ആലപ്പുഴ പുന്നപ്ര കടപ്പുറത്ത് 10 രൂപയാണ് ഒരു കിലോ മത്തിയുടെ വില. മൂന്ന് കിലോമീറ്റപ്പുറം ദേശീയ പാതയോരത്ത് ഇത് നാട്ടുകാര്‍ക്ക് വില്‍ക്കുന്നത് 80 രൂപയ്ക്കുമാണ്. ഇവിടത്തന്നെ  ഒരു കിലോ മത്തിയില്‍ വന്ന മാറ്റം 70 രൂപ. 80 രൂപയ്‌ക്ക് നാട്ടുകാര്‍ വാങ്ങുന്ന മത്തിക്ക് അത് പിടിച്ചുകൊണ്ടു വരുന്ന തൊഴിലാളിക്ക് കിട്ടുന്നത് വെറും 10 രൂപ മാത്രം. 70 രൂപ ലേലക്കാരനില്‍ തുടങ്ങി വില്‍പനക്കാര്‍ വരെയുള്ള ഇടനിലക്കാര്‍ കൊണ്ടുപോകുന്നു. ഈ മത്തി നേരിട്ട് ജനങ്ങള്‍ക്ക് വില്‍ക്കാന്‍ സര്‍ക്കാര്‍ സംവിധാനം ഒരുക്കിയിരുന്നെങ്കില്‍ പത്ത് എന്നുള്ളത് ഒരു നാല്പത് രൂപയെങ്കിലും കിട്ടുമായിരുന്നെന്ന് തൊഴിലാളികള്‍ പറയുന്നു

വലിയ വള്ളങ്ങള്‍ക്ക് 60 ലക്ഷം മുതല്‍ 80 ലക്ഷം രൂപ വരെ നിര്‍മ്മാണ ചെലവ് വരും. സഹകരണ സംഘങ്ങളില്‍ നിന്നും ബാങ്കുകളില്‍ നിന്നും സ്വകാര്യ പണമിടപാടുകാരില്‍ നിന്നും കൊള്ളപ്പലിശക്ക് പണമെടുത്ത് ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് മിക്ക വള്ളങ്ങളും ഇറക്കുന്നത്. ഈ വള്ളക്കാരെല്ലാം  ഈ ഇടനിലക്കാരില്‍ നിന്ന് കടുത്ത ചൂഷണമാണ് നേരിടുന്നത്. ശരാശരി കണക്കെടുത്താല്‍ നൂറു രൂപയുടെ മീന്‍, വിപണയില്‍ നിന്ന് വാങ്ങുമ്പോള്‍ അതിന്‍റെ ഉത്പാദകനായ മല്‍സ്യത്തൊഴിലാളിക്ക് കിട്ടുന്നത് കേവലം 39 രൂപയാണ്. അതായത് 61 രൂപ ഇടനിലക്കാര്‍ കൊണ്ടുപോകുന്നുവെന്ന് അര്‍ത്ഥം

വിപണയിലെ ഈ ചൂഷണം അവസാനിപ്പിച്ച് പിടിച്ചുകൊണ്ടുവരുന്ന മത്സ്യത്തിന് മാന്യമായ വില നല്‍കാന്‍ കാലമേറെ കഴിഞ്ഞിട്ടും നമ്മുടെ സര്‍ക്കാര്‍ സംവിധാനത്തിന് കഴിഞ്ഞിട്ടില്ല. സംസ്ഥാനത്തെ ഒട്ടുമിക്ക ഫിഷറീസ് ഹാര്‍ബറുകളിലും ഫിഷ് ലാന്‍റിങ് സെന്‍ററുകളിലും മത്സ്യത്തൊഴിലാളിക്ക് ഒരു വിലയുമില്ല. ഇടനിലക്കാര്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നു. അവര്‍ പറയുന്നതാണ് ഇവിടങ്ങളിലെല്ലാം നടക്കുന്നത്. വലിയ തുക ആദ്യം ഇറക്കേണ്ടതിനാല്‍ അതിറക്കുന്നവര്‍ പിടിച്ചുകൊണ്ടു വരുന്ന മത്സ്യത്തിന്‍റെ ഉടമകളാകുന്നു. ഈ പണക്കാരുടെ കൈകളിലെ പാവകളായി നമ്മുടെ മല്‍സ്യത്തൊഴിലാളികള്‍ മാറുന്നു.