തൃശൂര്‍: കേരള ലളിതകലാ അക്കാദമിയുടെ ഫെലോഷിപ്പ് വിവാദത്തില്‍. ചട്ടം ലംഘിച്ച് കലാനിരൂപകന് ഒരു ലക്ഷം രൂപയുടെ ഫെലോഷിപ്പ് നല്‍കിയതാണ് ആക്ഷേപങ്ങള്‍ക്കിടയാക്കിയിട്ടുള്ളത്. എന്നാല്‍, ചട്ടപ്രകാരം തന്നെയാണ് ഫെലോഷിപ്പ് പ്രഖ്യാപിച്ചതെന്നാണ് അക്കാദമി സെക്രട്ടറിയും ചെയര്‍മാനുമടക്കമുള്ളവര്‍ വാദിക്കുന്നത്. ഫെലോഷിപ്പിനായി നേരത്തെ തയ്യാറാക്കിയ പട്ടിക ഇപ്പോഴത്തെ ഭരണസമിതി അട്ടിമറിച്ചതാണ് വിവാദങ്ങള്‍ക്ക് കാരണമായി പറയുന്നത്. 

2017 ലെ ഫെലോഷിപ്പ് കലാനിരൂപകന്‍ വിജയകുമാര്‍ മേനോനും ചിത്രകാരന്‍ ജി.രാജേന്ദ്രനുമാണ് പ്രഖ്യാപിച്ചത്. ഒരു ലക്ഷം രൂപയും, പ്രശസ്തിപത്രവും, ശില്‍പ്പവുമടങ്ങുന്നതാണ് അക്കാദമിയുടെ ഫെലോഷിപ്പ്. അക്കാദമി അവാര്‍ഡിനുള്ള നിയമാവലിയുടെ 11-ാം വകുപ്പിലെ ആറാം ഉപവകുപ്പ് പ്രകാരം രണ്ടില്‍ കൂടാത്ത പ്രഗത്ഭരായ കലാകരന്മാര്‍ക്ക് നല്‍കുന്നതിനാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. ഇതനുസരിച്ച് ചിത്രകാരനോ, ശില്‍പ്പിയോ ആ ഗണത്തില്‍ ഉള്‍പ്പെടുന്നതോ അല്ലാത്ത കലാനിരൂപകന്‍ (എഴുത്തുകാരന്‍) മാത്രമായൊരാള്‍ക്ക് ഫെലോഷിപ്പ് നല്‍കുന്നത് ചട്ടലംഘനമാണെന്നാണ് ആക്ഷേപം.

അക്കാദമിയുടെ മുന്‍ സെക്രട്ടറി കൂടിയായ സി.കെ.ആനന്ദന്‍പിള്ള ഇക്കാര്യം ചൂണ്ടിക്കാട്ടി അന്ന് തന്നെ സാംസ്‌കാരിക മന്ത്രിക്കും വകുപ്പ് സെക്രട്ടറിക്കും രേഖാമൂലം പരാതി നല്‍കിയിരുന്നു. ഭരണഘടനയ്ക്ക് വിപരീതമായി ഫെല്ലോഷിപ്പുകള്‍ നല്‍കുവാന്‍ അക്കാദമിയുടെ ജനറല്‍ കൗണ്‍സിലിന് പോലും അധികാരമോ അവകാശമോ ഇല്ല. ഇതില്‍ മാറ്റം വരുത്തണമെങ്കില്‍ ഭരണഘടനാ ഭേദഗതി വരുത്തി അംഗീകരിക്കണം. നിയോ സര്‍ റിയലിസം എന്ന രചനാ ശൈലിയിലൂടെ ശ്രദ്ധ നേടിയ പ്രമുഖ ചിത്രകാരന്‍ മുത്തുക്കോയയെ ആയിരുന്നു പ്രധാനമായും പട്ടികയില്‍ ആദ്യം ഇടം നേടിയിരുന്നത്. ലക്ഷദ്വീപ് സ്വദേശിയും മുതിര്‍ന്ന ചിത്രകാരന്‍ എന്ന പരിഗണനയും മുത്തുക്കോയക്കുണ്ടായിരുന്നു. മുത്തുക്കോയയുള്‍പ്പടെ ചിത്രകാരന്‍മാരായ രഘു, ജ്യോതി ബസു, രഘുനാഥന്‍ തുടങ്ങിയവരടങ്ങിയ എട്ട് പേരുടെ പട്ടിക ഇടത് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പുനസംഘടിപ്പിച്ച ടി.എ.സത്യപാല്‍ ചെയര്‍മാനും, പൊന്ന്യം ചന്ദ്രന്‍ സെക്രട്ടറിയുമായുള്ള ഭരണസമിതി തയ്യാറാക്കിയിരുന്നു. വിവിധ മേഖലകളില്‍ നിന്നുള്ളവരുടെ അഭിപ്രായം കൂടി തേടിയ ശേഷമായിരുന്നു പട്ടികയ്ക്ക് തത്വത്തില്‍ ധാരണയായത്. ഫെലോഷിപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ട് മുമ്പായിരുന്നു ആരോപണവും പരാതിയെയും തുടര്‍ന്ന് സത്യപാല്‍ രാജിവച്ചത്. ഇതോടെ പട്ടികയും അട്ടിമറിക്കുകയായിരുന്നു. 

ഭരണസമിതിയിലെ പ്രമുഖ അംഗത്തിന്റെ നിര്‍ദ്ദേശമാണ് വിജയകുമാര്‍ മേനോനെ ഫെലോഷിപ്പിന് നിര്‍ദ്ദേശിച്ചതെന്നാണ് സൂചന. ഭരണഘടനയനുസരിച്ച് കലാനിരൂപകന് ഫെലോഷിപ്പ് നല്‍കാന്‍ കഴിയില്ലെന്ന വിവരം പുതിയ ചെയര്‍മാന്‍ നേമം പുഷ്പരാജിനെ ധരിപ്പിച്ചിരുന്നില്ല. ഫെലോഷിപ്പ് തീരുമാനിച്ച ജനറല്‍ കൗണ്‍സിലിലും ഭരണഘടനാ വിരുദ്ധമാണെന്ന സൂചന നല്‍കിയില്ല. ഇതാണ് അക്കാദമി ഫെലോഷിപ്പ് വിവാദത്തിലാവാന്‍ ഇടയാക്കിയത്. അതിനിടെ, അക്കാദമിയുടെ മുന്‍ ചെയര്‍മാന്‍ കൂടിയായ ടി.എ.സത്യപാല്‍ നിലവിലെ ഭരണസമിതിക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയും വിവാദത്തിന്റെ മൂര്‍ച്ചകൂട്ടി. ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള ഫെല്ലോഷിപ്പുകള്‍ അക്കാദമിയുടെ ഭരണഘടനാ ലംഘനമാണെന്ന് സത്യപാല്‍ പറഞ്ഞു. 

കലാനിരൂപകരേയും, കലാചരിത്രകാരന്മാരേയും, കലാവിമര്‍ശകരേയും അക്കാദമി പരിഗണിക്കാറുണ്ട്. ഇതിനായി കലാവിമര്‍ശനത്തിന് കേസരി പുരസ്‌കാരം നല്‍കും. നേരത്തെ കേസരി പുരസ്‌കാരം ലഭിച്ച എഴുത്തുകാരന് തന്നെയാണ് ഇപ്പോള്‍ ഫെലോഷിപ്പും കൊടുത്തിട്ടുള്ളത്. ഫെല്ലോഷിപ്പ് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ജനറല്‍ കൗണ്‍സിലില്‍ സമര്‍പ്പിക്കേണ്ടത് ചെയര്‍മാനാണ്. ഭരണഘടനാപരമായി തങ്ങള്‍ തീരുമാനിക്കുന്ന കാര്യങ്ങള്‍ ശരിയാണോ എന്ന് ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ പരിശോധിക്കണം. അത്തരം ചുമതല നിര്‍വ്വഹിക്കുന്നതില്‍ വീഴ്ച വന്നുവെന്ന് സത്യപാല്‍ ആരോപിക്കുന്നു. ഒരു ചിത്രകാരനോ ശില്പിക്കോ ലഭിക്കേണ്ടിയിരുന്ന അംഗീകാരമാണ് അക്കാദമിയുടെ ഭരണഘടനാ ലംഘനത്തിലൂടെ അക്കാദമി ഭാരവാഹികള്‍ തട്ടിത്തെറിപ്പിച്ചതെന്ന് ആരോപിച്ച സത്യപാല്‍ മുത്തുക്കോയ, രഘു, ജ്യോതിബസു, രഘുനാഥന്‍ തുടങ്ങിയവരെ പരിഗണിക്കാന്‍ കഴിഞ്ഞ വര്‍ഷം ചര്‍ച്ച ചെയ്തിരുന്നുവെന്ന സ്ഥിരീകരണവും അദ്ദേഹം നല്‍കി.