റിയാദ്: സൗദിയിൽ തൊഴിലിടങ്ങളിൽ തൊഴിലാളികൾക്ക് സംരക്ഷണം നൽകുന്ന പുതിയ നിയമം പ്രാബല്യത്തിൽ വന്നു. തൊഴിലിടങ്ങളിലെ മാനസിക-ശാരീരിക പീഡനങ്ങളിൽ നിന്ന് തൊഴിലാളികൾക്ക് സംരക്ഷണം നൽകുന്നതാണ് നിയമം.

ഭീഷണിപ്പെടുത്തൽ, ബ്ലാക്ക്മെയിൽ ചെയ്യൽ, അസഭ്യം പറയൽ, അപമാനിക്കൽ, സംഘർഷമുണ്ടാക്കൽ, എതിർ ലിംഗത്തിൽപ്പെട്ടയാളുമായി ഒറ്റക്ക് കഴിയേണ്ട സാഹചര്യം കരുതിക്കൂട്ടി സൃഷ്ടിക്കൽ, വിവേചനം എന്നിവയെല്ലാം തൊഴിൽ സ്ഥലത്തെ അതിക്രമങ്ങളായി പരിഗണിക്കും. സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്ന തൊഴിലികൾക്ക് ഇത്തരം അതിക്രമങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നതിന് തൊഴിൽ മന്ത്രാലയം ഏർപ്പെടുത്തിയ പുതിയ വ്യവസ്ഥയാണ് പ്രാബല്യത്തിലായത്.

സാമ്പത്തിക നഷ്ടമുണ്ടാക്കല്‍, തൊഴിലാളികളുടെ മേല്‍ തൊഴിലിടങ്ങളില്‍ വെച്ചുള്ളത് പോലെ തന്നെ താമസ സ്ഥലങ്ങളിലും യാത്ര വേളകളിലും മറ്റും നടത്തുന്ന കയ്യേറ്റങ്ങളിലും പുതിയ നിയമം സംരക്ഷണം ഉറപ്പു നൽകുന്നു. ജീവന് ഭീഷണിയെന്ന് തോന്നുന്ന ഘട്ടങ്ങളില്‍ തൊഴിലിടങ്ങള്‍ വിട്ട് പോകാൻ തൊഴിലാളിക്കു അനുവാദം നല്‍കുന്നതുമാണ് പുതിയ നിയമം.

കയ്യേറ്റങ്ങളോ പീഢനങ്ങളോ നടന്നാൽ അഞ്ചു ദിവസത്തിനകം ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ തൊഴിലാളിക്ക് പരാതി നൽകാം. അതിക്രമങ്ങൾക്ക് സഹായിക്കുന്നവരെയും ഇത്തരം കേസുകൾ മൂടിവെയ്ക്കുന്നവരെയും കുറ്റക്കാരായിക്കണ്ട് ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് തൊഴിൽ-സാമൂഹ്യ വികസന മന്ത്രാലയം മുന്നറിയിപ്പ് നൽകി.