റിയാദ്: സൗദിയിൽ പഞ്ചസാര ഉൾപ്പെടെയുള്ള മധുര പദാർത്ഥങ്ങൾ ചേർത്തുണ്ടാക്കുന്ന പാനീയങ്ങൾക്കു അധിക നികുതി വരുന്നു. നിയമം ഡിസംബർ മുതൽ പ്രാബല്യത്തിൽ വരും. പഞ്ചസാരയും മധുരം നൽകുന്ന മറ്റു പദാർത്ഥങ്ങളും ചേർക്കുന്ന പാനീയങ്ങൾക്കു മാത്രമാണ് 50 ശതമാനം അധിക നികുതി ബാധകമാക്കുക.

പാനീയങ്ങൾക്കു മാത്രമല്ല, പാനീയങ്ങളാക്കി മാറ്റുന്നതിന് ഉപയോഗിക്കുന്ന പൗഡറുകൾ, ലായനികൾ മറ്റു ഉൽപ്പന്നങ്ങൾ എന്നിവയ്‌ക്കെല്ലാം നികുതി ബാധകമായിരിക്കും.എന്നാൽ നൂറു ശതമാനവും പഴങ്ങൾ ഉപയോഗിച്ച് തയ്യാറാക്കുന്ന പാനീയങ്ങൾക്കു അധിക നികുതി ബാധകമല്ലെന്ന് സകാത്തു - നികുതി അതോറിറ്റി വ്യക്തമാക്കി.

പാൽ, പാൽ ഉൽപ്പന്നങ്ങൾ, ബേബി ഫുഡ്, പോഷകാഹാരം, മെഡിക്കൽ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന പാനീയങ്ങൾ, ഭക്ഷണങ്ങൾ എന്നിവയ്ക്കും അധിക നികുതി ബാധകമായിരിക്കില്ല. സെലക്ടിവ് ടാക്‌സ് നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുകയോ ആറു മാസത്തേക്ക് ലൈസൻസ് മരവിപ്പിക്കുകയോ ചെയ്യുന്നതിന് സകാത്ത് - നികുതി അതോറിറ്റി അംഗീകരിച്ച നിയമാവലി അനുശാസിക്കുന്നു.  

2017 മുതലാണ് സൗദിയിൽ സെലക്ടിവ് ടാക്‌സ് നിലവിൽ വന്നത്. ചില്ലറ വിൽപ്പന വിലയുടെ അടിസ്ഥാനത്തിലാണ് ഹാനികരമായ ഉല്പന്നങ്ങൾക്കുള്ള അധിക നികുതി കണക്കാക്കുന്നത്.