വഡോദര: പാര്‍ട്ടി നേതൃത്വം അവഗണിക്കുന്നുവാരോപിച്ച് ഗുജറാത്തില്‍ ബിജെപി എംഎല്‍എ രാജിവെച്ചു. സാല്‍വി മണ്ഡലത്തിലെ എംഎല്‍എ കേതന്‍ ഇനാംദാറാണ് കഴിഞ്ഞ ദിവസം രാജിവെച്ചത്. തന്‍റെ മണ്ഡലത്തെ ഉദ്യോഗസ്ഥരും മന്ത്രിമാരും അവഗണിക്കുകയാണെന്ന് അദ്ദേഹം സ്പീക്കര്‍ക്ക് നല്‍കിയ രാജിക്കത്തില്‍ ആരോപിച്ചു. തന്നെപ്പോലെ നിരവധി എംഎല്‍എമാര്‍ അസംതൃപ്തരാണെന്നും പാര്‍ട്ടി നേതാക്കളാല്‍ അപമാനിക്കപ്പെട്ടുവെന്നും എംഎല്‍എ പറഞ്ഞു. 

എംഎല്‍എക്ക് കിട്ടേണ്ട ബഹുമാനവും ആദരവും ലഭിക്കുന്നില്ല. എന്നോടുള്ള ബിജെപി നേതാക്കളുടെ മനോഭാവമാണ് രാജിവെക്കാനുള്ള കാരണം. തന്‍റെ മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ മന്ത്രിമാരോ ഉദ്യോഗസ്ഥരോ കൂട്ടാക്കുന്നില്ലെന്നും എംഎല്‍എ വാര്‍ത്താഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഇ മെയില്‍ വഴി സ്പീക്കര്‍, മുഖ്യമന്ത്രി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ എന്നിവര്‍ക്ക് രാജിക്കത്ത് നല്‍കി. 

ഇനാംദാറിന്‍റെ പ്രശ്നം പാര്‍ട്ടി പരിഗണിക്കുമെന്നും പരിഹരിക്കുമെന്നും ബിജെപി വക്താവ് ഭാരത് പാണ്ഡ്യ പറഞ്ഞു. ബിജെപി എംഎല്‍എ രാജിവെക്കേണ്ട സാഹചര്യമില്ല. ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറുന്നുണ്ടെങ്കില്‍ പ്രശ്നം സര്‍ക്കാറിന്‍റെ ശ്രദ്ധയില്‍പ്പെടുത്താമെന്നും പാണ്ഡ്യ വ്യക്തമാക്കി. സാല്‍വി മണ്ഡലത്തില്‍ നിന്ന് നാല്‍പതിനായിരത്തിലധികം വോട്ടുകള്‍ക്ക് ജയിച്ചാണ് ഇനാംദാര്‍ നിയമസഭയിലെത്തിയത്. 182 അംഗ നിയമസഭയില്‍ 103 എംഎല്‍എമാരാണ് ബിജെപിക്കുള്ളത്.