റിയാദ്: മതിയായ കാരണമുണ്ടെങ്കിൽ തൊഴിലുടമയുടെ അനുമതിയില്ലാതെയും ഗാർഹിക ജോലിക്കാർക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറാമെന്ന് സൗദി തൊഴിൽ മന്ത്രാലയം അറിയിച്ചു. ഹൗസ് ഡ്രൈവര്‍ ഉൾപ്പെടെയുള്ള ഗാർഹിക ജോലിക്കാർക്ക് തൊഴിൽ മന്ത്രാലയം നിഷ്‌കർഷിക്കുന്ന മതിയായ കാരണങ്ങൾ ഉണ്ടെങ്കിൽ ഇനി തൊഴിലുടമയുടെ അനുമതിയില്ലാതെ സ്‌പോണ്‍സര്‍ഷിപ്പ് മാറാം

തൊഴിലുടമ മൂന്നുമാസം തുടർച്ചയായോ ഇടവിട്ട മാസങ്ങളിലോ വേതനം നൽകാതിരിക്കുക, ഗാർഹിക വിസയിൽ എത്തുന്നവർ വിമാനത്താവളങ്ങളിലോ അഭയകേന്ദ്രത്തിലോ എത്തിയ ശേഷം 15 ദിവസമായിട്ടും തൊഴിലുടമ സ്വീകരിക്കാതിരിക്കുക തുടങ്ങിയ സാഹചര്യത്തിൽ ഗാർഹിക തൊഴിലാളികൾക്ക് തൊഴിലുടമയുടെ അനുമതിയില്ലാതെ സ്‌പോണ്‍സര്‍ഷിപ്പ് മാറാം.

കൂടാതെ നിശ്ചിത സമയത്തിനകം തൊഴിലുടമ ഇഖാമ നൽകാതിരിക്കുക, സ്‌പോൺസർഷിപ്പ് മാറാതെ മറ്റു വീടുകളിൽ ജോലിയ്ക്കു അയയ്ക്കുക, അന്യായമായി ഒളിച്ചോടിയതായി പരാതിപ്പെടുക തുടങ്ങിയ ഘട്ടങ്ങളിലും തൊഴിലാളികൾക്ക് തൊഴിലുടമയുടെ അനുമതിയില്ലാതെ സ്‌പോണ്‍സര്‍ഷിപ്പ് മാറാമെന്നു മന്ത്രാലയം വ്യക്തമാക്കി.