ഇടുക്കി: മൂലമറ്റം വൈദ്യുതി നിലയത്തിലെ ജനറേറ്ററുകളില്‍ ചോര്‍ച്ച.നാല്, അഞ്ച് നമ്പര്‍ ജനറേറ്ററുകളുടെ സ്‌പെറിക്കല്‍ വാല്‍വിലാണ് ചോര്‍ച്ചയുണ്ടായത്. ചോര്‍ച്ച ചോര്‍ച്ച് ഗുരുതരമല്ലാത്തതിനാല്‍ രണ്ടു ജനറേറ്ററുകളും പ്രവര്‍ത്തിപ്പിക്കുന്നുണ്ട്.  വൈദ്യുതി ഉല്‍പ്പാദനത്തെയോ വിതരണത്തെയോ ചോര്‍ച്ച ബാധിക്കില്ലെന്നാണ് കെഎസ്ഇബി അധികൃതര്‍ പറയുന്നത്.

പവര്‍ഹൗസിലെ ജനറേറ്ററുകളുടെ ടര്‍ബൈനു സമീപമുള്ള വാല്‍വാണ് സ്‌പെറിക്കല്‍ വാല്‍വ്. ഈ വാല്‍വുകളില്‍ രണ്ടെണ്ണത്തിലാണ് നാലു ദിവസം മുമ്പ് മുതല്‍ ചോര്‍ച്ച ആരംഭിച്ചത്.  ജനറേറ്ററുകളിലെ ടര്‍ബൈനിലേക്ക് വെള്ളം എത്തുന്നത് ഈ വാല്‍വുകളിലൂടെയാണ്.  ഇത് അടച്ചാല്‍ ടര്‍ബൈന്‍ നില്‍ക്കും. അതിനാല്‍ ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തിയ ശേഷം പരിശോധിച്ചാലേ ചോര്‍ച്ചയുടെ അളവ് കൃത്യമായി മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ.

രണ്ടാഴ്ചയെങ്കിലും സമയം ലഭിച്ചാലേ പരിശോധന പൂര്‍ത്തിയാക്കി തകരാര്‍ പരിഹരിക്കാന്‍ കഴിയുകയുള്ളൂ.  ഇത് വൈദ്യുതി ഉല്‍പ്പാദനത്തില്‍ കുറവുണ്ടാക്കുമെന്നതിനാല്‍ പരിശോധന നീട്ടാനാണ് ബോര്‍ഡിന്റെ നീക്കം. ഉയര്‍ന്ന വിലക്ക് കേന്ദ്ര പൂളില്‍ നിന്നും വൈദ്യുതി വാങ്ങുന്നത് ഒഴിവാക്കാനാണ് ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ചത്. ഇതിനിടെ ഒരു വാല്‍വിന്‍റെ ചേര്‍ച്ച ഭാഗികമായി അടക്കാന്‍ കഴിഞ്ഞെന്നും സ്ഥിരീകിരിക്കാത വിവരമുണ്ട്.

കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്ന വൈദ്യുതിയുടെ അളവില്‍ കുറവുള്ളതിനാല്‍ നിലയം പൂര്‍ണതോതില്‍ പ്രവര്‍ത്തിപ്പിച്ചാലേ പ്രതിസന്ധി മറികടക്കാന്‍ കഴിയുകയുള്ളൂ. വാര്‍ഷിക അറ്റകുറ്റപ്പണികള്‍ പോലും നീട്ടി വച്ചാണ് ഇപ്പോഴത്തെ പ്രവര്‍ത്തനം. മൂന്നു ജനറേററുകളുടെ വാര്‍ഷിക അറ്റകുറ്റപ്പണികളും രണ്ടു ജനറേറ്ററുകളുടെ വാല്‍വിന്‍റെ പണികളുമാണ് നടത്തേണ്ടത്. നിലവില്‍ മൂലമറ്റത്ത് 5.6 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. കേന്ദ്ര പൂളില്‍ നിന്നും വൈദ്യുതി ലഭിച്ചു തുടങ്ങിയാലുടന്‍ അറ്റകുറ്റപ്പണി ആരംഭിക്കും.