍ ഇറങ്ങിയിരിക്കുന്നത്. മഹാവിപത്തിന്‍റെ മുന്നിലാണ് തങ്ങളെന്ന തിരിച്ചറിവോടെയാണ് കര്‍ഷകര്‍ പോരാട്ടവഴികളിലൂടെയുള്ള ഈ മുന്നേറ്റം.

ഇനിയും കാണാതിരിക്കാനാവില്ല

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ശേഷം രാജ്യം പൊതു തെരഞ്ഞെടുപ്പിലേക്ക് കടക്കാന്‍ ഒരുങ്ങുമ്പോള്‍ നടക്കുന്ന ഈ കര്‍ഷക പ്രക്ഷോഭം സര്‍ക്കാരിന് കണ്ടില്ലെന്ന് നടിക്കാനാവില്ല. 2014ല്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ഓരോന്നും എണ്ണിയെണ്ണി ചോദിച്ചാണ് കര്‍ഷകര്‍ എത്തുന്നത്.

രാജ്യത്തിന്‍റെ മുഴുവന്‍ പിന്തുണയോടെ നടക്കുന്ന ഈ സമരത്തെ അടിച്ചമര്‍ത്താനും അടിച്ചൊതുക്കാനും നോക്കിയാല്‍ തെരഞ്ഞെടുപ്പ് കാലത്ത് അത് വലിയ തിരിച്ചടിയാകുമെന്ന് കേന്ദ്ര സര്‍ക്കാരിന് ഉറപ്പാണ്. കര്‍ഷക പ്രക്ഷോഭത്തിന്‍റെ ശക്തി മുന്നില്‍ കണ്ട് നരേന്ദ്ര മോദി സര്‍ക്കാര്‍ അടുത്തിടെ കാര്‍ഷിക വിളകള്‍ക്കുള്ള താങ്ങുവിലയില്‍ വര്‍ധന വരുത്തിയിരുന്നു.

എന്നാല്‍ അത്, കഴിഞ്ഞ യുപിഎ സര്‍ക്കരിന്‍റെ കാലത്തിന് സമാനമായ ഒന്നാണെന്നും തങ്ങള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ പരിഗണിച്ച് താങ്ങുവില ഉറപ്പാക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നു.

കാർഷിക വിളകൾക്ക് ന്യായവില ഉറപ്പാക്കുക, കാർഷിക കടങ്ങൾ പൂർണമായി എഴുതിത്തള്ളുക, ഇവ നടപ്പാക്കാനായി പാർലമെന്‍റ് പ്രത്യേകം സമ്മേളിച്ച് നിയമം നിർമിക്കുക എന്നിവയാണ് കിസാൻ സംഘർഷ് കോർഡിനേഷൻ സമിതിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന സമരത്തിന്‍റെ മറ്റ് ആവശ്യങ്ങള്‍. 207 സംഘടനകൾ ചേർന്ന‌് രൂപീകരിച്ച കോ–-ഓർഡിനേഷൻ കമ്മിറ്റിയെ കൂടാതെ 21 രാഷ്‌ട്രീയപാർട്ടികളും സമരത്തിന്‌ പിന്തുണയുമായി രംഗത്തുണ്ട്.