റിയാദ്​: സൗദി അറേബ്യയിൽ വിദേശ തൊഴിലാളികൾക്ക്​ ലെവിയിൽ ഇളവ്​. വലിയ വ്യവസായ സ്ഥാപനങ്ങള്‍ക്ക് പിന്നാലെ ചെറുകിട​ മേഖലയിലാണ്​ തൊഴിൽ സാമൂഹിക വികസന മന്ത്രാലയം ലെവി ഇളവ് പ്രഖ്യാപിച്ചത്​. അടുത്ത വർഷം ജനുവരി ഒന്ന് മുതല്‍ ചെറുകിട സ്ഥാപനങ്ങൾക്ക്​ ലെവിയില്‍ ഇളവ് അനുവദിക്കും. അഞ്ചില്‍ കവിയാത്ത ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങള്‍ക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്.

ഒമ്പതോ അതില്‍ കുറവോ ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങളിലെ നാല് തൊഴിലാളികള്‍ക്കും ഇളവ് ലഭിക്കും. എന്നാല്‍ ഇതിന് സ്ഥാപന ഉടമയായ സ്വദേശി മുഴുസമയ ജീവനക്കാരനായി ഇതേ സ്ഥാപനത്തില്‍ ജോലി ചെയ്തിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ക്ക് ലെവിയില്‍ നേരത്തെ ഇളവ് അനുവദിച്ചിരുന്നുവെങ്കിലും അഞ്ച് വര്‍ഷത്തിന്​ ശേഷം ഇത് അവസാനിപ്പിച്ചിരുന്നു. താല്‍ക്കാലിക കരാര്‍ അടിസ്ഥാനത്തില്‍ ഗാര്‍ഹിക തൊഴിലാളികളെ കൈമാറ്റം ചെയ്യുന്ന റിക്രൂട്ട്‌മെൻറ്​ സ്ഥാപനങ്ങളിലെ ജീവനക്കാരെയും ലെവിയില്‍ നിന്ന് ഒഴിവാക്കും.

കൂടാതെ ഗള്‍ഫ് പൗരന്മാര്‍, സ്വദേശികളുടെ വിദേശികളായ ഭാര്യമാര്‍, ഭര്‍ത്താക്കന്മാര്‍, വിദേശികളായ ഭര്‍ത്താക്കന്മാരില്‍ സൗദി വനിതകള്‍ക്ക് പിറന്ന മക്കള്‍ എന്നിവര്‍ക്കും ലെവിയില്‍ ഇളവ് ലഭിക്കും. പുതിയ ഇളവ്​ ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.