Asianet News MalayalamAsianet News Malayalam

നാഗങ്ങൾ വിഹരിക്കുന്ന 'മണ്ണാറിയശാല": മണ്ണാറശാല ആയില്യപൂജ നാളെ

mannarasala temple
Author
First Published Nov 10, 2017, 4:49 PM IST

ആലപ്പുഴ: ആലപ്പുഴയിലെ ഏറ്റവും വിസ്തൃതിയുള്ള, ജൈവവൈവിധ്യം നിറഞ്ഞ കാവ് സർപ്പമുത്തച്ഛനും കൂട്ടരും ഉണ്ടുറങ്ങുന്ന നിലവറ, നാഗങ്ങൾ സ്വൈരവിഹാരം നടത്തുന്ന മണ്ണ്, മുഖ്യപൂജാരി സ്ത്രീയായ കേരളത്തിലെ ഏക സർപ്പക്ഷേത്രം... വിശേഷങ്ങൾ അനവധിയാണ് ഹരിപ്പാട് മണ്ണാറശാല നാഗരാജാ ക്ഷേത്രത്തിന്.  മുപ്പതേക്കർ വിസ്തൃതിയിൽ, വൻവടവൃക്ഷങ്ങളുടെ തണലിൽ, മഞ്ഞളിന്റെ ഹൃദ്യഗന്ധവും പുള്ളുവൻ പാട്ടിന്‍റെ ഈണവും നിറഞ്ഞുനിൽക്കുന്ന ക്ഷേത്രപരിസരം. അപൂർവ്വ സസ്യങ്ങൾ നിറഞ്ഞുനിൽക്കുന്ന കാവിൽ ഇഴഞ്ഞുപോകുന്ന വള്ളിപടർപ്പുകൾക്ക് പോലും സർപ്പരൂപം. 

മണ്ണാ‍റശ്ശാല ക്ഷേത്രത്തിലേക്കുള്ള നടപ്പാതയിൽ വഴിക്ക് ഇരുവശവും മരങ്ങളുടെ ചുവട്ടിലുമായി 30,000-ത്തോളം നാഗ പ്രതിമകളുണ്ട്. ഇത്രയും നാഗപ്രതിമകളുള്ള കേരളത്തിലെ ഒരേയൊരു ക്ഷേത്രമാണ് മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രം. വിശ്വാസത്തിന്റെ കണ്ണിലൂടെ നോക്കുമ്പോഴും ക്ഷേത്രത്തിന് പ്രത്യേകതയേറെയുണ്ട്. ഉഗ്രസർപ്പങ്ങളെപ്പോലും ഈശ്വര സ്വരൂപിയായി കണ്ടു സംരക്ഷിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ആർഷസംസ്കൃതിയുടെ പാരമ്പര്യമാണ് മണ്ണാറശാലയിൽ തെളിയുന്നത്. പ്രധാന മൂർത്തി ശിവസർപ്പമായ വാസുകിയും നാഗയക്ഷിയുമാണ്. 

mannarasala temple

നിലവറയിൽ വിഷ്ണു സർപ്പമായ അനന്തനേയും പ്രതിഷ്ഠിച്ചിട്ടുണ്ട്. പരശുരാമൻ വിഷ്ണുസ്വരൂപമായ അനന്തനേയും ശിവമയമായ വാസുകിയേയും ഏക ഭാവത്തിൽ ഇവിടെ പ്രതിഷ്ഠ നടത്തിയ ഏക സർപ്പക്ഷേത്രമെന്ന പ്രത്യേകതയും മണ്ണാറശാലയ്ക്കുണ്ട്. നാഗരാജാവിന്റെ മറ്റൊരു രാജ്ഞിയായ "നാഗയക്ഷിയും" സഹോദരി "നാഗചാമുണ്ഡിയുമാണ്" മറ്റു പ്രതിഷ്ഠകൾ.
 
മണ്ണാറശ്ശാല ആയില്യം എന്ന പേരിൽ പ്രസിദ്ധമായ തുലാത്തിലെ ആയില്യമാണ് ഇവിടത്തെ പ്രധാന ആഘോഷം. നാളെ (ശനിയാഴ്ച ) ഉച്ചയ്ക്ക് നാഗരാജാവിഗ്രഹവുമായി വലിയമ്മ നടത്തുന്ന പ്രദക്ഷിണമാണ് പ്രധാന ചടങ്ങ്. 

 

'മണ്ണാറിയ ശാല" മണ്ണാറശാലയായ കഥയിങ്ങനെ

സാന്താനമില്ലാത്തതിന്‍റെ ദുഖവുമായി കഴിഞ്ഞിരുന്ന ബ്രാഹ്മണ ദമ്പതികളായിരുന്നു വസുദേവനും ശ്രീദേവിയും. സന്താനലബ്ധിക്കായി ഇവർ  ഭഗവാനായ സർപ്പരാജാവിനെ പൂജിച്ചു കൊണ്ട് കാലംകഴിച്ചു. ഈ സമയത്താണ് നാഗരാജവിന്റെ അധിവാസത്തിനു ചുറ്റുമുളള വനത്തിൽ അപ്രതീക്ഷിതമായി തീപിടുത്തമുണ്ടായത്. കാട്ടുതീ ആ കൊടുംകാട്ടിൽ കത്തിപ്പടർന്നു. സകലതും നശിക്കുന്ന അന്തരീക്ഷം. അഗ്‌നിയിൽ സർപ്പങ്ങൾ വീർപ്പുമുട്ടി. ജീവനുവേണ്ടി കേണു. ആ കാഴ്ചകണ്ട് ദമ്പതികൾ പരിഭ്രമിച്ചു. തങ്ങളുടെ മുന്നിലേയ്ക്ക് ഇഴഞ്ഞുവന്ന സർപ്പങ്ങളെ അവർ പരിചരിച്ചു. രാമച്ച വിശറികൊണ്ട് വീശി. 

തേനും എണ്ണയും കലർത്തിയ നെയ്യുകൊണ്ട് അഭിഷേകം ചെയ്തു. സർപ്പങ്ങളെ ആശ്വസിപ്പിച്ചു. അഗ്‌നിയിൽനിന്ന് രക്ഷപെട്ട അരയാൽ വൃക്ഷങ്ങളുടെ ചുവടുകളിലും പേരാൽത്തറകളിലും ആൽമരങ്ങളുടെ പോടുകളിലും സർപ്പങ്ങളെ ഇരുത്തി. സിദ്ധമന്ത്രങ്ങൾ ജപിച്ച് ദിവ്യൗഷധങ്ങൾ പ്രയോഗിച്ച് സർപ്പങ്ങളുടെ വ്രണങ്ങൾ ഉണക്കി. പഞ്ചഗവ്യാദി തീർത്ഥങ്ങൾകൊണ്ട് അഭിഷേകം ചെയ്തു. കമുകിൻ പൂക്കുലകൾ, സുഗന്ധ പുഷ്പങ്ങൾ, ജലഗന്ധധൂപകുസുമാദികളോടു കൂടിയുളള പൂജകൾ നടത്തി. നെയ്യ് ചേർത്ത നിവേദ്യം, പാൽപ്പായസം, അരവണ, അരിപ്പൊടി, മഞ്ഞൾപ്പൊടി, കരിക്കിൻവെളളം, കദളിപ്പഴം, നെയ്യ്, പശുവിൻ പാല് എന്നിവ കലർത്തിയ നൂറുംപാലും സർപ്പദേവതകളുടെ മുന്നിൽ സമർപ്പിച്ചു. ദമ്പതികളുടെ പരിചരണത്തിൽ സർപ്പദൈവങ്ങൾ സന്തുഷ്ടരായി.

കാട്ടുതീ അണഞ്ഞു. മണ്ണാറിയശാല മണ്ണാറശ്ശാലയായി. സർപ്പങ്ങൾക്ക് അഭയം ലഭിച്ച പുണ്യസ്ഥലമായി. മന്ദാര തരുക്കൾ നിറഞ്ഞ ശാല മണ്ണാറശ്ശാലയെന്നും വിശ്വാസം. ശ്രീദേവി അന്തർജനം ഇരട്ടപെറ്റു. അഞ്ചുതലയുളള സർപ്പശിശുവും ഒരു മനുഷ്യശിശുവും. സഹോദരങ്ങൾ ഒന്നിച്ചു വളർന്നു. മനുഷ്യശിശു ഗൃഹസ്ഥാശ്രമത്തിലേക്ക് കടന്നു. സ്വതസിദ്ധരായ സർപ്പരൂപത്തിൽ തനിക്ക് ഇല്ലത്ത് സഞ്ചരിക്കുവാൻ കഴിയില്ലെന്ന് മാതാവിനോട് അപേക്ഷിച്ച നാഗരാജാവ് ശാന്തമായ ഏകാന്ത സങ്കേതത്തിലേയ്ക്ക് നീങ്ങി. 

അതാണ് ഇന്നും കാണുന്ന നിലവറ. അവിടെ നാഗരാജാവ് ചിരംജീവിയായി വാഴുന്നു എന്ന് തലമുറകൾ വിശ്വസിക്കുന്നു. നിലവറയിൽ വാണരുളുന്ന നാഗരാജനെ ഇല്ലത്തുളളവർ മുത്തച്ഛൻ എന്നും അപ്പൂപ്പനെന്നും വിളിക്കുന്നു.നിലവറയിൽ വാഴുന്ന മുത്തച്ഛനെ വർഷത്തിലൊരിക്കൽ നേരിട്ടുകാണാൻ മാതാവിന് അവസരം നൽകാൻ അതുണ്ടാക്കിയതിന്റെ ഓർമയ്ക്കാണ് ഇന്നും ആയില്യം നാൾ അമ്മ ഇവിടെ പൂജ നടത്തുന്നു. ക്ഷേത്രപൂജയ്ക്കുള്ള അനുമതിയും അമ്മയ്ക്ക് കിട്ടുന്നത് മുത്തച്ഛനിൽനിന്നാണെന്ന് വിശ്വാസം. അന്നുമുതൽ ക്ഷേത്രപൂജാരിണിയായി വലിയമ്മ തുടരുന്നു.

മന്ദാരശാല 'മണ്ണാറശാലയായെന്ന" മറ്റൊരൈതീഹ്യം
 
മറ്റൊരു ഐതിഹ്യം കേരളോത്പത്തി കഥയുമായി ബന്ധപ്പെട്ടവയാണ്. പരശുരാമൻ കേരളം സൃഷ്ടിച്ച ശേഷം പരദേശങ്ങളിൽ നിന്ന് ബ്രാഹ്മണരെ ഇവിടെ കൊണ്ടുവന്നു പാർപ്പിച്ചു. സർപ്പങ്ങള്‍ നിറഞ്ഞിരുന്നതിനാലും ഉപ്പുരസം അധികരിച്ചിരുന്നതിനാലും മനുഷ്യവാസം അസാധ്യമായി. ശിവന്‍റെ നിർദേശ പ്രകാരം സര്‍പ്പരാജാവായ വാസുകിയെ പരശുരാമന്‍ തപസു ചെയ്ത് പ്രത്യക്ഷപ്പെടുത്തി വാസുകിയുടെ നിർദേശപ്രകാരം സർപ്പങ്ങൾ ജലത്തിലെ ഉപ്പു നീക്കി ബ്രാഹ്മണാധിവാസം സാധ്യമാക്കി.

മനുഷ്യർക്ക്  ഉപദ്രവമുണ്ടാകാത്ത വിധം സർപ്പങ്ങളെ കാവുകളുണ്ടാക്കി പാർപ്പിച്ച് പൂജിക്കുകയും ആരാധിക്കുകയും ചെയ്താൽ നാടിനും ജനതയ്ക്കും ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകുമെന്ന വാസുകി അരുളിപ്പാട് നല്‍കി.വാസുകിയുടെ അരുളിപ്പാട് യാഥാർഥ്യമാക്കാന്‍ അനുയോജ്യമായ പ്രദേശം തേടി പരശുരാമൻ യാത്ര തുടർന്നു. പൂവിട്ട മന്ദാരം കാറ്റിലിളകുന്ന ഒരു കാനനപ്രദേശം കണ്ടെത്തി. ഇവിടമാണ് മന്ദാരശാല. പിന്നീടിത് മണ്ണാറശാലയായി മാറി. മൂർത്തിത്രയ രൂപിയായ വാസുകിയെ സർപ്പയക്ഷി, നാഗയക്ഷി എന്നീ പത്നിമാരോടും  നാഗചാമുണ്ഡി എന്ന സഹോദരിയോടും പരിവാരങ്ങളായ നാഗങ്ങളോടും കൂടി ഇവിടെ പ്രതിഷ്ഠിച്ചു. 

ഇരിങ്ങാലക്കുട ഗ്രാമത്തില്‍ നിന്നും പണ്ഡിതനായ ഒരു ബ്രാഹ്മണനെ പരശുരാമൻ നാഗപൂജയ്ക്കായി നിയോഗിക്കുകയും പൂജാമന്ത്രങ്ങളും ക്രമങ്ങളും കൈമാറുകയും ചെയ്തു. മണ്ണാറശാല ക്ഷേത്രത്തിനു സമീപം ഈ ബ്രാഹ്മണന്‍ താമസിച്ചിരുന്ന എരിങ്ങാടപ്പള്ളി ഇല്ലം ഇപ്പോഴുമുണ്ട്. നിലവറയിലെ മുത്തശ്ശനെന്ന് ഇല്ലത്തുള്ളവര്‍ ഭക്ത്യാദരവോടെ വിളിക്കുന്ന നാഗരാജാവിന്റെ അഭീഷ്ട പ്രകാരമാണ് അതതു കാലത്ത് മൂപ്പുള്ള അമ്മ ഇവിടെ മുഖ്യ പൂജാരിണിയായത്. 

മണ്ണാറശാല വലിയമ്മ

mannarasala temple

ക്ഷേത്രത്തിലെ പ്രധാന പൂജകൾ ചെയ്യുന്നത് മണ്ണാറശാല ഇല്ലത്തെ മുതിർന്ന സ്ത്രീ ആണ്. "വലിയമ്മ" എന്ന പേരിലാണ് ഈ പുരോഹിതയായ അന്തർജ്ജനം അറിയപ്പെടുന്നത്. നാഗരാജാവിന്‍റെ "അമ്മയുടെ" സ്ഥാനമാണ് വലിയമ്മക്കെന്നാണ് വിശ്വാസം. ഇല്ലത്തെ മൂപ്പുമുറ അനുസരിച്ചുള്ള കാരണവന്മാർ വേളികഴിച്ചുകൊണ്ടുവന്ന സ്ത്രീകളാണ് അമ്മയായി വാഴിക്കപ്പെടുന്നത്. അമ്മയുടെ പ്രഭാതം വിരിയുന്നത് നാഗപൂജയ്ക്കുവേണ്ടിമാത്രമാണ്. പുലർച്ചെ  എഴുന്നേറ്റ് ജലപാനം പേലും ഇല്ലാതെ ആറുമണിക്ക് ആരംഭിക്കുന്ന പൂജ അവസാനിക്കുമ്പോൾ ഒരു മണിയാകും. 

പൂജ കഴിഞ്ഞ് ലഘു ഭക്ഷണം. രാത്രി ഒൻപതിന് കിടക്കുന്നതുവരെ നാഗോപാസനയും ഭക്തർക്ക് ദർശനവും. ഇല്ലത്തെ നാലുകെട്ടിലാണ് വലിയമ്മയുടെ താമസം. നിലവറയുടെ സമീപം ഉറക്കം. ഇത് തലമുറകളിലൂടെ കൈമാറി വന്ന വിശ്വാസം. ഇല്ലത്തെ നിലവറയിൽ ചിരഞ്ജീവിയായി വാഴുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന സർപ്പദൈവങ്ങളുടെ സമീപം അമ്മ വേദമന്ത്രോച്ചാരണങ്ങളുമായി കഴിയുന്നു. മണ്ണാറശാലയിലെ വലിയമ്മയായി ചിത്രത്തിലൂടെ ചരിത്രത്തിൽ സ്ഥാനം പിടിച്ച സാവിത്രി അന്തർജ്ജനം 91-മത്തെ വയസ്സിൽ 1993 ഒക്ടോബർ 24ന് സമാധിയടഞ്ഞതോടെയാണ് അന്നത്തെ ചെറിയമ്മയായ ഉമാദേവി വലിയമ്മയായി അവരോധിക്കപ്പെട്ടത്. കോട്ടയം വാങ്ങാനം ചെമ്പകല്ലൂർ ഇല്ലത്തെ സുബ്രഹ്മണ്യൻ നമ്പൂതിരിയുടേയും രുഗ്മിണിഅന്തർജനത്തിന്റെയും മകളായി 1930 കുംഭമാസത്തിലെ മൂലം നാളിൽ ജനിച്ച ഉമാദേവിയെ 22-മത്തെ വയസ്സിലാണ് മണ്ണാറശാല ഇല്ലത്തെ എം.ജി. നാരായണൻ നമ്പൂതിരി വേളി കഴിച്ചുകൊണ്ടുവന്നത് 1951 ൽ.

ആറുവർഷത്തെ ദാമ്പത്യത്തിൽ ഒരുമകൾ മാത്രം. ഭർത്താവിന്‍റെ മരണശേഷം മുഴുവൻ സമയവും അന്നത്തെ ക്ഷേത്ര പൂജാരിണിയായ വലിയമ്മയുടെ സന്തത സഹചാരിയായി കഴിയുകയായിരുന്നു ഉമാദേവി. 34 വർഷം വലിയമ്മയുടെ എല്ലാക്കാര്യത്തിലും ഒപ്പം നിന്ന ഉമാദേവി 1993 ലെ വിജയദശമിദിനത്തിൽ വലിയമ്മസ്ഥാനത്തിന്‍റെ പടിയിലേക്ക് കയറുകയായിരുന്നു. 

മലയാള മാസത്തിലെ പൂയം നാളുകൾ, കന്നി, തുലാം മാസങ്ങളിലെ ആയില്യത്തിന് മുന്നോടിയായുള്ള 12 ദിവസങ്ങൾ, മാഘമാസം ഒന്നുമുതൽ ശിവരാത്രി തലേന്ന് വരെ, കർക്കിടകം ഒന്നു മുതൽ 12 വരെ എന്നീ ദിവസങ്ങളിൽ അമ്മയാണ് പൂജ കഴിക്കുക. ശിവരാത്രി പിറ്റേന്ന് അമ്മ നിലവറ തുറന്ന് നൂറുംപാലും നടത്തും. കന്നി, തുലാം, കുംഭം മാസങ്ങളിൽ ആയില്യം നാളിൽ നാഗരാജാവിനെ ക്ഷേത്രത്തിൽ നിന്നും എഴുന്നള്ളിച്ച് ഇല്ലത്തെ നിലവറയിൽ പ്രതിഷ്ഠിച്ച് അമ്മ നൂറും പാലും നടത്തും.


നൂറുപാലും വഴിപാട്, മക്കളുണ്ടാകാൻ ഉരുളി കമഴ്ത്ത്

നൂറും പാലുമാണ് ഇവിടുത്തെ ഏറ്റവും പ്രധാന വഴിപാട്. സന്താനമില്ലാത്ത ദമ്പതിമാർ ക്ഷേത്രത്തിലെത്തി പ്രാർത്ഥിച്ച് വഴിപാടുകൾ നടത്തിയശേഷം ഉരുളി കമഴ്ത്തിയാൽ കുട്ടികളുണ്ടാകുമെന്നും വിശ്വാസമുണ്ട്. ക്ഷേത്രത്തിലെ ഏറ്റവും പ്രധാന നിവേദ്യമായ നൂറുംപാലും നൽകുന്ന വിശിഷ്ടപാത്രമാണ് ഉരുളി. വ്രതം അനുഷ്ഠിച്ചുകൊണ്ട് ദമ്പതികൾ ക്ഷേത്രത്തിലെത്തുന്ന ദമ്പതികൾ പുതിയ ഓട്ടുരളി വാങ്ങി ക്ഷേത്രത്തിന് മൂന്ന് പ്രദക്ഷിണം വെച്ച് നാഗരാജാവിന്‍റെ നടയ്ക്കു  ഉരുളി വെയ്ക്കണം. 

മേൽശാന്തി പറഞ്ഞുകൊടുക്കുന്ന പ്രാർത്ഥന ഇവർ ഏറ്റുചൊല്ലണം. തുടർന്ന് ദമ്പതികൾ ഇല്ലത്തു ചെന്ന് അമ്മയെ ദർശിച്ച് ഭസ്മം വാങ്ങണം. ഇവർ നടയ്ക്കു വെച്ച ഉരുളി പിന്നീട് അമ്മ നിലവറയിൽ കമഴ്ത്തിവെയ്ക്കുന്നു. എല്ലാശിവരാത്രിയുടെയും പിറ്റേന്ന് ഉരുളി കമഴ്ത്തിയ സ്ഥാനത്ത് അമ്മ പൂജ കഴിക്കുന്നു. സന്താനസൗഭാഗ്യം നേടി ദമ്പതിമാർ കുഞ്ഞുമായി എത്തുമ്പോഴാണ് ഉരുളി മലർത്തുന്നത്.  അതുവരെ ഉരുളിയുടെ കീഴിൽ ഒരു സർപ്പം തപസ്സു ചെയ്യുന്നുവെന്നാണ് വിശ്വാസം.ജാതി മത ഭേദമെന്യേ നിരവധി ഭക്തരാണ് ഉരുളി കമഴ്ത്തിനായി ക്ഷേത്രത്തിലെത്തുന്നത്.  

വർഷങ്ങൾക്കുമുമ്പ് സന്താനസൗഭാഗ്യത്തിനുവേണ്ടി ഇവിടെ വന്ന് പ്രാർത്ഥിച്ച ഒരു സ്ത്രീ നിവേദ്യം വച്ചിരുന്ന വക്കടർന്ന് പൊട്ടിയ ഒരു ഉരുളികണ്ട് പുതിയ ഒരു ഉരുളി വാങ്ങിക്കൊണ്ടുവന്ന് ക്ഷേത്രത്തിൽ കൊടുത്തു. അന്നത്തെ വല്യമ്മ ആ ഉരുളി നിലവറയിൽകൊണ്ടുന്നചെന്ന് കമഴ്ത്തി. മാസങ്ങൾക്കകം ആ സ്ത്രീക്ക് ഗർഭമുണ്ടായെന്നും ഒരു ഐതിഹ്യമുണ്ട്. അതിനുശേഷമാണ് ഇതൊരു വഴിപാടായി മാറിയത്. 

ക്ഷേത്രത്തിലെത്താനുള്ള വഴി: ഹരിപ്പാട് ബസ് സ്റ്റാൻഡ്, റെയിൽവെ സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്ന് മൂന്നര കിലോമീറ്ററോളം ദൂരം മാത്രം. 


 

Follow Us:
Download App:
  • android
  • ios