ഹൈദരാബാദ്: കൊവിഡ് 19 ബാധിതര്‍ക്ക് സഹായഹസ്തവുമായി ടെന്നീസ് താരം സാനിയ മിര്‍സയും. ധനസമാഹരണത്തിലൂടെ ശേഖരിച്ച 1.25 കോടി രൂപയാണ് കൊവിഡ് ബാധിതര്‍ക്ക് സഹായമായി സാനിയ കൈമാറിയത്. കൊവിഡ് 19 വ്യാപനത്തെ തുടർന്ന് രാജ്യം മുഴുവന്‍ ലോക്ക് ഡൗൺ ആയതോടെ ഓരോ ദിവസത്തേയും കൂലിയെ ആശ്രയിച്ച്‌ ജീവിക്കുന്നവരെ സഹായിക്കാൻ പണം സമാഹരിക്കാന്‍ സാനിയയുടെ നേതൃത്വത്തില്‍ മുന്നിട്ടിറങ്ങിയിരുന്നു.

കൊവിഡ് ബാധിതരെ സഹായിക്കാന്‍ ധനസമാഹരണത്തിനായി കഴിഞ്ഞ ആഴ്ച ഞങ്ങളൊരു ടീം ഉണ്ടാക്കിയിരുന്നു. ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ഭക്ഷണമെത്തിക്കാന്‍ ഞങ്ങള്‍ക്കായി. ഒപ്പം ഒരാഴ്ച കൊണ്ട് 1.25 കോടി രൂപയും സമാഹരിച്ചു. ഒരു ലക്ഷം പേര്‍ക്കെങ്കിലും ഇതുകൊണ്ട് സഹായമെത്തിക്കാനാവുമെന്നാണ് കരുതുന്നത്. രോഗബാധിതര്‍ക്ക് സഹാമെത്തിക്കാനുള്ള യജ്ഞം തുടരുമെന്നും രോഗബാധക്കെതിരെ നമ്മള്‍ ഒന്നിച്ച് പോരാടുമെന്നും സാനിയ ട്വിറ്ററില്‍ കുറിച്ചു.

കായിക താരങ്ങളും സംഘടനകളും അസോസിയേഷനുകളുമെല്ലാം കൊവിഡ് ബാധിതര്‍ക്ക് സഹായഹസ്തം നീട്ടി രംഗത്തെത്തിയിരുന്നു. ബിസിസിഐ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 50 ലക്ഷം രൂപ വീതം സഹായം നല്‍കിയപ്പോള്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കേന്ദ്ര സര്‍ക്കാരിനും മഹാരാഷ്ട്ര സര്‍ക്കാരിനും 25 ലക്ഷം രൂപ വീതം നല്‍കി.

ക്രിക്കറ്റ് താരം സുരേഷ് റെയ്ന പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 31 ലക്ഷം രൂപയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 21 ലക്ഷം രൂപയും കൈമാറിയിരുന്നു. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, ബാഡ്മിന്റണ്‍ താരം പി വി സിന്ധു, സ്പ്രിന്റര്‍ ഹിമ ദാസ്, ഗുസ്തി താരം ബജ്റംഗ് പൂനിയ, എന്നിവരും സഹായഹസ്തവുമായി രംഗത്തെത്തിയവരാണ്.