കമ്പകക്കാനം കൂട്ടക്കൊലപാതക കേസിന്‍റെ ചുരുളഴിയുന്നു. ഇന്നലെ കാളിയാര്‍ പൊലീസ് അറസ്റ്റ് ചെയ്ത കൂട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി അനീഷിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൊലപാതകത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. കൊലപ്പെട്ട കൃഷ്ണന്‍റെ ശിഷ്യനായിരുന്ന അനീഷ് മന്ത്രസിദ്ധികൾ സ്വന്തമാക്കുന്നതിനായിരുന്നു കൊലപാതകം നടത്തിയത്. ഇതിനായി സുഹൃത്ത് ലിബീഷിനെയും ഒപ്പം കൂട്ടി. 

കൊലപാതകത്തിന്‍റെ സമയം ഗണിച്ച് കൊടുത്തത് അടിമാലിയിലെ ജ്യോത്സ്യനാണ്. ഇയാളും കേസില്‍ പ്രതിയാകും. ആറ് മാസം മുമ്പ് ആസൂത്രണം ചെയ്ത കൊലപാതകത്തിനായി തയ്യാറെടുപ്പുകൾ നടത്തിയിരുന്നെന്ന് അനീഷ് വെളിപ്പെടുത്തി. ജൂലൈ 29 ഞായറാഴ്ച അ‍ർദ്ധരാത്രി കമ്പകക്കാനത്തെത്തിയ അനീഷും സുഹൃത്ത് ലിബീഷും ശബ്ദമുണ്ടാക്കി കൃഷ്ണനെ വീടിന് പുറത്തിറക്കിയ ശേഷം തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. കൃഷ്ണനെ ആദ്യം ആക്രമിച്ചത് താനാണെന്ന് അനീഷ് മൊഴി നൽകിയിട്ടുണ്ട്. പിന്നാലെ വീട്ടിലുണ്ടായിരുന്ന മറ്റ് മൂന്ന് പേരെയും മൃഗീയമായി കൊലപ്പെടുത്തി മൃതദേഹങ്ങൾ കുഴിച്ചിട്ടു. മൃതദേഹങ്ങൾ മറവ് ചെയ്യുന്നതിന് മുമ്പ് പ്രതികൾ ആസിഡ് ഒഴിച്ചു. മൃതദേഹങ്ങൾ കുഴിയിലിട്ടാണ് ആസിഡ് ഒഴിച്ചത്. സ്ത്രീകളുടെ മൃതദേഹം മറവ് ചെയ്യുന്നതിന് മുമ്പ് അപമാനിച്ചെന്നും പോലീസ് പറഞ്ഞു. 


കമ്പകക്കാനം കാനാട്ട് കൃഷ്ണന്‍, ഭാര്യ സുശീല, മക്കളായ ആര്‍ഷ, അര്‍ജുന്‍ എന്നിവരെ കഴിഞ്ഞ ബുധനാഴ്ചയാണ് വീടിനു പിന്നിലെ ആട്ടിന്‍ കൂടിനു സമീപം കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തിയത്. കൃഷ്ണനുമായി ബന്ധപ്പെട്ട നൂറോളം പേരെ ചോദ്യം ചെയ്തിരുന്നു. ഇവരില്‍ നിന്നും ലഭിച്ച ചില വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസിന്‍റെ അന്വേഷണം പ്രതികളായ അനീഷിലേക്കും ലിബീഷിലേക്കും എത്തിയത്. കഴിഞ്ഞ 29 നു രാത്രി ഇരുവരും ചേര്‍ന്ന് കൃഷ്ണനെയും കുടുംബത്തെയും വകവരുത്തുകയായിരുന്നെന്ന് കഴിഞ്ഞ ദിവസം പിടിയിലായ കൂട്ടുപ്രതി വെളിപ്പെടുത്തിയിരുന്നു. അനീഷാണ് കൊലപാതകത്തിന് മുന്‍കൈ എടുത്തതെന്നും ഇയാള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. 

കൊലപ്പെട്ട കൃഷ്ണന്‍റെ ശിഷ്യനായിരുന്ന അനീഷ് മന്ത്രസിദ്ധികൾ സ്വന്തമാക്കുന്നതിനായിരുന്നു കൊലപാതകം നടത്തിയത്. ഇതിനായി സുഹൃത്ത് ലിബീഷിനെയും ഒപ്പം കൂട്ടുകയായിരുന്നു. കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളും വീട്ടിൽ നിന്ന് കവർന്ന സ്വർണാഭരണങ്ങളും കൂട്ടുപ്രതി ലിബീഷിന്‍റെ വീട്ടിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. കേസിൽ രണ്ട് ദിവസം മുമ്പ് അറസ്റ്റിലായ ലിബീഷ് റിമാൻഡ് കസ്റ്റഡിയിലാണ്. ഇടുക്കി എ ആർ ക്യാമ്പിൽ അനീഷിനെയും ലിബീഷിനെയും ഒരുമിച്ചിരുത്തിയാണ് പൊലീസ് ചോദ്യം ചെയ്യുന്നത്.