1998 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി രാമക്ഷേത്രനിർമാണം ഉയർത്തി പ്രചാരണം നടത്തിയ കാലം. ഉത്തർപ്രദേശിലെ രാംപൂരിൽനിന്നും ഒരു മുസ്ലിം യുവാവ് ബിജെപി ടിക്കറ്റിൽ ലോക്സഭയിലെത്തുന്നു. പ്രധാനമന്ത്രി വാജ്പേയ് അദ്ദേഹത്തെ വാർത്താ വിതരണ സഹമന്ത്രിയാക്കി. മുക്താർ അബ്ബാസ് നഖ്‌വിയായിരുന്നു ആ ചെറുപ്പക്കാരൻ. ഉത്തർപ്രദേശിൽ മുസ്ലീം സമുദായത്തിൽപെട്ട ഒരാൾക്കും ഇത്തവണ ബിജെപി ടിക്കറ്റ് നൽകിയില്ല. വിജയസാധ്യത ഇല്ലാത്തതിനാലാണ് ന്യൂനപക്ഷവിഭാഗങ്ങൾക്ക് സീറ്റ് നൽകാതിരുന്നതെന്ന് പാർട്ടി പറയുന്നു. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിക്കായി മത്സരിച്ച ആരും വിജയിച്ചില്ല. അത്കൊണ്ടാണോ യുപിയിൽ ബിജെപി ന്യൂനപക്ഷത്തിന് ടിക്കറ്റ് നൽകാതിരുന്നത്?  മോദിയും ന്യൂനപക്ഷവും തമ്മിൽ അകലം കൂടുതലാകുന്നുണ്ടോ? ഈ ചോദ്യങ്ങൾക്ക് ബിജെപിയുടെ ന്യൂനപക്ഷ മുഖവും കേന്ദ്രസർക്കാരിലെ ന്യൂനപക്ഷകാര്യവകുപ്പ് മന്ത്രിയായ മുക്താർ അബ്ബാസ് നഖ്‌വി ഉത്തരം നൽകുന്നു.

ഉത്തർപ്രദേശിൽനിന്നുള്ള ആളാണ് താങ്കൾ. എന്താണ് അവിടെ തെരഞ്ഞെടുപ്പ് ചർച്ച?

 വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങളും അഴിമതിയും എസ്പിയുടെ ഭരണവീഴ്ചകളുമാണ് ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് വിഷയം. ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു. സമാജ്‌വാദി കോൺഗ്രസ് സഖ്യം ജനങ്ങൾ തള്ളിക്കളയും. അതുപോലെ മായാവതിയുടെ ഭരണത്തിൽ 'ബാഹുബലിയിയോം കാ ബസേര'യാണ് (കയ്യുക്കുള്ളവൻ കാര്യക്കാരൻ) നടന്നത്. ഇത്തവണ സാധ്യത ബിജെപിക്കാണ്.


 2014 ലോക്സഭാ ഇലക്ഷനിൽ ബിജെപിയുടെ 482 സ്ഥാനാർത്ഥികളിൽ ഏഴുപേർ മുസ്ലീംകളായിരുന്നു. ബിജെപി കേവല ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയെങ്കിലും ഒരു മുസ്ലീം സ്ഥാനാർത്ഥിയും വിജയിച്ചില്ല. ഈ അനുഭവം മുന്നിലുള്ളത് കൊണ്ടാണോ ഉത്തർപ്രദേശിൽ മുസ്ലീംകൾക്ക് സീറ്റ് നൽകാതിരുന്നത്?


A മുസ്ലീം സ്ഥാനാർത്ഥികൾ ഇല്ലാത്തതിന് പ്രത്യേക കാരണങ്ങളൊന്നും ഇല്ല. മുസ്ലീങ്ങൾക്കും ടിക്കറ്റ് നൽകണമായിരുന്നു. നിർഭാഗ്യവശാൽ ന്യൂനപക്ഷ വിഭാഗത്തിൽപെട്ട ആളുകൾക്ക് സീറ്റ് നൽകാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. 'സബ്കാ സാത്ത് സബ്കാ വികാസ്' (എല്ലാവർക്കും ഒപ്പം എല്ലാവരുടെയും വികസനം) ആണ് ബിജെപി മുദ്രാവാക്യം. സീറ്റ് നൽകിയില്ല എന്ന കാരണത്താൽ ന്യൂനപക്ഷങ്ങളോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ നിങ്ങൾ ചോദ്യംചെയ്യരുത്. ടിക്കറ്റ് ലോലിപോപ്പിൽ (സീറ്റ് നൽകി പ്രീണിപ്പിക്കുന്നതിൽ) വിശ്വസിക്കാത്ത പാർട്ടിയാണ് ബിജെപി. ബിഎസ്പിയടക്കമുള്ള പാർട്ടികൾ നൂറോളം  സീറ്റുകൾ ന്യൂനപക്ഷത്തിന് നൽകി. അതിലൊന്നും ഞങ്ങൾക്ക് പ്രശ്നമില്ല. മുസ്ലീം ജനവിഭാഗത്തിന്റെ സാമുദായികവും വിദ്യാഭ്യാസപരവും രാഷ്ട്രീയവുമായ ഉന്നമനമാണ് ബിജെപി ലക്ഷ്യം വെക്കുന്നത്. തെരഞ്ഞെടുപ്പിൽ സീറ്റ് നൽകിയില്ലെങ്കിൽ മുസ്ലീം ഉന്നമനം സാധ്യമാകില്ല എന്നാണ് നിങ്ങൾ പറയുന്നത് എങ്കിൽ അത് തെറ്റാണ്.


ഞാൻ ഈ ചോദ്യം താങ്കളോട് ചോദിച്ചതിന് ഒരു കാരണം ഉണ്ട്. 1988 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചാൽ രാമക്ഷേത്രം പണിയും എന്ന മുദ്രാവാക്യവുമായാണ് പാർട്ടി പ്രചാരണം നയിച്ചത്. അന്ന് ബിജെപി ടിക്കറ്റിൽ ഉത്തർപ്രദേശിലെ രാംപൂരിൽനിന്നും ലോക്സഭയിലേക്ക് വിജയിച്ചയാളാണ് താങ്കൾ. 19 ശതമാനത്തിലധികം മുംസ്ലീം ജനസഖ്യയുള്ള സ്ഥലത്ത് ബിജെപി ഒരാളെപോലും മത്സരിപ്പിച്ചില്ല എന്നത് താങ്കളെ ഞെട്ടിപ്പിക്കുന്നില്ലേ?


 അടുത്ത തവണ ഞങ്ങൾ പുനരാലോചന നടത്തും. രാഷ്ട്രീയ എതിരാളികൾ ബിജെപിക്കെതിരെ ദുഷ്പ്രചാരണം നടത്തിയതിന്റെ ഫലമായി പാർട്ടിയിൽനിന്ന് ന്യൂനപക്ഷം അകന്നിരുന്നു. പക്ഷെ ബിജെപിയോട് ഇപ്പോൾ മുസ്ലീം സമുദായത്തിന് അയിത്തമില്ല.  അടുത്ത തവണ നിങ്ങൾ നോക്കിക്കോളൂ. ന്യൂനപക്ഷ ഉന്നമനത്തിന് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.


403 സീറ്റാണ് ഉത്തർപ്രദേശിൽ ഉള്ളത്. വിജയ സാധ്യത ഇല്ലാത്തതിനാലാണ് മുസ്ലീംകൾക്ക് സീറ്റ് നൽകാത്തത് എന്ന് ഷാനവാസ് ഹുസൈൻ അടക്കമുള്ള നേതാക്കൾ പറയുന്നുണ്ട്. മോദി അധികാരത്തിലെത്തിയതിന് ശേഷം മുസ്ലീങ്ങളും ബിജെപിയും തമ്മിലുള്ള അകലം വർദ്ധിച്ചോ?

 ഞാൻ അങ്ങനെ കരുതുന്നില്ല. ബിജെപി ആർക്കൊക്കെ ടിക്കറ്റ് നൽകി എന്നത് പ്രശ്നമല്ല. വികസനമാണ് ഇവിടുത്തെ ചർച്ച. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും മഹാരാഷ്ട്രയിലുമടക്കം ബിജെപി അധികാരത്തിലുള്ള സംസ്ഥാനങ്ങളിൽ മുസ്ലീംകളടക്കമുള്ള ന്യൂനപക്ഷവിഭാഗങ്ങൾ സന്തുഷ്ടരാണ്. ഒരു വിഭാഗത്തിനോടും പ്രത്യേക മമതയുള്ള പാർട്ടിയല്ല ബിജെപിയെന്ന് അവർക്ക് അറിയാം

.
കേന്ദ്രത്തിൽ ന്യൂനപക്ഷ വകുപ്പ് മന്ത്രിയാണ് താങ്കൾ. ബിജെപി ഉത്തർപ്രദേശിൽ വിജയിച്ചാൽ സംസ്ഥാന ക്യാബിനറ്റിൽ ന്യൂനപക്ഷ പ്രതിനിധികളുണ്ടാകണമെന്ന് താങ്കൾക്ക് ആഗ്രഹം ഇല്ലേ?


A മുസ്ലീംകൾക്ക് സീറ്റ് നൽകിയിരുന്നെങ്കിൽ ഏറ്റവും സന്തോഷിക്കുക ഞാനായേനെ. ബിജെപി ടിക്കറ്റിൽ അഞ്ചുതവണ മത്സരിച്ച ആളാണ് ഞാൻ. ചിലപ്പോ‌ൾ ജയിച്ചു. മറ്റുചിലപ്പോൾ പരാജയപ്പെട്ടു. ഒരിക്കൽ 33 വോട്ടിനാണ് ഞാൻ തോറ്റത്. ഇപ്പോഴത്തെ സാഹചര്യം നിർഭാഗ്യകരമാണ്. ഞങ്ങളിത് തിരുത്തും.


എന്തുകൊണ്ടാണ് മുസ്ലീംകൾക്ക് ടിക്കറ്റ് കിട്ടാതിരുന്നത്. ബിജെപി സംസ്ഥാനഘടകത്തിന്റെ വീഴ്ചയാണോ അതോ കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനമാണോ?

 ഈ വിഷയം ഇവിടെ ചർച്ചചെയ്യാൻ എനിക്ക് താൽപര്യമില്ല. സീറ്റ് നൽകിയില്ല എന്നത്കൊണ്ട് ന്യൂനപക്ഷജനവിഭാഗത്തിന്റെ ഉന്നമനത്തിന് ഞങ്ങൾ എതിരാണെന്ന് വിധിയെഴുതരുത്.

 മുത്തലാക്ക് നിർത്തലാക്കണമെന്നാണ് ബിജെപി നയം. മുത്തലാക്ക് പാർട്ടി തെരഞ്ഞെടുപ്പിൽ ചർച്ചയാക്കുന്നുമുണ്ട്. ഇത് മുസ്ലീം സ്ത്രീകളുടെ വോട്ട് ലക്ഷ്യംവെച്ചാണോ ഈ നീക്കം?


 ഹംനേ കോയി തലാക്ക് നഹീ കിയേ. ഇസ്‌ലിയേ യേ സവാൽ ഹംസേ നഹീ പൂഛിയേ....(ചിരിക്കുന്നു) (ഞാൻ വിവാഹമോചനം നടത്തിയിട്ടില്ല. അതുകൊണ്ട് ഈ ചോദ്യം എന്നോട് ചോദിക്കേണ്ട)സ്ത്രീപുരുഷ സമത്വം ഭരണഘടന ഉറപ്പുനൽകുന്ന അവകാശമാണ്. ഈ വിഷയത്തിൽ സജീവമായ ചർച്ചയാണ് ബിജെപി ആഗ്രഹിക്കുന്നത്. ലോ കമ്മീഷന്റെ റിപ്പോർട്ട് ലഭിച്ചാൽ പാർട്ടി മുത്തലാക്ക് വിഷയത്തിൽ അന്തിമ തീരുമാനം എടുക്കും. പല മുസ്ലീം രാജ്യങ്ങളും തലാക്ക് നിരോധിച്ചിട്ടുണ്ട്. മുത്തലാക്ക് ഇസ്ലാമികമല്ല. മുത്തലാക്ക് തെരഞ്ഞെടുപ്പ് വിഷയമല്ല.


ഉത്തർപ്രദേശ് ഭരിക്കുന്ന പാർട്ടിയാണ് എസ്പി. അതുപോലെ ഉത്തർപ്രദേശിൽ കൃത്യമായ വോട്ട്ബാങ്ക് കോൺഗ്രസിനുമുണ്ട്. കോൺഗ്രസ് സമാജ്‌വാദി സഖ്യം ബിജെപിക്ക്  തിരിച്ചടിയുണ്ടാക്കില്ലേ?


എസ്പി കോൺഗ്രസ് സഖ്യവും ബിഎസ്പിയും ബിജെപിയും തമ്മിലാണല്ലോ മത്സരം. ഇതിൽ നിങ്ങൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യമുണ്ട്. എസ്പിയും കോൺഗ്രസും ബിഎസ്പിയും ലക്ഷ്യംവെക്കുന്നത് മുസ്ലീം വോട്ടുകളാണ്. എന്നാൽ സാധാരണക്കാരെയും കർഷകരെയും പാവപ്പെട്ടവനെയും അണിനിരത്താനാണ് ബിജെപി ശ്രമം. സാമുദായിക ജാതി പരിഗണകൾക്കപ്പുറം വികസനമാണ് ബിജെപിയുടെ അ‍ജണ്ട. അതുകൊണ്ട് ജാതിമത പരിഗണകളില്ലാതെ വികസനം ആഗ്രഹിക്കുന്ന ജനം ബിജെപിക്ക് വോട്ടുചെയ്യും.


രാഹുൽഗാന്ധി മോദിക്കെതിരെ ശക്തമായി ആക്രമണം നടത്തിയാണ് പ്രചാരണം നയിക്കുന്നത്. നെഹ്റു കുടുംബത്തിന്റെ അടിത്തറ ഉത്തർപ്രദേശിലാണല്ലോ. രാഹുലിന്റെ സാന്നിധ്യം ബിജെപി ഭയക്കുന്നുണ്ടോ?


രാഹുലിന്റെയും റോബർട്ട് വദ്രയുടെയും സാന്നിധ്യം ബിജെപിക്ക് ഗുണമാണ്. വേരുകളില്ലാത്ത മരങ്ങളാണ് ഈ നേതാക്കൾ. ജനവികാരം മനസിലാക്കാൻ ഇവർക്ക് കഴിയില്ല. പരാജയം ഉൾക്കൊള്ളാൻ ഇതുവരെ രാഹുലിന് കഴിഞ്ഞിട്ടില്ല. മൻമോഹൻ സിംഗാണ് ഇപ്പോഴും പ്രധാനമന്ത്രി എന്നാണ് രാഹുലിന്റെ ധാരണ. മൻമോഹനെ വരച്ചവരയിൽ നിർത്തിയതുപോലെ മോദിയെയും നിർത്താമെന്ന് രാഹുൽ കരുതുന്നു. രണ്ടരക്കൊല്ലം മുമ്പ് ആ ഭരണം തീ‍ർന്നെന്ന് രാഹുൽ മനസിലാക്കുന്നത് നല്ലതാണ്.  

 ഇവിടെയാണ് എനിക്ക് പ്രധാനപ്പെട്ടൊരു ചോദ്യം ഉന്നയിക്കാനുള്ളത്. തെരഞ്ഞെടുപ്പിന്റെ തുടക്കത്തിൽ മോദി സർക്കാരിന്റെ വികസന നേട്ടങ്ങളായിരുന്നു ബിജെപിയുടെ പ്രചാരണ ആയുധം. എന്നാൽ അവസാനഘട്ടങ്ങളിൽ അമിത് ഷായുടെ പ്രസംഗം ശ്രദ്ധിച്ചാൽ ഫോക്കസ് ഷിഫ്ട് മനസിലാകും. എസ്പി ബിഎസ്പി പാർട്ടികൾ ഭരിച്ചപ്പോൾ ഉത്തർപ്രദേശിലെ നദികളിലൂടെ പശുവിന്റെ രക്തം ഒഴുകിയെന്നും ബിജെപി അധികാരത്തിലെത്തിയാൽ പശുവിൻ പാലും വെണ്ണയും ഒഴുക്കുമെന്നു ഷാ പറയുന്നു. അതുപോലെ കോൺഗ്രസും എസ്പിയും ബിഎസ്പിയും 'കസബ്‍' ആണെന്നും പാർട്ടി അധ്യക്ഷൻ പ്രസംഗിക്കുന്നു. വികസനത്തിനല്ല വർഗീയതയ്ക്കാണ് വോട്ടെന്ന് ബിജെപി കരുതുന്നുണ്ടോ?


ഗോവധം നേരത്തെ തന്നെ ഉത്തർപ്രദേശിൽ നിരോധിച്ചതാണല്ലോ. ബിജെപി വികസനം മാത്രമാണ് മുന്നോട്ടുവെക്കുന്നത്. എല്ലാവരുടെയും വികസനമാണ് പാർട്ടിയുടെ മുദ്രാവാക്യം.


എത്ര സീറ്റിൽ ബിജെപി വിജയിക്കും?


നല്ല ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിലെത്തും. ഉത്തർപ്രദേശിൽ ഒന്നും സങ്കീർണമല്ല. ജനങ്ങളുടെ ആഗ്രഹം ഞങ്ങൾക്ക് മനസിലാകുന്നുണ്ട്. സദ്ഭരണത്തനും വികസനത്തിനുമാണ് ജനങ്ങൾ വോട്ട് ചെയ്യുക. മാറ്റത്തിനാണ് ഇത്തവണത്തെ വോട്ട്. ശക്തവും ക്രിയാത്മകവുമായ ബദൽ സാധ്യതയാണ് ബിജെപിയെന്ന് ജനം തിരിച്ചറിഞ്ഞു. പല സീറ്റിലും മുസ്ലീംകളടക്കമുള്ള ആളുകൾ പരസ്യമായി ബിജെപിയെ പിന്തുണക്കുന്നു.