റിയാദ്: വിഷു ആഘോഷിച്ച് സൗദിയിലെ പ്രവാസി മലയാളികളും. പ്രവൃത്തി ദിനമായിരുന്നെങ്കിലും ആഘോഷങ്ങൾക്കും ചടങ്ങുകൾക്കും പ്രവാസി മലയാളികൾ അവധി നൽകിയില്ല.പ്രവൃത്തി ദിനമായതിനാൽ ഭൂരിപക്ഷം മലയാളി കുടുംബങ്ങളും ആഘോഷം വിഷുക്കണിയിൽ മാത്രം ഒതുക്കി. ചിലർ ചില്ലറ സദ്യവട്ടവും ഒരുക്കിയിരുന്നു.

ചിലർ ആഘോഷം അടുത്ത വാരാന്ത്യത്തിലേക്കു മാറ്റി. എന്നാൽ ഭൂരിപക്ഷം പേരും പതിവ് പോലെ സുഹൃത്തുക്കളോടൊപ്പം ഈ വർഷവും വിഷു ആഘോഷിച്ചത് ഹോട്ടലുകളിൽ നിന്ന് വിഷു സദ്യ ഉണ്ടാണ്. മിക്ക ഹോട്ടലുകളിലും അടപ്രഥമൻ ഉൾപ്പെടെ വിഭവ സമൃദ്ധമായ സദ്യയാണ് ഒരുക്കിയിരുന്നത്. വിഷു സദ്യയുടെ മാധുര്യം നുകരാൻ മലയാളി സുഹൃത്തുക്കളോടൊപ്പം സ്വദേശികളും ഹോട്ടലുകളിൽ എത്തി.