നാ​ഗ്പൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ രാപ്പകൽ വ്യത്യാസമില്ലാതെ മുൻപന്തിയിൽ തന്നെയാണ് രാജ്യത്തെ പൊലീസ് സേന. മറ്റുള്ളവർക്ക് വേണ്ടി ഉറ്റവരെ ഉപേക്ഷിച്ച്, സ്വന്തം സുരക്ഷയെ മാനിക്കാതെ നിരത്തുകളിൽ സേവനമനുഷ്ഠിക്കുന്ന പൊലീസുകാർക്ക് ആദരമർപ്പിക്കുകയാണ് ഒരു കൂട്ടം നാട്ടുകാർ. നാഗ്പൂരിലെ ഗിട്ടിഖാദൻ നിവാസികളാണ് പൂക്കൾ ചൊരിഞ്ഞും ആർപ്പുവിളിച്ചും പൊലീസുകാരെ ആദരിച്ചത്. 

മാസ്ക് ധരിച്ച് അവരവരുടെ വീടിനുമുന്നിൽ അണിനിരന്ന് നിന്ന് റൂട്ട് മാർച്ച് നടത്തുന്ന പൊലീസുകാരെ ജനങ്ങൾ ആദരിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇതിനോടകം സമൂ​ഹമാധ്യമങ്ങളിൽ വൈറലായി കഴി‍ഞ്ഞു. കൊറോണ വൈറസിനെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി നടത്തിയ റൂട്ട് മാർച്ചിനിടെയായിരുന്നു സംഭവം. 

പൊലീസും സൈന്യവും ചേർന്നാണ് ബോധവൽക്കരണ മാർച്ച് നടത്തിയത്. നാട്ടുകാർ ചേർന്ന് കയ്യടിക്കുന്നതും നന്ദി പറയുന്നതും വീഡിയോയിൽ കാണാം. ലോക്ക് ഡൗൺ നിയമങ്ങൾ പാലിക്കണമെന്നും ആരും അനാവശ്യമായി പുറത്തിറങ്ങരുതെന്നും പൊലീസുകാർ ജനങ്ങൾക്ക് നിർദ്ദേശം നൽകുന്നുണ്ട്. 

ഡെപ്യൂട്ടി പോലീസ് കമ്മീഷണർ വിനീത സാഹുവിന്റെ നേതൃത്തിലാണ് ചൊവ്വാഴ്ച റൂട്ട് മാർച്ച് നടത്തിയത്. 60 ഓളം പൊലീസുകാരാണ് മാർച്ചിൽ പങ്കെടുത്തത്. നാഗ്പൂരിലെ ജനങ്ങൾക്ക് നന്ദിയറിയിച്ചുക്കൊണ്ട് പൊലീസ് വീഡിയോ ട്വീറ്ററിൽ പങ്കുവച്ചിട്ടുണ്ട്. ഇത് അഭിമാന നിമിഷമാണെന്നും വീഡിയോ പങ്കുവച്ചുകൊണ്ട് ഉദ്യോഗസ്ഥർ ട്വീറ്റ് ചെയ്തു.