കുവൈത്ത് സിറ്റി: കുവൈത്തിൽ സർക്കാർ സർവീസിൽ നിന്ന് പിരിച്ചുവിടേണ്ട വിദേശ ജീവനക്കാരുടെ പട്ടിക ഡിസംബറിനുള്ളില്‍ സമർപ്പിക്കാൻ സിവിൽ സർവീസ് കമ്മിഷൻ നിർദേശം നൽകി.വിദ്യാഭ്യാസ, ആരോഗ്യ മന്ത്രാലയങ്ങൾക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. സ്വദേശിവത്ക്കരണത്തിന്റെ ഭാഗമായാണ് നടപടി.

സ്വദേശിവത്ക്കരണത്തിന്റെ ഭാഗമായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പരമാവധി വിദേശികളെ സർക്കാർ മേഖലയിൽ നിന്ന് ഒഴിവാക്കണമെന്ന് സിവിൽ സർവീസ് കമ്മീഷൻ നിർദേശം നൽകിയിരുന്നു. എന്നാൽ ആരോഗ്യ, വിദ്യാഭ്യാസ മന്ത്രാലയങ്ങൾ ഇതിൽ തടസവാദം ഉന്നയിച്ചിരുന്നു. ആവശ്യത്തിന് സ്വദേശികളെ  ലഭിക്കില്ലെന്ന് വ്യക്തമാക്കിയാണ് തടസം ഉന്നയിച്ചത്. എന്നാൽ വിദേശികളെ  ഒഴിവാക്കൽ നടപടി അടുത്ത സാമ്പത്തിക വർഷാരംഭത്തോടെ പൂർത്തിയാക്കണമെന്നാണ് കമ്മീഷന്റെ പുതിയ നിർദേശം. 

വിദ്യാഭ്യാസ മന്ത്രാലയത്തിൽ 450 വിദേശികൾക്കും ആരോഗ്യമന്ത്രാലയത്തിൽ 300 വിദേശികൾക്കും ജോലി നഷ്ടമാകുമെന്നാണു സൂചന. വിദ്യാഭ്യാസ മന്ത്രാലയത്തിൽ ഇംഗ്ലീഷ്, കംപ്യൂട്ടർ, ലിറ്ററേച്ചർ അധ്യാപകർ, ഓഫീസ് സ്റ്റാഫ് എന്നിവർക്കാണ് ജോലി നഷ്ടമാവുക. പ്രായം അടിസ്ഥാനപ്പെടുത്തിയാകും പട്ടിക തയാ‍റാക്കുക. .ആരോഗ്യ മന്ത്രാലയത്തിലെ ഓഫീസ് സ്റ്റാഫ്, പ്രായക്കൂടുതലുള്ള ഡോക്ടർമാർ, നഴ്സുമാർ എന്നിവർ പട്ടികയിൽ സ്ഥാനം പിടിക്കും. ആരോഗ്യ മന്ത്രാലയത്തിൽനിന്നു പിരിച്ചുവിടുന്നവർക്ക് ഈ വർഷം അവസാനത്തോടെ നോട്ടിസ് നൽകാനാണ് നീക്കം. അധ്യാപകർക്ക് അധ്യയനവർഷം അവസാനത്തോടെയാകും നോട്ടീസ് നൽകുക.