Asianet News MalayalamAsianet News Malayalam

ട്രെയിന്‍ യാത്ര നടത്തണോ ? ഇനി മുതല്‍ ട്രെയിന്‍ പുറപ്പെടുന്നതിന് 20 മിനിറ്റ് മുമ്പ് സ്റ്റേഷനിലെത്തണം

ഇനി പഴയതുപോലെ ട്രെയിന്‍ വിടുന്നതിന് മുമ്പ് ഓടിക്കേറാമെന്ന് കരുതി വീട്ടില്‍ നിന്നും വൈകിയിറങ്ങേണ്ട. നിങ്ങള്‍ക്ക് വണ്ടി കിട്ടില്ല. കാരണം ഇന്ത്യറെയില്‍വേയില്‍ പുതിയ സംവിധാനത്തിന് കളമൊരുങ്ങുന്നു. 

indian railways security plan like airport security
Author
Delhi, First Published Jan 6, 2019, 7:35 PM IST

ദില്ലി: ഇനി പഴയതുപോലെ ട്രെയിന്‍ വിടുന്നതിന് മുമ്പ് ഓടിക്കേറാമെന്ന് കരുതി വീട്ടില്‍ നിന്നും വൈകിയിറങ്ങേണ്ട. നിങ്ങള്‍ക്ക് വണ്ടി കിട്ടില്ല. കാരണം ഇന്ത്യറെയില്‍വേയില്‍ പുതിയ സംവിധാനത്തിന് കളമൊരുങ്ങുന്നു. യാത്ര പോകേണ്ട ട്രെയിനിന്‍ സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്നതിന് 20 മിനിറ്റ് മുമ്പ് സ്റ്റേഷനില്‍ എത്തണം. സുരക്ഷാ പരിശോധനകള്‍ നടത്തണം. വിമാനത്തവളങ്ങളിലേത് പോലെ. 

എങ്കില്‍ മാത്രമേ ഇനി  നിങ്ങള്‍ക്ക് ട്രെയിന്‍ യാത്ര ചെയ്യാന്‍ പറ്റൂ. വിമാനത്താവള മാതൃകയിൽ സ്റ്റേഷനുകളിലെ സുരക്ഷാ പരിശോധനകൾ വർധിപ്പിക്കാൻ റെയിൽ‌വെ തീരുമാനിച്ചതായി റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സ് ഡയറക്ടർ ജനറൽ അരുൺ കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുംഭമേള കണക്കിലെടുത്ത് അലഹബാദിലെ പ്രയാഗ്‌രാജ് റെയിൽവെ സ്റ്റേഷനിൽ ഈ രീതി നടപ്പാക്കി കഴിഞ്ഞു. 

ഉന്നത സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സുരക്ഷാസംവിധാനം പരീക്ഷണാടിസ്ഥാനത്തിലാണ് ഇവിടെ നടപ്പാക്കിയത്. ഈ മാസത്തില്‍ തന്നെ ഹൂബ്ലി റെയില്‍വേ സ്റ്റേഷനിലും തുടര്‍ന്ന് തെരഞ്ഞെടുത്ത മറ്റ് 202 റെയില്‍വേ സ്റ്റേഷനിലും പദ്ധതി നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ റെയില്‍വേ സുരക്ഷാ സേന. ഉന്നത സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള സുരക്ഷാ പരിശോധനകളാകും ഇനി റെയില്‍വേ സ്‌റ്റേഷനുകളില്‍ ഉണ്ടാകുക.

സ്റ്റേഷനുകളുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി 2016 ല്‍ തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് ഇപ്പോള്‍ പദ്ധതി നടപ്പിലാക്കുന്നത്. സ്റ്റേഷനിലേക്ക് കയറാനുള്ള വഴികള്‍ പ്രത്യേകമായി നിശ്ചയിക്കും. ആദ്യ ഘട്ടത്തില്‍ എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാക്കില്ല. എന്നാല്‍ മുഴുവൻ പ്രവേശന കവാടങ്ങളും ആർപിഎഫിന്റെ നിയന്ത്രണത്തിലാക്കും. പ്രവേശനം മിക്കവാറും ഒരു കവാടത്തിലൂടെ മാത്രമാക്കാൻ ശ്രമിക്കും. എല്ലാ കവാടത്തിലും സുരക്ഷാ പരിശോധനയുണ്ടാകും. ഇതിനായി അധികമായി സുരക്ഷാ ഉദ്യോഗസ്ഥരെ ഉപയോഗിക്കില്ലെന്നും പുത്തന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാകും പരിശോധനകള്‍ ഉണ്ടാവുകയെന്നും  ആര്‍പിഎഫ് ഡയറകടര്‍ ജനറല്‍ അരുണ്‍ കുമാര്‍ പിടിഎയോട് പറഞ്ഞു. 

സിസിടിവി ക്യാമറ, ബോംബുകള്‍ കണ്ടെത്താനും നിര്‍വീര്യമാക്കാനുമുള്ള സംവിധാനം, ലഗേജുകള്‍ പരിശോധിക്കാനുള്ള സ്‌കാനറുകള്‍, കണ്‍ട്രോള്‍ യൂണിറ്റ്, പ്രവേശന നിയന്ത്രണ സംവിധാനങ്ങൾ, കുറ്റവാളികളെ കണ്ടെത്തുന്നതിനുള്ള ഫെയ്സ് ഡിറ്റക്ഷൻ സോഫ്റ്റ്‌വെയർ സംവിധാനം എന്നിവയുടെ സഹായത്തോടെയാകും ചെക്കിങ് നടപടികള്‍ നടത്തുക. ഇതിനായി 385.06 കോടി രൂപ ചിലവാകുമെന്നാണ് കരുതുന്നത്. 

Follow Us:
Download App:
  • android
  • ios