Asianet News MalayalamAsianet News Malayalam

പ്രതിപക്ഷത്തിന്‍റെ എതിർപ്പിനിടെ ലോകകേരളസഭയെ അഭിനന്ദിച്ച് രാഹുൽ, നന്ദിയെന്ന് മുഖ്യമന്ത്രി

ലോകകേരളസഭ വെറും ധൂർത്തും കാപട്യവുമാണെന്ന് ആരോപിച്ച് പ്രതിപക്ഷം ചടങ്ങിൽ നിന്ന് വിട്ടു നിൽക്കുമ്പോഴാണ് രാഹുൽ ഗാന്ധി എംപി ഇതിനെ അഭിനന്ദിച്ച് രംഗത്തുവരുന്നത്.

rahul gandhi congratulates loka kerala sabha amid oppositions dissent
Author
Thiruvananthapuram, First Published Jan 2, 2020, 8:41 AM IST

ദില്ലി/തിരുവനന്തപുരം: പ്രവാസി കേരളീയരെ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ലോകകേരള സഭയെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി എംപി. രാജ്യനിർമാണത്തിൽ നിസ്തുലമായ പങ്കുവഹിച്ച പ്രവാസി കേരളീയരെ ഒന്നിച്ചുകൊണ്ടുവരുന്ന ലോകകേരള സഭ മികച്ച വേദിയായി മാറുകയാണെന്ന് അഭിനന്ദന സന്ദേശത്തിൽ രാഹുൽ ഗാന്ധി പറയുന്നു. സന്ദേശം മുഖ്യമന്ത്രി പിണറായി വിജയനാണ് ട്വീറ്റിലൂടെ പുറത്തുവിട്ടത്. ലോകകേരളസഭ ധൂർത്തെന്ന് ആരോപിച്ച് പ്രതിപക്ഷം പരിപാടി ബഹിഷ്കരിച്ചതിനിടെയാണ് രാഹുൽ ഗാന്ധി പരിപാടിയെ അഭിനന്ദിച്ച് സന്ദേശമയക്കുന്നത് എന്നതാണ് ശ്രദ്ധേയം.

ഇതിനിടെ, ലോകകേരളസഭ സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സഹമന്ത്രിയായ വി മുരളീധരൻ രംഗത്തെത്തി. ഇന്നത്തെ പ്രതിനിധി സമ്മേളനത്തിൽ മുഖ്യാതിഥി ആയിരുന്നു വി മുരളീധരൻ. എന്താണ് വിട്ടുനിൽക്കാൻ കാരണമെന്ന് വ്യക്തമാക്കിയിട്ടില്ല.

പ്രതിപക്ഷത്തിന് തിരിച്ചടിയോ?

പരിപാടിയ്ക്ക് അഭിനന്ദനവുമായി രാഹുൽ ഗാന്ധി അയച്ച സന്ദേശം ഇങ്ങനെ:

''സംസ്ഥാനത്തിന്‍റെ പതാകവാഹകരായി എന്നും മാറിയ പ്രവാസി കേരളീയർക്ക് എന്‍റെ അഭിനന്ദനങ്ങൾ. പ്രവാസികളായ കേരളീയരെ ഒരുമിച്ച് ഒരു വേദിയിൽ കൊണ്ടുവരാനും അവരുടെ സംഭാവനകൾക്ക് വേണ്ട അംഗീകാരം നൽകാനും കഴിയുന്ന മികച്ച വേദിയാണ് ലോകകേരളസഭ.

ഇന്ത്യയുടേത് മാത്രമല്ല, ലോകത്തെ പല രാജ്യങ്ങളിലും ദേശനിർമാണത്തിന് നിസ്തുലമായ പങ്ക് വഹിച്ചവരാണ് മലയാളികൾ. ആത്മസമർപ്പണം കൊണ്ടും ലക്ഷ്യബോധം കൊണ്ടും ഏറെ പ്രശംസ കേട്ടവർ. തലമുറകളായി അവർ പല മേഖലകളിലും കഴിവ് തെളിയിക്കുന്നു, നാട്ടിലെ ലക്ഷോപലക്ഷം ജനങ്ങൾക്കും അതിന്‍റെ ഗുണം കിട്ടുകയും ചെയ്യുന്നു. കോസ്മോപൊളിറ്റൻ ആയി എന്നും വാഴ്ത്തപ്പെട്ട മലയാളി, പക്ഷേ നാടിനെ മറന്നവരല്ല. അവരെന്നും, സ്വന്തം നാടിന്‍റെ സംസ്കാരത്തിൽ വേരുകളുള്ളവരാണ്. പ്രവാസി മലയാളികളുടെ പല സംരംഭങ്ങളും സ്വന്തം നാടിന് വേണ്ടിയുള്ള അവരുടെ സമർപ്പണമാണ്.

സ്വന്തം നാടിന്‍റെ സമ്പന്നമായ സംസ്കാരത്തിന്‍റെയും പാരമ്പര്യത്തിന്‍റെയും പതാകവാഹകരായ ഈ പ്രവാസികേരളീയ സമൂഹത്തിന് ഇതേ നേട്ടം ഇനിയും ആവർത്തിക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു.

രാഹുൽ ഗാന്ധി,
12 ഡിസംബർ 2019

ജനുവരി ഒന്ന് മുതൽ മൂന്ന് വരെ പ്രവാസികേരളീയരെ അണിനിരത്തിയുള്ള ലോകകേരള സഭയുടെ സമ്മേളനം തിരുവനന്തപുരത്ത് തുടരുകയാണ്. കഴിഞ്ഞ വർഷം ലോകകേരള സഭയുമായി പ്രതിപക്ഷം സഹകരിച്ചിരുന്നു. പിന്നീട് ആന്തൂരിലെ പ്രവാസിസംരംഭകനായ സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ലോകകേരളസഭയുടെ ഉപാധ്യക്ഷ സ്ഥാനം രാജി വച്ചു. പ്രതിപക്ഷത്തെ അനുനയിപ്പിക്കാൻ സർക്കാർ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. പ്രവാസികൾക്ക് ഒരു ഗുണവുമില്ലാത്ത ധൂർത്തും കാപട്യവുമാണ് ലോകകേരള സഭയെന്നാണ് ചെന്നിത്തലയും പ്രതിപക്ഷവും ആരോപിച്ചത്.

എന്നാൽ ലോകകേരള സഭയെ സ്ഥിരം സംവിധാനമാക്കാനുള്ള നീക്കങ്ങളിലാണ് സംസ്ഥാനസർക്കാർ. ലോകകേരസഭക്ക് നിയമ പരിരക്ഷ ഉറപ്പാക്കാനായി നിയമ നിര്‍മ്മാണം നടത്തുമെന്ന് ഇന്നലെ ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. പ്രവാസികളുടെ ആശയങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള വേദി യാഥാര്‍ത്ഥ്യമായെന്നും അദ്ദേഹം വ്യക്തമാക്കി.

ഒന്നാം സമ്മേളനത്തിലെ ലക്ഷ്യങ്ങള്‍ നേടുന്നതില്‍ ഒരളവു വരെ മുന്നേറാനായെന്ന് മുഖമന്ത്രി പിണറായി വിജയന്‍ അവകാശപ്പെട്ടു. ലോക കേരള സഭ സ്ഥിരം വേദിയാക്കും. നിലവിലെ ഉത്തരവിനു പകരം ലോകകേരള സഭാ നിയമം കൊണ്ടുവരും. അവിടെ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍ നിയമസഭയില്‍ കൊണ്ടുവരും. അതേപടിയോ ഭേദഗതികളോടെയോ നിയമം പാസ്സാക്കമെന്നും അദ്ദേഹം പറഞ്ഞു. 

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് ലോകകേരള സഭയുടെ രണ്ടാം സമ്മേളനം ഉദ്ഘാടനം ചെയ്തത്. പൗരത്വഭേദഗതി വിവാദത്തിനു ശേഷം ഇതാദ്യമായി മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ട ഗവര്‍ണര്‍ വിവാദ വിഷയങ്ങള്‍ പരാമർശിക്കാതെയാണ് ഉദ്ഘാടനപ്രസംഗം നടത്തിയതും. 

Follow Us:
Download App:
  • android
  • ios