Asianet News MalayalamAsianet News Malayalam

ഇടുക്കി, മലപ്പുറം ജില്ലകളിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു

ഇടുക്കി, മലപ്പുറം ജില്ലകളില്‍ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചു. ന്യൂനമര്‍ദ്ദം വടക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് ഈ ജില്ലകളിലെ റെഡ‍് അലര്‍ട്ട് പിന്‍വലിച്ചത്.
 

Red allert cancelled in these districts
Author
Idukki, First Published Oct 6, 2018, 12:53 PM IST

 

ഇടുക്കി: അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഒമാൻ തീരത്തേക്ക് നീങ്ങിയ പശ്ചാത്തലത്തില്‍ ഇടുക്കി, മലപ്പുറം ജില്ലകളില്‍ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചു. എന്നാല്‍ അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് തുടരും. കേരള തീരത്തു നിന്നു മല്‍സ്യ ബന്ധനത്തിനു പോയ എല്ലാ തൊഴിലാളികളും തിരിച്ചെത്തിയതായി ഫിഷറീസ് വകുപ്പ് അറിയിച്ചു.

കേരള തീരത്ത് നിന്നും അഞ്ഞൂറ് കിലോമീറ്റര്‍ മാറി ലക്ഷദ്വീപില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം വടക്കു പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങുന്നതായാണ് കാലാവസ്ഥാ വിഭാഗത്തിന്‍റെ ഒടുവില്‍ പുറത്തു വന്ന റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലാണ് ഇടുക്കി, മലപ്പുറം ജില്ലകളിലെ റെഡ് അലേര്‍ട്ട് പിന്വലിച്ചത്. എന്നാല്‍ ഇടുക്കി, പത്തനംതിട്ട, മലപ്പുറം, വയനാട് , പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് തുടരും. ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് രൂപമെടുക്കുന്ന ചുഴലിക്കാറ്റ് കേരള തീരത്ത് വീശാന്‍ സാധ്യതയില്ലെങ്കിലും ഇതിന്‍റെ സ്വാധീനഫലമായി വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്കാണ് സാധ്യത. 60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുളളതിനാല്‍ കടലില്‍ പോകരുതെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

അതേസമയം,  കേരള തീരത്ത് നിന്ന് മല്‍സ്യ ബന്ധനത്തിന് പോയ തൊഴിലാളികളെല്ലാം തിരിച്ചെത്തിയതായി ഫിഷറീസ് വകുപ്പ് അറിയിച്ചു. കൊച്ചിയില്‍ നിന്ന് ഒമാന്‍ തീരത്തേക്ക് മല്‍സ്യബന്ധനത്തിനായി പോയ 160 തമിഴ്നാട് രജിസ്ടേരേഷന്‍ ബോട്ടുകളോടും സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുന്നൊരുക്കത്തിന്‍റെ ഭാഗമായി കെഎസ്ഇബിക്കു കീഴിലുളള 14 ഡാമുകളില്‍ 13 ൺഎണ്ണവും തുറന്നു. ഡാം പ്രദേശങ്ങളില്‍ കണ്‍ട്രോള്‍ റൂമുകളും പ്രവര്‍ത്തിക്കുന്നു. ദേശീയ ദുരന്ത പ്രതികരണ സേനയുടെ എട്ട് സംഘങ്ങള്‍ വിവിധ പ്രദേശങ്ങളില്‍ ക്യാംപ് ചെയ്യുന്നുണ്ട്

ഇന്ന് ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നു. ചെറുതോണി അണക്കെട്ടിന്‍റെ ഒരു ഷട്ടറാണ് തുറന്നത്. സെക്കന്‍റില്‍ 50 ഘന മീറ്റര്‍ വെള്ളം ഒഴുക്കി വിടുന്നു. അതിതീവ്ര മഴ മുന്നറിയിപ്പിനെ തുടർന്നാണ് ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി ഇടുക്കി ചെറുതോണി അണക്കെട്ട് തുറന്നത്.

ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചതിനെ തുടർന്നാണ് വീണ്ടും ഡാം തുറക്കാൻ തീരുമാനമായത്. ചെറുതോണി അണക്കെട്ടിന്‍റെ മധ്യത്തിലെ ഷട്ടറാണ് തുറന്നത്. മഴശക്തമാകുന്നതിന് മുമ്പ് അണക്കെട്ട് തുറന്നാൽ ജലനിരപ്പ് നിയന്ത്രിക്കാമെന്നാണ് കണക്ക് കൂട്ടൽ. അടുത്ത ദിവസങ്ങളിലെല്ലാം ഇടുക്കിയിൽ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.  

Follow Us:
Download App:
  • android
  • ios