റിയാദ്: കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായ യാത്രാവിലക്ക് മൂലം തിരിച്ചുപോകാൻ കഴിയാത്ത സന്ദർശക വിസക്കാരുടെ കാലാവധി നീട്ടിൽ നൽകാനുള്ള നടപടി സൗദി പാസ്പോർട്ട് ഡയറക്ടറേറ്റ് (ജവാസാത്ത്) ആരംഭിച്ചു. വിസകൾ പുതുക്കി നൽകി തുടങ്ങി. രാജ്യത്ത് നിലവിൽ സന്ദർശക വിസയിലുള്ള, വിമാനയാത്ര മുടങ്ങിയവർക്കാണ് ഈ ആനുകൂല്യം. തിരിച്ചുപോകാൻ കഴിയാത്തവരുടെ വിസ കാലാവധി നീട്ടി നൽകാൻ നടപടി സ്വീകരിക്കുമെന്ന് ജവാസാത്ത് നേരത്തെ അറിയിച്ചു.

ആ തീരുമാനമാണ് ഇപ്പോൾ നടപ്പായത്. ഫാമിലി വിസിറ്റ്, തൊഴിൽ വിസിറ്റ്, ചികിത്സ വിസിറ്റ് തുടങ്ങി എല്ലാ ഇനം വിസിറ്റ് വിസകളും പുതുക്കി നൽകും. ആഭ്യന്തര മന്ത്രാലയത്തിന്‍റെ അബ്ഷിർ, ബിസിനസ് അബ്ഷിർ, മുഖീം തുടങ്ങിയ വെബ് പോർട്ടലുകളിൽ ഈ സേവനം ലഭ്യമാണ്. ഏതെങ്കിലും സാഹചര്യത്തിൽ ഓൺലൈൻ വഴി പുതുക്കാനാവുന്നില്ലെങ്കിൽ ജവാസാത്തിന്‍റെ ഓഫീസിൽ നിന്ന് നേരിട്ട് ഈ സേവനം ലഭ്യമാവും.

വിസ കാലാവധി തീരാറായവരും സൗദിയിൽ വന്ന് 180 ദിവസം പിന്നിട്ടവരും പുതുക്കൽ നടപടി ഓൺലൈൻ വഴി ഉടൻ പൂർത്തീകരിക്കണമെന്നും ജവാസാത്ത് അറിയിച്ചു. പുതുക്കുന്നതിനുള്ള ഫീസ് ഓൺലൈൻ വഴി നൽകാം.

ജവാസാത്ത് വഴി നേരിട്ട് പുതുക്കുന്നവരും ഓൺലൈൻ വഴി ഫീസ് അടച്ച ശേഷം തൊട്ടടുത്ത ഓഫീസിനെ സമീപിക്കുകയാണ് വേണ്ടത്. നാഷനൽ ഡാറ്റ സെന്‍ററിന്‍റെ സഹകരണത്തോടെയാണ് കൊവിഡിന്‍റെ പ്രത്യേക സാഹചര്യം പരിഗണിച്ച് പുതുക്കൽ നടപടി സ്വീകരിച്ചതെന്നും ജവാസാത്ത് വൃത്തങ്ങൾ വ്യക്തമാക്കി.