തിരുവനന്തപുരം: പ്രളയാനന്തര പുനർനിർമ്മാണത്തിന് തുക സമാഹരിക്കാൻ കേരളത്തിൽ വിറ്റഴിക്കുന്ന ഉൽപ്പന്നങ്ങൾക്ക് സെസ് ചുമത്താനുള്ള തീരുമാനത്തിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി. ഒരു ശതമാനം സെസ് ചുമത്താൻ ജിഎസ്ടി കൗണ്‍സിൽ അനുമതി കൊടുത്തത് വ്യാപാര മേഖലയ്ക്ക് കനത്ത നഷ്ടമുണ്ടാക്കുമെന്ന് സംസ്ഥാന പ്രസിഡണ്ട് ടി നസിറുദ്ദീൻ പറഞ്ഞു. 

വ്യാഴാഴ്ച ചേർന്ന ജിഎസ്ടി കൗണ്‍സിൽ യോഗമാണ് കേരളത്തിൽ വിറ്റഴിക്കുന്ന ഉൽപ്പന്നങ്ങൾക്ക് ഒരു ശതമാനം സെസ് ചുമത്താൻ അനുമതി നൽകിയത്. എന്നാൽ ഈ തീരുമാനം വ്യാപാര മേഖലയ്ക്കും സാധാരണക്കാർക്കും കനത്ത തിരിച്ചടിയുണ്ടാക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി നസിറുദ്ദീൻ പറഞ്ഞു.

രണ്ട് വർഷത്തേക്കാണ് സെസ് പിരിക്കുക. ഇതിലൂടെ  പ്രളയാനന്തര പുനർ നിർമാണത്തിനായി 1000 കോടി കണ്ടെത്തുകയാണ് സർക്കാരിന്‍റെ ലക്ഷ്യം. എന്നാൽ ഓരോ ഹർത്താലിനും വ്യാപാര മേഖലയിൽ കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാവുന്നുണ്ടെന്നും ഹർത്താൽ നിരോധിക്കുന്നതിനുള്ള ഇടപെടൽ നടത്തുകയാണ് സംസ്ഥാന സർക്കാർ ചെയ്യേണ്ടതെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. കേരളത്തിൽ ബില്ല് ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് മാത്രമാണ് പ്രളയ സെസ് ബാധകമാവുക. ആദ്യമായാണ് ജിഎസ്ടിയിൽ സെസ് പിരിക്കാൻ ഒരു സംസ്ഥാനത്തിന് അധികാരം കിട്ടുന്നത്.