ദില്ലി: വിവാദമായ പഞ്ചാബ് നാഷണൽ ബാങ്ക് വായ്പാ തട്ടിപ്പ് കേസ് ഒത്തുതീ‍ര്‍ക്കാൻ പലവട്ടം ശ്രമിച്ചതാണെന്ന് മുഖ്യ പ്രതികളിൽ ഒരാളായ മെഹുൽ ചോക്സി. കേസിലെ പ്രധാന പ്രതിയും ലണ്ടനിൽ പൊലീസ് കസ്റ്റഡിയിലുളളയാളുമായ നീരവ് മോദിയുടെ അമ്മാവനാണ് മെഹുൽ ചോക്സി. താൻ അമേരിക്കയിൽ ചികിത്സയിലായിരുന്ന കാലത്താണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സിബിഐയും നടപടികളെടുത്തതെന്ന് കുറ്റപ്പെടുത്തിയ ചോക്സി, തന്റെ 12000 കോടി രൂപയുടെ ബിസിനസ് കേന്ദ്ര സര്‍ക്കാര്‍ തക‍ര്‍ത്തെന്നും കുറ്റപ്പെടുത്തി.

മെഹുൽ ചോക്സിയുടെ അഭിഭാഷകര്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. താൻ എന്തെങ്കിലും തെറ്റ് ചെയ്തതിനെ സാധൂകരിക്കുന്ന ഒരു തെളിവും ഇല്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. 1995 ൽ പഞ്ചാബ് നാഷണൽ ബാങ്കിൽ സമര്‍പ്പിച്ച രേഖകള്‍ ആധാരമാക്കിയാണ് റെയ്ഡുകൾ നടത്തിയതെന്ന് പ്രസ്താവനയിൽ കുറ്റപ്പെടുത്തുന്നു. ഈ രേഖകൾ തിരുത്താൻ പല തവണ ബാങ്കിനോട് ആവശ്യപ്പെട്ടതാണെന്നും, വായ്പാ തട്ടിപ്പ് നടത്തിയ ഒരു കമ്പനിയുമായും ചോക്സിക്ക് ഇപ്പോൾ ബന്ധമില്ലെന്നും ഇതിൽ അവകാശപ്പെടുന്നു. പുറമെ, 2000 ത്തിൽ തന്നെ ഈ കമ്പനികളുടെ പങ്കാളിത്തത്തിൽ നിന്ന് ചോക്സി ഒഴിഞ്ഞതാണെന്നും അഭിഭാഷകര്‍ പറയുന്നു.

കേസ് ഒത്തുതീര്‍ക്കാൻ നിരന്തരം ബാങ്കുമായി ബന്ധപ്പെട്ടെങ്കിലും എല്ലാം അവഗണിക്കപ്പെടുകയായിരുന്നുവെന്ന് മെഹുൽ ചോക്സിയുടെ പ്രസ്താവനയിൽ പറയുന്നുണ്ട്. തട്ടിപ്പിലെ ബാങ്കിന്റെ പങ്കാളിത്തം മറച്ചുവയ്ക്കാനും ബാങ്കിങ് സംവിധാനത്തിലെ തകരാറുകള്‍ മറച്ചുവയ്ക്കാനും വേണ്ടിയാണ് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നത്. 

ആഭരണ വിപണിയിൽ 25 വര്‍ഷം കൊണ്ട് മെഹുൽ ചോക്സി പടുത്തുയര്‍ത്തിയ 12000 കോടിയുടെ ബിസിനസാണ് കേന്ദ്ര സര്‍ക്കാരും പഞ്ചാബ് നാഷണൽ ബാങ്കും ചേര്‍ന്ന് തകര്‍ത്തതെന്ന് കുറ്റപ്പെടുത്തുന്നുണ്ട്. പഞ്ചാബ് നാഷണൽ ബാങ്കിന് പുറമെ, നാഷണൽ സ്റ്റോക് എക്സ്ചേഞ്ച്, ബോംബെ സ്റ്റോക് എക്സ്ചേഞ്ച്, സിബിഐ, എന്നിവയ്ക്കും തന്റെ നിരപരാധിത്വം വ്യക്തമാക്കി കത്തയച്ചിരുന്നുവെന്ന് മെഹുൽ ചോക്സി അവകാശപ്പെടുന്നുണ്ട്.

ചോക്സിയുടെ ഉടമസ്ഥതയിലുളള ഗീതാഞ്ജലി ജെംസ് ഒരൊറ്റ തവണ പോലും വായ്പാ തിരിച്ചടവ് മുടക്കിയിട്ടില്ല. ആറായിരം കോടിയുടെ വായ്പയൊക്കെ 12000 കോടി നിക്ഷേപമുളള കമ്പനിയെ സംബന്ധിച്ച് തീര്‍ക്കാനാവുന്നതാണ്. അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിച്ച് തങ്ങളെ പ്രതിക്കൂട്ടിലാക്കിയതിന് പുറമെ, വ്യാജവാര്‍ത്തകൾ പ്രചരിപ്പിച്ച് സമൂഹത്തിൽ കുറ്റക്കാരനാക്കുകയും ചെയ്തു. ആറായിരത്തോളം വരുന്ന ജീവനക്കാരും ഗീതാഞ്ജലി ജെംസിന്റെ 10000 കോടി വില വരുന്ന ആസ്തികഗൾ കണ്ടുകെട്ടി, 8000 കോടി മൂല്യമുളള കമ്പനിയുടെ സദ്പേരും ഇല്ലാതായെന്നും മെഹുൽ ചോക്സി പ്രസ്താവനയിൽ പറയുന്നു.

കേസ് അന്വേഷിക്കുന്ന സംഘങ്ങൾ വിശ്വസിക്കുന്നത് മെഹുൽ ചോക്സി ഇപ്പോൾ ആന്റിഗ്വയിലാണെന്നാണ്. ഇദ്ദേഹത്തെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ആന്റിഗ്വ സര്‍ക്കാരിന് ഇന്ത്യ ഗവൺമെന്റ് കത്തയച്ചിട്ടുണ്ട്.