റിയാദ്: ചികിത്സാ ചിലവിന്റെ പേരിൽ മൃതദേഹങ്ങൾ പിടിച്ചുവെയ്ക്കാൻ പാടില്ലെന്ന് സൗദി മനുഷ്യാവകാശ കമ്മീഷൻ. നവജാത ശിശുക്കളെയും ഇത്തരത്തിൽ പിടിച്ചു വയ്ക്കാൻ ആശുപത്രികള്‍ക്ക് കഴിയില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി.

സ്വകാര്യ ആശുപത്രികളും ക്ലിനിക്കുകളും അടക്കമുള്ള ആരോഗ്യ സ്ഥാപനങ്ങളിൽ രോഗികൾക്ക് പതിനൊന്ന് അവകാശങ്ങൾ രാജ്യത്തെ നിയമ വ്യവസ്ഥ ഉറപ്പു നൽകുന്നതായി മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കി. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ചികിത്സാ ചിലവിന്റെ പേരിൽ നവജാത ശിശുക്കളെയും മൃതദേഹങ്ങളും പിടിച്ചു വെയ്ക്കാൻ പാടില്ലെന്നുള്ളത്. ചികിത്സ ആരംഭിക്കുന്നതിനു മുൻപുതന്നെ ചികിത്സാ ചിലവ് അറിയുന്നതിനും അറബിയിലുള്ള കൃത്യമായ ബില്ലുകൾ ലഭിക്കുന്നതിനും രോഗിക്ക് അവകാശമുണ്ട്.

പ്രത്യേക ആശുപത്രികളിലോ ഫർമാസികളിലോ പോകുന്നതിന് രോഗികളെ നിർബന്ധിക്കാനും പാടില്ല. ആദ്യ തവണ ഡോക്ടറെ കണ്ട ശേഷം 14 ദിവസത്തിനകം വീണ്ടും ഡോക്ടറെ കാണുന്നതിന് ഫീസ് ഈടാക്കാൻ പാടില്ല. ചികിത്സാ ഫീസുകൾ വഹിക്കുന്നതിനുള്ള സാമ്പത്തിക ശേഷിയുണ്ടെന്ന കാര്യം നോക്കാതെ അടിയന്തിര ചികിത്സകൾ കാലതാമസം കൂടാതെ ലഭിക്കാനും രോഗികൾക്ക് അവകാശമുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കി.