മസ്കറ്റ്: ഒമാനില്‍ ഞായറാഴ്ച 15 പേർക്ക് കൂടി കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ  എണ്ണം 167 ആയെന്ന് ഒമാൻ ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു. 

അതേസമയം കൊവിഡ് വ്യാപനം തടയാന്‍  ലക്ഷ്യമിട്ട് ഒമാനിലെ മൂന്ന് ഗവര്‍ണറേറ്ററുകളിലെ മത്സ്യവിപണന കേന്ദ്രങ്ങള്‍ അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒമാന്‍ കൃഷി - മത്സ്യബന്ധന മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. വടക്കന്‍ ബാത്തിന, തെക്കന്‍ ബാത്തിന, തെക്കന്‍ ശര്‍ഖിയ എന്നീ ഗവര്‍ണറേറ്ററുകളിലെ എല്ലാ മത്സ്യവിപണന കേന്ദ്രങ്ങളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടാനാണ് മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. ഈ തീരുമാനം മാര്‍ച്ച് 28 ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.

മത്സ്യബന്ധന തൊഴിലാളികളെയും, വില്‍ക്കുന്നവരെയും വാങ്ങുന്നവരെയും ഏകോപിപ്പിച്ചുകൊണ്ട് ഒരു ബദല്‍ വിപണന സംവിധാനം തയ്യാറാക്കുവാന്‍ മന്ത്രാലയം അതാതു ഗവര്‍ണറേറ്ററുകളിലെ ഡയറക്റ്റുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഉപഭോകതാക്കള്‍ക്ക് മത്സ്യങ്ങള്‍ വാണിജ്യ കേന്ദ്രങ്ങളില്‍നിന്നും , മത്സ്യവ്യാപാര സ്ഥാപനങ്ങളില്‍ നിന്നും വാങ്ങുവാന്‍ സാധിക്കും.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക