Asianet News MalayalamAsianet News Malayalam

ബന്ധുനിയമനവും പീഡനക്കേസ് പ്രതിയെ സംരക്ഷിച്ചെന്ന ആരോപണവും ശരിയെങ്കിൽ തന്നെ എന്നെന്നേക്കുമായി നശിപ്പിക്കണമേയെന്ന് പ്രാർത്ഥിച്ച് കെ ടി ജലീൽ

"എന്‍റെ ഭാഗത്ത് നിന്ന് എന്തെങ്കിലും അന്യായമോ അനീതിയോ ശരികേടോ സംഭവിച്ചിട്ടുണ്ടെങ്കിൽ എന്നെ നീ എന്നന്നേക്കുമായി നശിപ്പിക്കേണമേ." അസഭ്യങ്ങൾ ചൊരിഞ്ഞ് തന്നെ അവമതിക്കുന്ന എല്ലാ സുഹൃത്തുക്കളും ഈ പ്രാർത്ഥനയിൽ പങ്കാളികളായി ദയ കാണിക്കണമെന്നാണ് മന്ത്രിയുടെ അപേക്ഷ.

KT Jaleel facebook post on a valanchery child abuse case
Author
Valanchery, First Published May 8, 2019, 10:06 AM IST

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ വളാഞ്ചേരി നഗരസഭാ കൗൺസിലർ ഷംസുദ്ദീൻ നടക്കാവിലുമായി മന്ത്രി കെ ടി ജലീലിന് അടുത്ത ബന്ധമാണുള്ളതെന്ന് വി ടി ബൽറാം എംഎൽഎയും മുസ്ലീം ലീഗും ആരോപിച്ചിരുന്നു. മന്ത്രിയും ഷംസുദ്ദീനും തമ്മിലുള്ള ബന്ധമുണ്ടെന്ന് ആരോപിച്ച് ചില ഫോട്ടോകളും വി ടി ബൽറാം ഫേസ്ബുക്കിലൂടെ പുറത്തുവിടുകയും ചെയ്തു. ഷംസുദ്ദീൻ വിദേശത്തേക്ക് കടന്നുവെന്ന അനുമാനത്തിൽ ഇയാൾക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഷംസുദ്ദീനെ രക്ഷപ്പെടാൻ സഹായിച്ചത് കെ ടി ജലീലാണെന്ന് വി ടി ബൽറാം ഉയർത്തിയ ആരോപണം. ഈ സാഹചര്യത്തിലാണ് പ്രാർത്ഥനയുമായി മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

നിയമസഭാ ഭാഷാസമിതി നടത്തിയ അഖിലേന്ത്യാ പര്യടനത്തിൽ മന്ത്രിക്കൊപ്പം ഷംസുദ്ദീനും പങ്കെടുത്തിരുന്നു. ഒരാൾ ഭാവിയിൽ എന്താണ് ചെയ്യാൻ പോകുന്നത്, ഭാവിയിൽ ഏത് കേസിൽ അകപ്പെടും തുടങ്ങിയ കാര്യങ്ങൾ മുൻകൂട്ടി കണ്ട് സമീപനം സ്വീകരിക്കാൻ ആകില്ലെന്നും പ്രതിയെ ഒളിവിൽ പോകാൻ താൻ സഹായിച്ചിട്ടില്ലെന്നുമാണ് ആരോപണത്തിന് കെ ടി ജലീലിന്‍റെ മറുപടി.

കെ ടി ജലീലിന്‍റെ പോസ്റ്റ് ചുവടെ

"പ്രാർത്ഥനക്കുത്തരം കിട്ടുന്ന നൻമയുടെ പൂക്കാലമാണ് വന്നണഞ്ഞിരിക്കുന്നത്. ഈ റംസാൻ കാലത്ത് എനിക്ക് ഒരേയൊരു പ്രാർത്ഥനയേ ഉള്ളൂ; "ലോക രക്ഷിതാവായ നാഥാ, ബന്ധു നിയമന വിവാദത്തിലും പീഢന കേസിലെ പ്രതിയെ സംരക്ഷിക്കാൻ ശ്രമിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ടും എന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും അന്യായമോ അനീതിയോ ശരികേടോ സംഭവിച്ചിട്ടുണ്ടെങ്കിൽ എന്നെ നീ എന്നന്നേക്കുമായി നശിപ്പിക്കേണമേ." അസഭ്യങ്ങൾ ചൊരിഞ്ഞ് ഈയുള്ളവനെ അപമതിക്കുന്ന എല്ലാ സുഹൃത്തുക്കളും ഈ പ്രാർത്ഥനയിലെങ്കിലും പങ്കാളികളായി ദയ കാണിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. എപ്പോഴും എന്‍റെ കരുത്ത് സത്യമറിയുന്ന ഒരു ശക്തി എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ടല്ലോ എന്നുള്ളതാണ്."

 

Follow Us:
Download App:
  • android
  • ios