ആന്ധ്രാപ്രദേശ്:  പ്രതിപക്ഷ നേതാവ് ജഗൻ മോഹൻ റെഡ്ഡിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ ആന്ധ്ര പ്രദേശിൽ പുതിയ രാഷ്ട്രീയ വിവാദം. ബിജെപിയും വൈഎസ്ആർ കോൺഗ്രസും ചേർന്നുളള തിരക്കഥയാണ് വിശാഖപട്ടണത്ത് നടന്നതെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കുറ്റപ്പെടുത്തി. ജഗനെ കുത്തിയ ശ്രീനിവാസ റാവു അദ്ദേഹത്തിന്‍റെ ആരാധകനാണെന്നും ശ്രദ്ധ പിടിച്ചുപറ്റാനാണ് കൃത്യം നടത്തിയതെന്നും ആന്ധ്രാ പൊലീസ് പറയുന്നു. 

വിശാഖപട്ടണം വിമാനത്താവളത്തിൽ അതീവ സുരക്ഷാ മേഖലയിൽ പ്രതിപക്ഷ നേതാവ് ആക്രമിക്കപ്പെട്ടത് ആന്ധ്രയിൽ രാഷ്ട്രീയപ്പോര് കടുപ്പിക്കുകയാണ്. സുരക്ഷാ വീഴ്ചക്ക് ടിഡിപി ഉത്തരം പറയണമെന്ന വൈഎസ്ആർ കോൺഗ്രസിന്‍റെ ആവശ്യത്തിന് പിന്നാലെയാണ് രൂക്ഷപ്രതികരണവുമായി ചന്ദ്രബാബു നായിഡു രംഗത്തെത്തിയത്. 

നാൽപ്പത് വർഷത്തെ രാഷ്ട്രീയ ജീവിതത്തിനിടയിൽ ഇത്രയും തരംതാണ നാടകം കണ്ടിട്ടില്ലെന്നും ബിജെപിയും വൈഎസ്ആർ കോൺഗ്രസും ഒത്തുകളിക്കുകയാണെന്നും നായിഡു പറഞ്ഞു. സംസ്ഥാനത്ത് ക്രമസമാധാന നില തകരാറിലെന്ന് വരുത്തിത്തീർക്കാനുളള ശ്രമമാണ്. സർക്കാരിനെ പിരിച്ചുവിടുകയാണ് കേന്ദ്രത്തിന്‍റെ ഉദ്ദേശം. 

സർക്കാരിനെ അറിയിക്കാതെ ഡിജിപിയോട് റിപ്പോ‍ർട്ട് തേടിയ ഗവർണർ ഇ എസ് എൽ നരസിംഹന്‍റെ നടപടിയെയും അദ്ദേഹം വിമർശിച്ചു. ഒരുപാട് ഗവർണർമാരെ കണ്ടിട്ടുണ്ടെന്നും നരസിംഹന്‍റെ നടപടി പദവിക്ക് നിരക്കുന്നതല്ലെന്നും നായിഡു തുറന്നടിച്ചു. 

അതേ സമയം അക്രമിയുടെ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടു. ഈസ്റ്റ് ഗോദാവരി സ്വദേശിയായ ശ്രീനിവാസ റാവു ജഗന്‍റെ കടുത്ത ആരാധകനാണ്. പ്രശസ്തിക്ക് വേണ്ടിയാണ് കൃത്യം നടത്തിയത്. സംഭവം നാടകമെന്ന് സൂചിപ്പിക്കാൻ ഈ ബന്ധവും ആന്ധ്ര മുഖ്യമന്ത്രി ഉപയോഗിച്ചു. 

എന്നാല്‍ അക്രമിയുടെ ബന്ധുക്കൾ ടിഡിപി പശ്ചാത്തലം ഉളളവരാണെന്നും പാർട്ടിയുടെ പങ്ക് അന്വേഷിക്കണമെന്നും വൈഎസ്ആർ കോൺഗ്രസ് നേതാക്കളും ആവശ്യപ്പെട്ടു. വിശാഖപട്ടണം വിമാനത്താവളത്തിൽ വച്ച് സെൽഫിയെടുക്കാനെത്തിയ യുവാവാണ് കോഴിപ്പോരിന് ഉപയോഗിക്കുന്ന ആയുധം കൊണ്ട് വ്യാഴാഴ്ച ഉച്ചയ്ക്ക് ജഗൻ മോഹൻ റെഡ്ഡിയെ ആക്രമിച്ചത്.