ബീജിയിങ്: മകൾ പഠിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ രക്ഷിതാക്കൾ ഏർപ്പാടാക്കിയ വളർത്തുനായയുടെ ദൃശ്യങ്ങൾ കൗതുകമാകുന്നു. മകൾ ഹോംവർക്ക് ചെയ്യുന്നുണ്ടോ എന്നറിയാനാണ് വീട്ടിലെ വളർത്തുനായയ്ക്ക് ഷൂ ലിയാങ് എന്ന ഉടമസ്ഥൻ പരിശീലനം നൽകിയത്. ഫാൻത്വാൻ എന്ന വളർത്തുനായയാണ് യജമാനന്റെ മകൾ ഷിയാന മൊബൈലിൽ നോക്കി സമയം കളയാതെ പഠിക്കുകയാണെന്ന് ഉറപ്പുവരുത്താൻ കണ്ണ് ചിമ്മാതെ കാവലിരിക്കുന്നത്. ചൈനയിലെ ​ഗുയിഷോയിൽനിന്നുമാണ് അമ്പരപ്പിക്കുന്ന കാഴ്ച്ച പുറത്ത് വന്നത്. 

പഠിക്കുന്ന മോശയ്ക്ക് മുകളിൽ കാൽ പൊക്കിവച്ച് ഫാൻത്വാൻ ഷിയാനയെ നിരീക്ഷിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ചെറുപ്പം മുതലേ ഫാൻത്വാനിൽ നിരീക്ഷണപാടവം വളർത്തിയെടുക്കാൻ ശ്രമിച്ചിരുന്നതായി ലിയാങ് പറഞ്ഞു. ഹോം വർക്ക് ചെയ്യാൻ മകൾക്ക് നല്ല മടിയാണ്. അങ്ങനെയാണ് അവൾ കൃത്യമായി ഹോംവർക്ക് ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കാൻ അവൾക്കൊപ്പം ഫാൻത്വാനെ നിർത്താൻ തീരുമാനിച്ചത്. അവൻ അവന്റെ ജോലി വളരെ കൃത്യമായി ചെയ്യുകയായിരുന്നുവെന്നും ലിയാങ് പറഞ്ഞു.  

ഷിയാന ഇപ്പോൾ മിടുക്കിയാണ്. ഫാൻത്വാനൊപ്പം തന്റെ ഹോംവർക്ക് ചെയ്യുകയും അവനൊപ്പം സമയം ചെലവഴിക്കുകയും ചെയ്യുന്നുണ്ട്. തനിക്കിപ്പോൾ ഹോംവർക്ക് ചെയ്യാൻ മടിയില്ലെന്നും ഫാൻത്വാൻ ഉള്ളതുകൊണ്ട് ചുറ്റും സഹപാഠികൾ ഉള്ളതുപൊലെ തോന്നുമെന്നും ഷിയാന പറഞ്ഞു.