Asianet News MalayalamAsianet News Malayalam

കേരളത്തിൽ പണിമുടക്ക് ഹർത്താലായി; പശ്ചിമബംഗാളിൽ സംഘർഷം, മെട്രോ നഗരങ്ങളെ ബാധിച്ചില്ല

സ്വകാര്യ ബസ് ജീവനക്കാരും ഓട്ടോ ടാക്സി ജീവനക്കാരും പണിമുടക്കി. സർവ്വീസ് നടത്താൻ ശ്രമിച്ച ഓട്ടോ റിഷകളെ തമ്പാനൂരും ഇരട്ടിയിലും തടഞ്ഞു. പമ്പയിലേക്കൊഴികെ കെഎസ്ആർടിസി സർവ്വീസുകൾ പൂർണ്ണമായും മുടങ്ങി.

joint workers union national strike strike begins in india hartal in kerala
Author
Thiruvananthapuram, First Published Jan 8, 2020, 4:26 PM IST

തിരുവനന്തപുരം: തൊഴിലാളികളുടെ ദേശീയപണിമുടക്ക് സംസ്ഥാനത്ത് ഹർത്താലായി. പണിമുടക്കിയ തൊഴിലാളികൾ പല സ്ഥലങ്ങളിലും വാഹനങ്ങൾ തടഞ്ഞു. മറ്റ് അനിഷ്ടസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മിനിമം വേതനം 21,000 രൂപ ആക്കണമെന്നതുൾപ്പടെയുള്ള ആവശ്യങ്ങളുന്നയിച്ചാണ് തൊഴിലാളി സംഘടനകൾ രാജ്യവ്യാപകമായി പണിമുടക്കുന്നത്. കടകമ്പോളങ്ങൾ അട‍ഞ്ഞ് കിടന്നു. അതേസമയം, രാജ്യത്തെ പ്രധാന മെട്രോ നഗരങ്ങളെ പണിമുടക്ക് ബാധിച്ചില്ല. പശ്ചിമ ബംഗാളിലെ മാൽഡയിൽ പ്രതിഷേധക്കാർ പൊലീസ് വാഹനങ്ങൾക്ക് തീയിട്ടു.

സ്വകാര്യ ബസ് ജീവനക്കാരും ഓട്ടോ ടാക്സി ജീവനക്കാരും പണിമുടക്കി. സർവ്വീസ് നടത്താൻ ശ്രമിച്ച ഓട്ടോറിക്ഷകളെ തമ്പാനൂരും ഇരിട്ടിയിലും തടഞ്ഞു. പമ്പയിലേക്കൊഴികെ കെഎസ്ആർടിസി സർവ്വീസുകൾ പൂർണ്ണമായും മുടങ്ങി. ട്രെയിൻ ഗതാഗതത്തെ പണിമുടക്ക് ബാധിച്ചിട്ടില്ല. ട്രെയിനിൽ വന്ന യാത്രക്കാരെ പൊലീസ് വാഹനത്തിലാണ് വീടുകളിലേക്കും ആശുപത്രികളിലേക്കും എത്തിച്ചത്. ബാങ്ക് ഇൻഷ്വറൻസ് മേഖലയും സ്തംഭിച്ചു. 

മധ്യകേരളത്തില്‍ പണിമുടക്ക് ഏതാണ്ട് പൂർണമാണ്. കൊച്ചിയിലെ വ്യവസായ മേഖലയിൽ പണിമുടക്ക് ബാധിച്ചു. മിക്ക വ്യവസായ ശാലകളിലും കുറച്ച് ജീവനക്കാർ മാത്രമാണ് ജോലിക്ക് കയറിയത്. കൊച്ചി മെട്രോ സുഗമമായി സർവീസ് നടത്തുന്നുണ്ട്. ഇൻഫോ പാർക്കിനെയും തിരുവന്തപുരത്ത് ടെക്നോപാർക്കിനെയും പണിമുടക്ക് ബാധിച്ചില്ല. തൃശ്ശൂർ കൊരട്ടി ഇൻഫോ പാർക്കിൽ ജോലിക്കെത്തിയവരെ സംയുക്ത സമരസമതി പ്രവർത്തകർ തടഞ്ഞു ജോലിക്കാരുമായി സമരക്കാർ ഉന്തും തള്ളുമുണ്ടായി. 

തിരുവല്ലയിൽ സിഐടിയു പ്രവർത്തകർ ബാങ്കുകൾ ബലമായി അടപ്പിച്ചു. ഫെഡറൽ ബാങ്ക്, വിജയാ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയുടെ ശാഖകളാണ് അടപ്പിച്ചത്. എന്നാല്‍, പണിമുടക്ക് ശബരിമല തീർത്ഥാടനത്തെ ബാധിച്ചില്ല. പണിമുടക്കിനിടയിലും സന്നിധാനത്ത് വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. കെഎസ്ആർടിസി പമ്പ സ്പെഷ്യൽ സർവീസുകൾ മുടക്കമില്ലാതെ ഓടുന്നത് തീർത്ഥാടകർക്ക് ആശ്വാസമായി. 

സെക്രട്ടറിയേറ്റിലും മറ്റ് സർക്കാർ ഓഫീസുകളും ഹാജർ നില കുറവാണ്. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സെക്രട്ടറിയേറ്റിൽ എത്തിയില്ല. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇരുചക്രവാഹനത്തിലാണ് സമരത്തിൽ പങ്കെടുക്കാൻ എത്തിയത്. തൊഴിൽ മന്ത്രി ടി പി രാമകൃഷ്ണൻ നടന്നാണ് സ്റ്റാച്യൂവിലെ സമരപന്തലിലെത്തിയത്. പണിമുടുക്കിയ ജീവനക്കാർ തിരുവനന്തപുരത്ത് നടത്തിയ പ്രകടനം സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്തു. 

ഇതിനിടെ, ആലപ്പുഴയിൽ നൊബേൽ സമ്മാന ജേതാവുമായി പോയ ഹൗസ് ബോട്ട് സമരാനുകൂലികൾ തടഞ്ഞു. കുമരകത്തു നിന്ന് എത്തിയ ഹൗസ് ബോട്ട് ആണ് ആർ ബ്ലോക്കിൽ വച്ച് രാവിലെ 11 മണിയോടെ തടഞ്ഞത്. നോബൽ സമ്മാന ജേതാവ് മൈക്കൽ ലെവിറ്റും ഭാര്യയും യാത്രചെയ്ത ഹൗസ് ബോട്ട് ആണ് രണ്ടുമണിക്കൂറോളം ഹൗസ് ബോട്ട് തടഞ്ഞിട്ടത്.

Also Read: പണിമുടക്കിനിടെ ഹൗസ് ബോട്ട് തടഞ്ഞു: നൊബേൽ സമ്മാനജേതാവും ഭാര്യയും കുടുങ്ങി

രാജ്യത്തെ പ്രധാന മെട്രോ നഗരങ്ങളെ പണിമുടക്ക് ബാധിച്ചില്ല. ദില്ലിയിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ജന ജീവിതം സാധാരണ നിലയിലായിരുന്നു. പണിമുടക്കിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ദില്ലിയിലെ പ്രധാനപ്പെട്ട ക്യാമ്പസുകളിൽ വിദ്യാർഥികൾ പഠിപ്പ് മുടക്കി. തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച്‌ നടന്നു. പശ്ചിമ ബംഗാളിലെ ഹൌറയിലും, നോർത്ത് 24 പർഗനാസിലും സമരാനുകൂലികൾ ട്രെയിനുകൾ തടഞ്ഞു. പശ്ചിമ ബംഗാളിലെ മാൽഡയിൽ പ്രതിഷേധക്കാർ പൊലീസ് വാഹനങ്ങൾക്ക് തീയിട്ടു. പൊലീസ് പ്രതിഷേധക്കാക്കെതിരെ കണ്ണീർ വാതകവും റബർ ബുള്ളറ്റും പ്രയോഗിച്ചു.

joint workers union national strike strike begins in india hartal in kerala

കർണാടകത്തിൽ പണിമുടക്ക് ഭാഗികമായിരുന്നു. കുടകിൽ ബസിന് നേരെ കല്ലെറിഞ്ഞു. ബെംഗളൂരുവിൽ ജനജീവിതം സാധാരണനിലയിലാണ്. പ്രതിഷേധങ്ങൾ പൊലീസ് വിലക്കി. കുടകിലെ മഡിക്കെരിയിൽ സർവീസ് നടത്താനൊരുങ്ങിയ കർണാടക ആർടിസി  ബസുകൾക്ക് നേരെ കല്ലേറുണ്ടായി. കലബുറഗിയിലും ചിത്രദുർഗയിലും പ്രതിഷേധക്കാർ ബസുകൾ തടഞ്ഞു. ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. ആന്ധ്രപ്രദേശിലും തെലങ്കാനയിലും ഗ്രാമീണമേഖലയിൽ പണിമുടക്ക് ബാധിച്ചു. ബാങ്കുകൾ ഉൾപ്പെടെ അടഞ്ഞുകിടക്കുകയാണ്.

Follow Us:
Download App:
  • android
  • ios