തിരുവനന്തപുരം: കൊവിഡിനെ തുടർന്ന് വിദേശത്തു നിന്ന് മടങ്ങിയെത്തിയ പ്രവാസികൾക്ക് സംരംഭങ്ങൾ തുടങ്ങാൻ സഹായം നൽകുന്ന നോർക്ക പദ്ധതിയിൽ കഴിഞ്ഞ ആറ് മാസത്തിനിടെ രജിസ്റ്റർ ചെയ്തത് 4897 പേർ. 

കഴിഞ്ഞ വർഷം ആകെ 1043 പേർ രജിസ്റ്റർ ചെയ്ത സ്ഥാനത്താണ് ഈ വർഷം നാലായിരത്തിലേറെ പേർ രജിസ്റ്റർ ചെയ്തത്. റസ്‌റ്റോറന്റ്, ബേക്കറി, വർക്ക്‌ഷോപ്പ്, ഓയിൽ മിൽ, കറിപൗഡർ നിർമാണം, തുടങ്ങിയ സംരംഭങ്ങൾക്കായാണ് കൂടുതൽ പേർ രജിസ്റ്റർ ചെയ്തത്. 

എംഡിപ്രേം എന്ന് പേരിട്ട പദ്ധതിയുടെ ഭാഗമായി 30 ലക്ഷം രൂപ വരെയാണ് വായ്പ ലഭിക്കുക. അത് 50 ലക്ഷമായി കൂട്ടും. സബ്‌സിഡി 15 ശതമാനത്തിൽ നിന്ന് 20 ശതമാനമാക്കും.   

കേരളത്തിലെ 18 ധനകാര്യ സ്ഥാപനങ്ങളാണ് പദ്ധതിയുമായി സഹകരിക്കുന്നത്. ഈ വർഷം 5000 പ്രവാസികൾക്ക് സംരംഭങ്ങൾ തുടങ്ങാൻ സഹായം നൽകാനാണ് നോർക്ക ലക്ഷ്യമിടുന്നത്.