പാലക്കാട്: ആദിവാസി വിഭാഗത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടതോടെ കടുത്ത അവഗണനയിൽ കഴിയുകയാണ് പാലക്കാട്ടെ ഗോത്രവിഭാഗമായ ഇരവാലൻ സമുദായം. ഗോത്ര വിഭാഗങ്ങൾക്കുളള ആനുകൂല്യങ്ങളെല്ലാം ഇവർക്ക് നിഷേധിക്കപ്പെട്ടു. കിർതാഡ്സിന്റെ പഠന റിപോർട്ടിനെ തുടർന്നാണ് ഈ വിഭാഗത്തെ ആദിവാസികളിൽ നിന്ന് ഒഴിവാക്കിയതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം

കൊല്ലങ്കോട് പറത്തോട് ആദിവാസി ഊരിലെ ഐശ്വര്യയ്ക്ക് പ്ലസ് ടു വരെ ജാതി രേഖകളിൽ പട്ടികവർഗ്ഗവിഭാഗമായ ഇരവാലൻ ആയിരുന്നു. ബിരുദ പ്രവേശനത്തിന്, ഇരവലൻ സമുദായമെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റിന് ചെന്നപ്പോൾ വില്ലേജ് ഓഫീസ് അധികൃതർ നിഷേധിച്ചു. ആദിവാസിയല്ലെന്നും പട്ടികജാതിയെന്നുമായിരുന്നു വിശദീകരണം. ഗോത്ര വിഭാഗങ്ങൾക്കുളള സംവരണ സീറ്റ് ഐശ്വര്യക്ക് നഷ്ടമായി. ഐശ്വര്യയുടേത് ഉൾപ്പെടെ 28 കുടുംബങ്ങളുണ്ട് ഈ ഊരിൽ. ആദിവാസികളായി ജനിച്ച് ജീവിച്ച ഈ സമൂഹം, വളരെ പെട്ടെന്നാണ് രേഖകളില്‍ ആദിവാസികളല്ലാതായി. ഇതോടെ തല ചായ്ക്കാൻ ഒരിടം ഉൾപ്പെടെയുളള സർക്കാരിന്റെ ക്ഷേമ പദ്ധതികളെല്ലാം ഇവർക്ക് അന്യമാവുകയാണ്.

2014ഓടെയാണ് ഈ സമൂഹത്തിന് ആദിവാസി പരിഗണന നഷ്ടമായത്. അന്നുതൊട്ട് നിരന്തരം സമരം നടത്തിയെങ്കിലും ആരും കണ്ടില്ല. ഇരവാലന്മാരുടെ ജീവിതശൈലി ഇവർ പിന്തുടരുന്നില്ലെന്നും ഇക്കാരണത്താലാണിവരെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതെന്നും കിർതാർഡ്സ് വിശദീകരിക്കുന്നു.