ക്യാൻസർ എന്ന രോഗത്തിന്‍റെ ഭീകരതയോര്‍ത്ത് തളര്‍ന്നു പോകാതെ ആത്മധൈര്യത്തോടെ നേരിട്ട് ജയിക്കാം എന്ന് കാണിച്ച നിരവധിയാളുകൾ നമ്മുക്കിടയിലുണ്ട്.  സമൂഹത്തിന്റെ വിവിധ തലങ്ങളിൽ നിന്ന് ക്യാൻസറിനെ ‌അതിജീവിച്ചവർ നമ്മുക്ക് തരുന്ന സന്ദേശം മരുന്നിനൊപ്പം മനസുറപ്പു കൂടിയുണ്ടെങ്കില്‍ ക്യാൻസറിനെ തോല്‍പ്പിക്കാനാവും എന്നതാണ്. ക്യാൻസർ എന്നത് ജീവിതത്തിന്റെ അവസാനമല്ല എന്ന് സമൂഹത്തെ ഓർമ്മിപ്പിച്ച് മുന്നേറുന്ന നൂറ്റമ്പതോളം പേരെയാണ് ഏഷ്യാനെറ്റ് ന്യൂസ് ആദരിച്ചത്.

ക്യാൻസർ ദിനത്തോടനുബദ്ധിച്ച് കൊച്ചി ലേ മെറിഡിയൻ ഹോട്ടലിലാണ് ഏഷ്യാനെറ്റ് ന്യൂസും കാരിത്താസ് ഇൻഡ്യയുടെയും ചേർന്ന് ക്യാൻസറിനെ അതിജീവിച്ചവർക്കായി ആദരവൊരുക്കിയത്. ക്യാൻസറിനെ തിരിച്ചറിഞ്ഞ് തിരച്ചുവരാം എന്ന സന്ദേശം മുൻ നിർത്തി ആരംഭിച്ച പരിപാടിക്ക് ഏഷ്യാനെറ്റ് ന്യൂസ് വൈസ് പ്രസിഡന്റ് ബി.കെ.ഉണ്ണിക്കൃഷ്ണൻ സ്വാഗതം പറഞ്ഞു. ക്യാൻസറിനെ അതിജീവിക്കാനുള്ള സന്ദേശമാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. 

ക്യാൻസറിനെ ചെറുത്ത് തോൽപ്പിച്ചവരാണ് ശരിക്കും വിജയികളെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് അര്‍ബുദ രോഗവിദഗ്ധന്‍ ഡോ.വിപി ഗംഗാധരൻ പറഞ്ഞു. ക്യാൻസർ മാരക രോഗമല്ലെന്ന് ജീവിച്ച് തെളിയിച്ചവരുടെ പ്രവർത്തനങ്ങൾ മഹനീയമാണെന്നും അദ്ദേഹം കൂട്ടിചേർത്തു

ഭയത്തോടെയല്ലാതെ ക്യാൻസറിനെതിരെ പേരാടണമെന്നായിരുന്നു വിശിഷ്ടാതിഥിയായി എത്തിയ ചലച്ചിത്രതാരം പൂർണ്ണിമ ഇന്ദ്രജിത്ത് പറഞ്ഞത്. ക്യാൻസർ അതിജീവനത്തിൽ നേരിട്ട വെല്ലുവിളികളും പിന്തുണകളും അതിജീവിച്ചവർ പങ്ക് വച്ചപ്പോൾ നിറഞ്ഞ കൈയ്യടിയോടെയാണ് സദസ് സ്വീകരിച്ചത്. ക്യാൻസർ രോഗത്തെ എങ്ങനെ തിരച്ചറിയാം പ്രതിരോധ രീതികൾ ഏതെല്ലാം തുടങ്ങിയ വിഷയങ്ങളെ പറ്റി പ്രത്യേക കോൺക്ലേവും പരിപാടിയുടെ ഭാഗമായി നടന്നു.