മസ്‍കത്ത്: 25-ാമത് മസ്‍കത്ത് അന്താരാഷ്ട്ര പുസ്തകമേള മാറ്റിവെച്ചു. നേരത്തെ നിശ്ചയിച്ച തീയതിക്ക് പകരം ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് രണ്ട് വരെ മേള നടത്താനാണ് പുസ്‍തകമേള മെയിന്‍ കമ്മിറ്റിയുടെ തീരുമാനം. കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ഒമാന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ വ്യാഴാഴ്ച ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം.

സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്‍ദിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒമാനില്‍ ഇപ്പോള്‍ 40 ദിവസത്തെ ദുഃഖാചരണം പുരോഗമിക്കുകയാണ്. ഈ വര്‍ഷത്തെ മസ്‍കത്ത് ഫെസ്റ്റിവല്‍ നേരത്തെ മുനിസിപ്പാലിറ്റി റദ്ദാക്കിയിരുന്നു. ദുഃഖാചരണ സമയത്ത് വിനോദ പരിപാടികള്‍ സംഘടിപ്പിക്കരുതെന്ന് രാജ്യത്തെ ഹോട്ടലുകള്‍ക്ക് ഒമാന്‍ ടൂറിസം മന്ത്രാലയം കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു.