Asianet News MalayalamAsianet News Malayalam

കേരളത്തിൽ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടന്നില്ല, ഗുരുതര അനാസ്ഥയെന്ന് വി ഡി സതീശൻ

ആറ് മണിക്ക് മുൻപ് പോളിംഗ് സ്റ്റേഷനിൽ എത്തിയിട്ടും വോട്ട് ചെയ്യാനാകാത്ത സാഹചര്യം പലയിടങ്ങളിലും ഉണ്ടായെന്ന് പ്രതിപക്ഷ നേതാവ്

Opposition Leader V D Satheesan said that free and fair election not happened in Kerala
Author
First Published Apr 26, 2024, 9:36 PM IST | Last Updated Apr 26, 2024, 9:36 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കനത്ത ചൂടിൽ പല ബൂത്തുകളിലും വോട്ടർമാർ മണിക്കൂറുകൾ കാത്ത് നിന്ന ശേഷം മടങ്ങി. മടങ്ങി പോയി തിരികെ വന്നവരിൽ പലർക്കും വോട്ട് ചെയ്യാൻ  അവസരം ലഭിച്ചില്ല. ആറ് മണിക്ക് മുൻപ് പോളിംഗ് സ്റ്റേഷനിൽ എത്തിയിട്ടും വോട്ട് ചെയ്യാനാകാത്ത സാഹചര്യം പലയിടങ്ങളിലും ഉണ്ടായെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. 

മിക്കയിടത്തും  മന്ദഗതിയിലാണ് വോട്ടിംഗ് നടന്നത്. നാലര മണിക്കൂർ വരെ ചില വോട്ടർമാർക്ക് കാത്ത് നിൽക്കേണ്ടി വന്നതായി റിപ്പോർട്ടുണ്ട്. ഉദ്യോഗസ്ഥതലത്തിൽ ഗുരുതരമായ അനാസ്ഥയുണ്ടായെന്ന് സംശയിക്കാവുന്ന തരത്തിലാണ് വോട്ടിംഗ് നടന്നത്. പോളിംഗ് ശതമാനം കുറയാൻ കാരണമായതും ഉദ്യോഗസ്ഥ തലത്തിലെ മൊല്ലപോക്കാണെന്ന് വി ഡി സതീശൻ കുറ്റപ്പെടുത്തി.

രണ്ട് മണിക്കൂര്‍ ക്യൂ നിന്ന് വോട്ട് ചെയ്തതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു; ഇനിയും 600 പേര്‍ ക്യൂവില്‍

വോട്ടിംഗ് യന്ത്രങ്ങൾക്ക് തകരാർ കണ്ടെത്തിയ ബൂത്തുകളിൽ പോളിംഗ് സമയം ദീർഘിപ്പിച്ച് നൽകിയില്ലെന്ന് വി ഡി സതീശൻ ആരോപിച്ചു. സമീപ കാലത്തെങ്ങും ഇത്രയും മോശപ്പെട്ട രീതിയിൽ തെരഞ്ഞെടുപ്പ്  ക്രമീകരണങ്ങൾ ഉണ്ടായിട്ടില്ല. ഇതേക്കുറിച്ച് അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios