Asianet News MalayalamAsianet News Malayalam

മൂന്നാംഘട്ട വോട്ടെടുപ്പിന് ഒരുങ്ങി ഉത്തര്‍പ്രദേശ്, പരസ്യപ്രചരാണം ഇന്ന് അവസാനിക്കും

UP election
Author
Lucknow, First Published Feb 17, 2017, 8:51 AM IST

ഉത്തര്‍പ്രദേശില്‍ മൂന്നാംഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് സമാപിക്കും. 12 ജില്ലകളിലായി 69 മണ്ഡലങ്ങളിലേക്കാണ് മൂന്നാംഘട്ടത്തില്‍ വോട്ടെടുപ്പ്. എസ്-പി-- കോണ്‍ഗ്രസ് സഖ്യവും ബിജെപിയും തമ്മിലാകും അവദ് മേഖലയിലെ മൂന്നാംഘട്ട വോട്ടെടുപ്പില്‍ പ്രധാന മത്സരം.
 
ബിജെപിയും എസ്പി- കോണ്‍ഗ്രസ് സഖ്യവും തമ്മില്‍ തീപാറുന്ന പോരാട്ടം തന്നെയാകും അവദ് മേഖലയിലെ മൂന്നാംഘട്ട വോട്ടെടുപ്പില്‍ നടക്കുക. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 12 ജില്ലകളിലെ 69 മണ്ഡലങ്ങളില്‍ നിന്ന് 55 സീറ്റ് നേടിയ സമാജ്‍വാദി പാര്‍ടിക്ക് ഇത്തവണ കോണ്‍ഗ്രസിനൊപ്പം നിന്ന് അതേമുന്നേറ്റം അനിവാര്യമാണ്. ബിഎസ്പിയെക്കാള്‍ ബിജെപിയാകും ഇവിടെ പല മണ്ഡലങ്ങളിലും എസ്പി- -കോണ്‍ഗ്രസ് സഖ്യത്തിന് പ്രധാന വെല്ലുവിളി. 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഈ മേഖലയിലെ 90 ശതമാനം സീറ്റിലും ബിജെപി മുന്നിലെത്തി. ആ രാഷ്‌ട്രീയ സാഹചര്യം മാറിയെങ്കിലും അഖിലേഷ്-- രാഹുല്‍ സഖ്യത്തിന് വലിയ കടമ്പകളാണ് കാത്തിരിക്കുന്നത്. ബിഎസ്പി ചിത്രത്തില്‍ പുറകിലാണെങ്കിലും മായാവതിയെ അങ്ങനെ എഴുതിത്തള്ളാനുമാകില്ല. ലക്നൗ, ബാരബങ്കി, സീതപ്പൂര‍്, കാന്‍പ്പൂര്‍, ഫറൂഖാബാദ്, ഹര്‍ദോയ് തുടങ്ങിയ ജില്ലകള്‍ ഉള്‍പ്പെടുന്ന അവധ് മേഖലയില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഖിലേഷ്-- രാഹുല്‍ സഖ്യവും മായാവതിയും പ്രചരണം നടത്തി.

കഴിഞ്ഞ രണ്ടുഘട്ടങ്ങളില്‍ 90 സീറ്റിലധികം കിട്ടുമെന്നായിരുന്നു ബിജെപിയുടെ അവകാശവാദം. എന്നാല്‍ ന്യൂനപക്ഷ ശക്തികേന്ദ്രങ്ങളില്‍ ബിജെപിക്ക് അത്രയും വലിയ മുന്നേറ്റം ഒരിക്കലും സാധ്യതയില്ലെന്ന് എസ്പിയും ബിഎസ്പിയും വ്യക്തമാക്കുന്നു. ആദ്യഘട്ട പ്രചരണങ്ങളില്‍ എസ്പിക്കൊപ്പം ബിഎസ്പിയെ കൂടി ആക്രമിച്ച ബിജെപി ഇപ്പോള്‍ ആക്രമണം എസ്പി-- കോണ്‍ഗ്രസ് സഖ്യത്തിലേക്ക് ചുരുക്കുകയാണ്. പ്രധാനമന്ത്രിയുടെ റാലികളുടെ എണ്ണവും കൂട്ടിയിട്ടുണ്ട്. 826 സ്ഥാനാര്‍ത്ഥികളാണ് ഈ ഘട്ടത്തില്‍ ജനവിധി തേടുന്നത്. രണ്ട് കോടി 41 ലക്ഷം വോട്ടര്‍മാര്‍ മൂന്നാംഘട്ടത്തില്‍ പോളിംഗ് ബൂത്തിലേക്ക് എത്തും.

Follow Us:
Download App:
  • android
  • ios