ലക്നൗ: ഐ പി സി സെക്ഷൻ 377 ക്രിമിനൽ കുറ്റമല്ലാതാക്കിയുള്ള സുപ്രീംകോടതിയുടെ ചരിത്ര വിധി വന്ന് മാസങ്ങൾക്ക് ശേഷം സ്വവര്‍ഗ്ഗാനുരാഗികളായ രണ്ട് യുവതികള്‍ തമ്മില്‍ പുതുവത്സര ദിനത്തില്‍ വിവാഹിതരായി. ഉത്തര്‍പ്രദേശിലെ ഹമര്‍പൂര്‍ ജില്ലയിലാണ് ഭര്‍ത്താക്കന്മാരെ ഉപേക്ഷിച്ച ശേഷം 24,26വയസ്സുള്ള യുവതികള്‍ തമ്മിൽ വിവാഹിതരായത്. ആറ് വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും ഒന്ന് ചേർന്നത്.

ഞങ്ങള്‍ ആറ് വര്‍ഷമായി പ്രണയത്തിലാണ്. ഞങ്ങളുടെ ഇഷ്ടം വീട്ടുകാരെ അറിയിച്ചെങ്കിലും അവര്‍ എതിര്‍ക്കുകയായിരുന്നു. ശേഷം ഞങ്ങളെ നിര്‍ബന്ധിച്ച് മറ്റൊരാൾക്ക് വിവാഹം കഴിച്ച് കൊടുത്തു. എന്നാൽ മറ്റൊരാളുമായി വിവാഹം കഴിഞ്ഞെങ്കിലും ഞങ്ങൾക്ക് പരസ്പരം മറക്കാൻ സാധിച്ചില്ല-യുവതികള്‍ പറയുന്നു. അതേ സമയം ഇവരുടെ വിവാഹം  രജിസ്റ്റർ ചെയ്യാന്‍ സാധിക്കില്ലെന്നും അതിനുള്ള ഉത്തരവ് സർക്കാരിന്റെ ഭാ​ഗത്ത് നിന്നും വന്നിട്ടില്ലെന്നും  ഇവരുടെ അഭിഭാഷകയായ ദയ ശങ്കര്‍ തിവാരി പറഞ്ഞു. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കോളേജില്‍ വെച്ചാണ് യുവതികൾ രണ്ട് പേരും കണ്ടുമുട്ടുന്നത് തുടര്‍ന്ന് പ്രണയത്തിലാകുകയായിരുന്നു.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഉഭയകക്ഷി സമ്മത പ്രകാരമുള്ള സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു. ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് പ്രധാനപ്പെട്ടതെന്നും  വൈവിധ്യത്തിന്‍റെ ശക്തിയെ മാനിക്കണമെന്നും ഐപിസി 377 ഏകപക്ഷീയവും യുക്തിരഹിതമാണെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ആദ്യ വിധി പ്രസ്താവത്തില്‍ പറയുകയുണ്ടായി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ജസ്റ്റിസുമാരായ എം എം ഖാന്‍വില്‍ക്കര്‍, ഇന്ദു മല്‍ഹോത്ര, ആര്‍ എഫ് നരിമാന്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍. ലിംഗ വ്യത്യാസമില്ലാതെ പങ്കാളിയെ തെരഞ്ഞെടുക്കാൻ എല്ലാവര്‍ക്കും അവകാശമുണ്ടെന്ന് കേസിൽ വാദം കേൾക്കുന്നതിനിടെ കോടതി പരാമര്‍ശം നടത്തിയിരുന്നു.

നിലവില്‍ 23 ലോക രാജ്യങ്ങളില്‍ സ്വവര്‍ഗ്ഗ രതി നിയമവിധേയമാണ്.,72 രാജ്യങ്ങളില്‍ കുറ്റകരവും. നിയമവിധേയമാക്കിയ രാജ്യങ്ങളൊക്കെ വികസിത വികസ്വര രാജ്യങ്ങളാണ്. 2011ല്‍ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ വിഭാഗം എല്‍ജിബിറ്റി സമൂഹത്തിന് നിയമപരിരക്ഷ ഉറപ്പാക്കാൻ ലോക രാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചിരിന്നു