കുവൈത്തില്‍നിന്നു വിമാനം പറന്നുയര്‍ന്ന് കുറച്ച് കഴിഞ്ഞ് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.  

റിയാദ്: ഉംറ നിര്‍വഹിച്ച ശേഷം നാട്ടിലേക്കുള്ള മടക്കയാത്രക്കിടെ മലയാളി ഒമാനില്‍ വെച്ച് മരിച്ചു. കൊല്ലം പുനലൂര്‍ കരവാളൂര്‍ വെഞ്ചേമ്പ് സ്വദേശി ഷാജി മന്‍സിലില്‍ ഷാഹുല്‍ ഹമീദ് (65) ആണ് മരിച്ചത്.

ഉംറക്ക് ശേഷം മക്കയില്‍നിന്ന് മദീനയിലെത്തിയ അദ്ദേഹം അവിടം സന്ദര്‍ശനം പൂര്‍ത്തിയാക്കി കുവൈത്തിലേക്കും അവിടെ നിന്ന് തിരുവനന്തപുരത്തേക്കുമുള്ള ജസീറ എയര്‍ലൈന്‍സ് വിമാനത്തിലായിരുന്നു യാത്ര. കുവൈത്തില്‍ നിന്നു വിമാനം പറന്നുയര്‍ന്ന് കുറച്ച് കഴിഞ്ഞ് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ വിമാനം മസ്‌കത്തില്‍ ഇറക്കി ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Read More - യുഎഇയില്‍ വാഹനാപകടത്തിൽ മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു

സൗദിയിൽ നിന്ന് അവധിക്കായി നാട്ടിലേക്ക് തിരിച്ച മറ്റൊരു മലയാളി മുംബൈയിൽ മരണപ്പെട്ടിരുന്നു. ആലപ്പുഴ കായംകുളം സ്വദേശി ഐക്യ ജംഗ്ഷന് തെക്ക് ചൗക്കയിൽ താമസിക്കുന്ന ഇസ്മയിൽ കുട്ടി (58) ആണ് മരിച്ചത്. ശനിയാഴ്ച ജിദ്ദയിൽ നിന്നും മുംബൈയിലേക്കും അവിടെ നിന്ന് കൊച്ചിയിലേക്കുമുള്ള ഇൻഡിഗോ കണക്ഷൻ വിമാനങ്ങളിൽ യാത്ര ചെയ്യാനായിരുന്നു ഇദ്ദേഹം ടിക്കറ്റ് എടുത്തിരുന്നത്.

എന്നാൽ മുംബൈ വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്യുന്നതിന് മുമ്പ് ഇദ്ദേഹത്തിന് വിമാനത്തിനകത്ത് വെച്ച് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. വിമാന ലാൻഡിങ്ങിന് ശേഷം ഉടൻ ഇദ്ദേഹത്തെ മുംബൈയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഭാര്യ: നസീമ, മക്കൾ: മുഹ്സിന, മുസാഫിർ, മരുമകൻ: ഷിഹാസ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നതായി ബന്ധുക്കൾ അറിയിച്ചു.

Read More - സൈക്കിളില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടം; കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു

യുകെയില്‍ മലയാളി നഴ്‌സ് മരിച്ചു

ഷ്രൂസ്‌ബെറി: ജോലിക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് യുകെയില്‍ മലയാളി നഴ്‌സ് മരിച്ചു. മൂവാറ്റുപുഴ തൃക്കളത്തൂര്‍ പുന്നൊപ്പടി കരിയന്‍ചേരില്‍ ഷാജി മാത്യൂ (46) ആണ് മരിച്ചത്. വെള്ളിയാഴ്ച അടുത്തുള്ള നഴ്‌സിങ് ഹോമില്‍ ജോലിക്കെത്തിയതായിരുന്നു. രാത്രി പന്ത്രണ്ടരയോടെ ജോലിക്കിടയില്‍ ഇടവേളയില്‍ റെസ്റ്റ് റൂമില്‍ ഇരിക്കുമ്പോഴാണ് അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നഴ്‌സ് ഉള്‍പ്പെടെയുള്ളവര്‍ സിപിആര്‍ കൊടുക്കുകയും ആംബുലന്‍സ് സംഘം എത്തുകയും ചെയ്തു. എന്നാല്‍ സമീപത്തുള്ള ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് മരണം സംഭവിച്ചു.