തിരുവനന്തപുരം: പ്രകൃതി ദുരന്തങ്ങളുണ്ടാവുമ്പോള്‍ അഭയം നല്‍കാന്‍ സ്ഥിരം കേന്ദ്രങ്ങള്‍ വരുന്നു. കേരളത്തില്‍ 17 ഇടങ്ങളിലാണ് ദുരന്തനിവാരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത്. തീരപ്രദേശങ്ങളോട് അനുബന്ധിച്ചാണ് അഭയ കേന്ദ്രങ്ങളെല്ലാം. ദേശീയ ചുഴലിക്കാറ്റ് അപകട സാധ്യതാ ലഘൂകരണ പദ്ധതി പ്രകാരമാണ് 17 അഭയ കേന്ദ്രങ്ങള്‍ കേരളത്തില്‍ സ്ഥാപിക്കുന്നത്.

ചുഴലിക്കാറ്റ്, സുനാമി, കടലാക്രമണം തുടങ്ങിയവ ഉണ്ടാകുമ്പോള്‍ ഉപയോഗപ്പെടുത്തുക എന്ന ഉദ്ദേശത്തിലാണിത്. ആലപ്പുഴ ജില്ലയില്‍ നാല് സ്ഥലങ്ങളിലും കാസര്‍ക്കോട്ട് മൂന്നിടങ്ങളിലും കേന്ദ്രങ്ങളുണ്ടാകും. കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, എറണാകുളം ജില്ലകളില്‍ രണ്ട് വീതം കേന്ദ്രങ്ങള്‍.

കോഴിക്കോട്, കൊല്ലം ജില്ലകളില്‍ ഓരോ രക്ഷാ കേന്ദ്രം വീതവും നിര്‍മ്മിക്കും. ഓരോ കേന്ദ്രത്തിലും ആയിരത്തോളം അഭയാര്‍ത്ഥികള്‍ക്ക് താമസിക്കാനുള്ള സൗകര്യങ്ങളുണ്ടാവും. ചുഴലിക്കാറ്റ് അടക്കമുള്ളവയുടെ മുന്നറിയിപ്പ് നല്‍കുന്നതിനുള്ള സംവിധാനങ്ങളും ഇതോടനുബന്ധിച്ച് ഒരുക്കും. ദുരന്തനിവാരണ പരിശീലന പരിപാടികളും രക്ഷാ കേന്ദ്രങ്ങളോട് അനുബന്ധിച്ച് സംഘടിപ്പിക്കും. 

കേരളത്തില്‍ സ്ഥാപിക്കുന്ന സ്ഥിരം അഭയ കേന്ദ്രങ്ങള്‍ 

കാസര്‍ക്കോട് ജില്ല- പുല്ലൂര്‍, കോയിപ്പാടി, കുട് ലു 

കണ്ണൂര്‍ ജില്ല- കതിരൂര്‍, കണ്ണൂര്‍ 

കോഴിക്കോട് ജില്ല- കസബ 

മലപ്പുറം ജില്ല- പറവണ്ണ, പാലപ്പെട്ടി 

തൃശൂര്‍ ജില്ല- അഴീക്കോട്, കടപ്പുറം 

എറണാകുളം ജില്ല- പള്ളിപ്പുറം, തുരുത്തിപ്പുറം 

ആലപ്പുഴ ജില്ല- മാരാരിക്കുളം, ചെറുതന, പുറക്കാട്, കുമാരപുരം 

കൊല്ലം ജില്ല- തഴവ