സൈനികരല്ല തന്നെ അപമാനിച്ചതെന്ന് ഹന്ദ്വാരയിലെ പെണ്‍കുട്ടി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. ഇതനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഹിലാല്‍ അഹമ്മദ് ബാണ്ഡെ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ പ്രതിയായ രണ്ടാമത്തെയാള്‍ക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ കൂടി പിടിയിലായാല്‍ ഒരാഴ്ചയായി സംസ്ഥാനത്ത് തുടരുന്ന സംഘര്‍ഷത്തിന് പിന്നിലെ ഗൂഡാലോചന പുറത്ത് കൊണ്ടുവരാനാകുമെന്നാണ് സുരക്ഷ ഏജന്‍സികള്‍ പറയുന്നത്.

ഹന്ദ്വാരയിലെ സൈന്യത്തിന്റെ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തകര്‍ക്കുന്നതിനായുള്ള ആസൂത്രിത ശ്രമമായിരുന്ന സംഘര്‍ഷമെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ട്. ജനങ്ങളുടെ പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തില്‍ ഹന്ദ്വാരയില്‍ നിന്നും സൈന്യത്തിന്റെ മൂന്ന് ബങ്കറുകള്‍ നീക്കിയിട്ടുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കശ്മീരിന്‍റെ പലഭാഗങ്ങളിലും കര്‍ഫ്യു തുടരുകയാണ്.

ഇതിനിടെ ജമ്മു കശ്മീരില്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി കത്രയിലെ ശ്രീ മാതാ വൈഷ്‌ണോദേവി നാരായണ ആശുപത്രി സമുച്ചയം ഉദ്ഘാടനം ചെയ്ത ശേഷം വൈഷ്‌ണോദേവി സര്‍വ്വകലാശാലയിലെ ബിരുദദാന ചടങ്ങിലും പങ്കെടുത്തു. മെഹബൂബ മുഫ്തി മുഖ്യമന്ത്രിയായതിന് ശേഷം ഇതാദ്യമായാണ് മോദി സംസ്ഥാനത്തെത്തുന്നത്. മോദിയെത്തുന്നതിന് നാല് മണിക്കൂര്‍ മുന്പ് അന്താരാഷ്ട്ര അതിര്‍ത്തിയിലെ സാംബ സെക്ടറില്‍ പാകിസ്ഥാന്‍ സൈന്യം പ്രകോപനമില്ലാതെ ബിഎസ്എഫ് പോസ്റ്റുകള്‍ക്ക് നേരെ വെടിവെപ്പ് നടത്തി. ഇന്ത്യയും ശക്തമായി തിരിച്ചടിച്ചു.