പത്തനംതിട്ട: പന്തളം കൊട്ടാരത്തില്‍ തിരുവാഭരണ ദർശനത്തിന് എത്തുന്നവരുടെ തിരക്ക് കൂടി. തിരുവാഭരണ ഘോഷയാത്ര ഈ മാസം പന്ത്രണ്ടിന് പന്തളത്ത് നിന്ന് പുറപ്പെടും.

ശബരിമല ദർശനത്തിന് പോകുന്നവരും മടങ്ങി വരുന്നവരും മകരവിളക്ക് ദിവസം അയ്യപ്പ വിഗ്രഹത്തില്‍ ചാർത്തുന്ന തിരുവാഭരണ ദർശനം നടത്തുക പതിവാണ്.  അയ്യപ്പചരിതവുമായി ബന്ധമുള്ള പന്തളം സ്രാമ്പിക്കല്‍ കോട്ടാരത്തിലാണ് തിരുവാഭരണങ്ങള്‍ ദർശനത്തിനായി വച്ചിരിക്കുന്നത്.

തങ്കത്തില്‍ തീർത്ത മാലകള്‍ വാള് ചുരിക തുടങ്ങിയവയെല്ലാം തീർത്ഥാടകർക്ക് കാണാൻ അവസരമുണ്ട്. കൂടാതെ ശബരിമലയിലേക്ക് തിരുവാഭരണങ്ങള്‍ കൊണ്ട് പോകുന്ന പേടകങ്ങള്‍ രാജപ്രതിനിധി സഞ്ചരിക്കുന്ന പല്ലക്ക് എന്നിവയും തീർത്ഥാടകർക്ക് കാണാൻ കഴിയും.

തിരുവാഭരണ ഘോഷയാത്ര പുറപ്പെടുന്ന ജനുവരി പന്ത്രണ്ടിന് രാവിലെ നാല് മണിക്ക് തിരുവാഭരണങ്ങള്‍ കോട്ടാരത്തില്‍ നിന്നും പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തിലേക്ക് മാറ്റും. പ്രത്യേക സാഹചര്യത്തില്‍ തിരുവാഭരണ ഘോഷയാത്രക്കും രാജപ്രതിനിധിക്കും സുരക്ഷ ശക്തമാക്കാനാണ് പോലീസ് തിരുമാനം.

തിരുവാഭരണവുമായി വനത്തിലൂടെയുള്ള യാത്രക്ക് പ്രത്യേക പോലീസ് സംഘം അകമ്പടി സേവിക്കും. ജനുവരി പന്ത്രണ്ടിന് ഉച്ച്ക്ക് ഒരുമണിക്ക് തിരുവാഭരണ ഘോഷയാത്ര പന്തളം കോട്ടാരത്തില്‍ നിന്നും സന്നിധാനത്തേക്ക് പുറപ്പെടും ജനുവരി പതിനാലിന് വൈകുന്നേരം  ആറ്മണിക്ക് ഘോഷയാത്ര ശരംകുത്തിയില്‍ എത്തിച്ചേരും. വൃശ്ചികം ഒന്നുമുതലാണ് പന്തളത്ത് തിരുവാഭരണ ദർശനം തുടങ്ങിയത്.