തിരുവനന്തപുരം: 500,1000 നോട്ടുകള്‍ അസാധുവാക്കിയതിന് ശേഷമുള്ള ആഴ്ചകളില്‍ സംസ്ഥാനത്ത് രജിസ്ട്രേഷന്‍ വരുമാനം മുന്നിലൊന്നായി കുറഞ്ഞു. ഉയര്‍ന്ന മൂല്യമുള്ള ഭൂമി  ഇടപാടുകളിലും  വന്‍ ഇടിവെന്ന് ഔദ്യോഗിക രേഖകള്‍ തെളിയിക്കുന്നു. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ നിരോധിച്ചത് സംസ്ഥാനത്തെ രജിസ്ട്രേഷന്‍ വകുപ്പിനെ ഗുരുതരമായി ബാധിച്ചുവെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്.

500 ,1000 രൂപ നോട്ടുകള്‍ അസാധുവാക്കി കൊണ്ടു ഉത്തരവ് വരുന്നത് കഴിഞ്ഞ എട്ടാം തീയതി. പിറ്റേ ദിവസം തന്നെ രജിസ്ട്രേഷന്‍ വകുപ്പിന്റെ വരുമാനത്തില്‍ കുറവ് വന്നത് 85 ശതമാനം. ഈ മാസം മൂന്ന് മുതല്‍ എട്ടാം തിയതി വരെ 9.40 കോടി രൂപ ശരാശരി വരുമാനം ലഭിച്ചപ്പോള്‍ നിരോധനത്തിന് പിറ്റേന്ന് ലഭിച്ചത് 1.49 കോടി രൂപ മാത്രം.

ഇതില്‍ തന്നെ 42 ലക്ഷം രൂപ മാത്രമാണ് ഫീസിനത്തില്‍ ലഭിച്ചത്. പിന്നീടുള്ള ദിവസങ്ങളിലും രജിസ്ട്രേഷന്‍ വരുമാനം വളരെയധികം കുറഞ്ഞു.  ആധാരങ്ങളുടെ രജിസ്ട്രേഷനില്‍ 55 ശതമാനം കുറവ് വന്നു. ഉയര്‍ന്ന മൂല്യമുള്ള ഭൂമി ഇടപാടുകളില്‍ വന്‍ ഇടിവ് ഉണ്ടായി. അതേസമയം, പണലഭ്യത  കൂടുന്നതനുസരിച്ച്  പടിപടിയായി വരുമാനം കൂടി വരുന്നതായും കണക്കുകള്‍ തെളിയിക്കുന്നുണ്ട്.