റിയാദ്: വീട്ടുജോലിക്കാരുള്‍പ്പെടെ 2,57,000 പ്രവാസികള്‍ക്ക് സൗദിയില്‍ തൊഴില്‍ നഷ്ടപ്പെട്ടു. 2020 മൂന്നാം പാദത്തിലെ മൂന്നുമാസ കാലയളവില്‍ സൗദി സ്വകാര്യ മേഖലയിലും ഗാര്‍ഹിക തൊഴില്‍ രംഗത്തുമാണ് ഇത്രയധികം വിദേശികള്‍ക്ക് ജോലി പോയത്. രാജ്യത്തെ വിദേശ തൊഴിലാളികളുടെ ജനസംഖ്യയില്‍ രണ്ടര ശതമാനമാണ് കുറഞ്ഞത്.  

ആകെയുണ്ടായിരുന്ന 10.46 ദശലക്ഷം വിദേശികളുടെ എണ്ണം ഇപ്പോള്‍ 10.2 ദശലക്ഷമായാണ് കുറഞ്ഞത്. സൗദി പൗരന്മാരിലെ തൊഴിലില്ലായ്മ നിരക്ക് 15.4 ശതമാനത്തില്‍  നിന്ന് 14.9 ശതമാനമായി കുറയുകയും ചെയ്തു. സൗദി പുരുഷന്മാര്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 0.2 ശതമാനം തോതിലും വനിതകള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 1.2 ശതമാനം തോതിലും കുറഞ്ഞു. പുരുഷന്മാര്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 7.9 ശതമാനവും വനിതകള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 30.2 ശതമാനവുമാണ്.

സൗദികളും വിദേശികളും അടക്കം രാജ്യത്ത് ആകെ 13.46 ദശലക്ഷം ജോലിക്കാരാണുള്ളത്. രണ്ടാം പാദത്തില്‍ ആകെ ജോലിക്കാര്‍ 13.63 ദശലക്ഷമായിരുന്നു. മൂന്നു  മാസത്തിനിടെ ആകെ ജോലിക്കാരുടെ എണ്ണം 1.3 ശതമാനം തോതില്‍ കുറഞ്ഞു. ആകെ ജീവനക്കാരുടെ എണ്ണത്തില്‍ 1,75,300 ഓളം പേരുടെ കുറവാണുണ്ടായത്. സൗദി ജീവനക്കാര്‍ 32.5 ലക്ഷമാണ്. ഇതില്‍ 21 ലക്ഷം പുരുഷന്മാരും 11.5 ലക്ഷം വനിതകളുമാണ്. മൂന്നാം പാദത്തില്‍ സൗദി ജീവനക്കാരുടെ എണ്ണം 2.6 ശതമാനം തോതില്‍  വര്‍ധിച്ചു. സൗദി ജീവനക്കാരുടെ എണ്ണത്തില്‍ 81,850 പേരുടെ വര്‍ധനവാണുണ്ടായത്. പുരുഷ ജീവനക്കാരുടെ എണ്ണം 2.2 ശതമാനം (44,900) തോതിലും വനിതാ  ജീവനക്കാരുടെ എണ്ണം 3.3 ശതമാനം (36,900) തോതിലും മൂന്നാം പാദത്തില്‍ വര്‍ധിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു..